പെരിയപാണ്ഡ്യന്റെ ദാരുണാന്ത്യം, കാര്‍ത്തിയുടെ ‘തീരന്‍’ പറഞ്ഞ കഥ

s-periapandian
SHARE

കവര്‍ച്ച സംഘത്തെ തേടി രാജസ്ഥാനിലേക്ക് പോയ അന്വേഷണ സംഘത്തിലെ പൊലീസുദ്യോഗസ്ഥന്‍ വെടിയേറ്റുമരിച്ചത് ഞെട്ടലോടെയാണ് തമിഴ്നാട് കേട്ടത്. കാരണം, സാമ്യമുള്ള അന്വേഷണ കഥ പറയുന്ന കാര്‍ത്തി ചിത്രമായ തീരന്‍ തിയറ്ററുകളിലെത്തിയിട്ട്  ദിവസങ്ങളേ ആയുള്ളൂ. 2005ല്‍ നടന്ന യഥാര്‍ഥ സംഭവമാണ് തീരന്‍റെ കഥ. തമിഴ്നാട്ടില്‍ നിന്നും കുറ്റവാളികളെ തേടി രാജ്യം മുഴുവന്‍ അന്വേഷിച്ചുപോകുന്ന സംഘത്തിന്‍റെ വെല്ലുവിളി നിറഞ്ഞ ജീവിതമാണ് ചിത്രത്തില്‍ വരച്ചുകാട്ടിയത്. 

അത്തരത്തിലൊരു കുറ്റാന്വേഷണ യാത്രയ്ക്കിടയില്‍ കവര്‍ച്ചക്കാരില്‍ നിന്നും വെടിയേറ്റ് മരിക്കുകയായിരുന്നു പെരിയപാണ്ഡ്യൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍. സംഘത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന് വെടിവെപ്പില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പെരിയപാണ്ഡ്യന്റെ  കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മക്കളുടെ പഠന ചെലവും സര്‍ക്കാര്‍ വഹിക്കും.

അന്വേഷണ രീതികള്‍ മാറ്റിമറിച്ച ഓപ്പറേഷന്‍ ‘ബാവരിയ’

2005 ജനുവരി ഒമ്പതിന് ഗുമ്മിഡിപൂണ്ടി എം.എല്‍.എ കെ.സുദര്‍ശനത്തിന്‍റെ തിരുവള്ളൂരിലെ തനകുളത്തെ വീട് കൊള്ളയടിച്ചു. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം സുദര്‍ശനത്തെ കൊല്ലുകയും സ്വര്‍ണവും വെള്ളിയും പണവും കൊള്ളയടിക്കുകയും ചെയ്തു. അന്ന് തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. മുഖ്യമന്ത്രിയായിരുന്ന ജയലളിത കേസന്വേഷിക്കാന്‍ എസ്.ആര്‍.ജങ്കിത് ഐ.പി.എസിന്‍റെ നേതൃത്വത്തില്‍ സഘത്തെ നിയോഗിച്ചു. സംഭവ സ്ഥലത്തുനിന്നും കിട്ടിയ ഷൂ വച്ചാണ് കവര്‍ച്ച സംഘം ഉത്തരേന്ത്യക്കാരാണെന്ന നിഗമനത്തിലെത്തുന്നത്. പിന്നീടുള്ള അന്വേഷണത്തിലാണ് നാഷണല്‍ ഹൈവെയുടെ സമീപങ്ങളിലുള്ള വീടുകളിള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടത്. 2005ന് മുമ്പുള്ള പത്തു വര്‍ഷങ്ങളില്‍ സമാനമായ ഇരുപത്തിനാല് സംഭവങ്ങള്‍ നടന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസന്വേഷണവുമായി തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെ അന്വേഷണ സംഘം യാത്ര ചെയ്തു. 

പഞ്ചാബില്‍ നിന്നും അന്വേഷണ സംഘം ഇവരെ പിടികൂടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശില്‍ നിന്ന് കവര്‍ച്ച സംഘത്തിലെ പ്രധാനിയെ 2006 മാര്‍ച്ച് ഒന്നിന് പിടികൂടി. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചിലില്‍ വെടിവെപ്പുണ്ടാവുകയും രണ്ട് പേരെ അന്വേഷണ സംഘം  കൊല്ലുകയും ചെയ്തിരുന്നു. വിജയകരമായ ഓപ്പറേഷന്‍ ബവേരിയക്ക് നേതൃത്വം നല്‍കിയ എസ്.ആര്‍.ജങ്കിത് ഐ.പി.എസിന് രാഷ്ട്രപതി സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. തമിഴ്നാട് പൊലീസിന് ലഭിച്ച പൊന്‍തൂവല്‍ കൂടിയായിരുന്നു അത്. നാഷണല്‍ ഹൈവേകള്‍ക്ക് സമീപമുള്ള വലിയ വീടുകള്‍ കൊള്ളയടിക്കുന്ന സംഘമായിരുന്നു ബാവരിയ. ഇവരെ ഇല്ലാതാക്കുകയായിരുന്നു ഓപ്പറേഷന്‍ ബാവരിയയുടെ ലക്ഷ്യം. അത് വിജയിക്കുകയും ചെയ്തു. ഈ കഥ യാണ് തീരന്‍ എന്ന സിനിമ പറഞ്ഞത്. 

പെരിയപാണ്ഡ്യന്റെ കഥ

തീരനില്‍ വില്ലന്‍മാരെ കീഴ്പ്പെടുത്തുകയായിരുന്നെങ്കില്‍ ഇവിടെ നായകന് കാലിടറി. കഴിഞ്ഞ നവംബറില്‍ പതിനാറിനാണ് കൊളത്തൂരില്‍ ജ്വല്ലറി കുത്തിതുറന്ന് മൂന്നര കിലോ സ്വര്‍ണവും പണവും കൊള്ളയടിക്കുന്നത്. രാജസ്ഥാന്‍ സ്വദേശികളായിരുന്നു സംഭവത്തിന് പിന്നില്‍. പ്രതികളെ തേടി പ്രത്യേക സംഘം രാജസ്ഥാനിലേക്ക് പോവുകയായിരുന്നു. കവര്‍ച്ച സംഘത്തെ പിടികൂടാനുള്ള അവസാന ശ്രമമാണ് വെടിവെപ്പിലേക്കും പെരിയപാണ്ഡ്യന്റെ രക്തസാക്ഷിത്വത്തിലേക്കും നയിച്ചത്. മധുരവയല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായ പെരിയപാണ്ഡ്യൻ ക്രിമിനല്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രഗല്‍ഭനായിരുന്നു. 

MORE IN SPOTLIGHT
SHOW MORE