എല്ലാ പുഴകളുടെയും പരിചയക്കാരി

HIGHLIGHTS
  • ആഴത്തിലുള്ള അറിവും അടക്കാനാകാത്ത പരിസ്ഥിതി സ്നേഹവുമായിരുന്നു ലതയുടെ കരുത്ത്
  • ലതയുടെ നേതൃത്വത്തില്‍ നടന്ന അതിരപ്പള്ളി സമരവും ഗവേഷണവും ലോകത്തിന് മാതൃക
Latha_Final
SHARE

കാല്‍നൂറ്റാണ്ടായി ലതയെ എനിക്കറിയാം. വളരെ അടുത്ത പരിചയം. ലതയുടെ പഠനങ്ങളും പ്രവര്‍‌ത്തനങ്ങളും അരികെ നിന്ന് വിസ്മയത്തോടെ കണ്ടിട്ടുണ്ട് ഞാന്‍. നമുക്കിടയില്‍ പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്ന ധാരാളം പേരുണ്ട്. അവരെപ്പോലെയൊന്നും ആയിരുന്നില്ല ലത. ഗവേഷകയെന്ന നിലയിലും ആക്ടിവിസ്റ്റ് എന്ന നിലയിലും അടിസ്ഥാനപരമായ ജ്ഞാനമാണ് ലതയെ എപ്പോഴും വേറിട്ടുനിര്‍ത്തിയത്. 

കേവലമുള്ള അറിവിനപ്പുറമായിരുന്നു അത്. പ്രകൃതിയും കാടും മലകളും പുഴകളും പുഴയോരവും ആദിവാസികളും വന്യമൃഗങ്ങളും അതോടുചേര്‍ന്നുള്ള ജനപഥങ്ങളും... അങ്ങനെ നീണ്ടുപോകുന്നു ലതയുടെ അറിവിന്റെ ശാഖകള്‍. ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു എപ്പോഴും അവരുടെ അറിവും പ്രവര്‍ത്തനങ്ങളും. അതുതന്നെയായിരുന്നു ലതയുടെ ബലവും. ഇവയെക്കുറിച്ചൊക്കെ സമഗ്രമായ ഒരു വീക്ഷണവും ലത സദാ കാത്തുവെച്ചു. എല്ലാവര്‍ക്കുമറിയാം ഇതേക്കുറിച്ചൊക്കെ പലതും. പക്ഷേ ലതയുടെ കയ്യിലുള്ളത് സമഗ്രമായിരുന്നു, ഒപ്പം ആഴമേറിയതും. സാങ്കേതികമായ അറിവുകള്‍ക്കപ്പുറം ഈ വിഷയങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടും ലതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ക്കും ലതയെ വാദിച്ചുതോല്‍പിക്കാനായിരുന്നില്ല. വിഷയം അണക്കെട്ടായാലും ജലമായാലും കുടിവെള്ളമായായാലും ആദിവാസികളായാലും ലതയുടെ പരിസ്ഥിതിബോധത്തിന്റെ അടിത്തറ അത്രയ്ക്ക് ബലമുള്ളതായിരുന്നു എന്നര്‍ത്ഥം. ലത മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് പോലും പറ്റാതിരുന്നത് അതുകൊണ്ടാണ്. 

കേരളീയരായ പലര്‍ക്കും അതിരപ്പള്ളി പദ്ധതിയുമായും ചാലക്കുടി പുഴയുമായും ചേര്‍ത്തുകെട്ടി മാത്രമാകും ലതയെ പരിചയം. അതിനപ്പുറം ഇന്ത്യയിലെ ഏതുപുഴയും ലതയുടെ പരിചയക്കാരിയായിരുന്നു. അതിന്റെ നീരൊഴുക്കും ഉദ്ഭവവുമടക്കം ലതയ്ക്ക് ഹൃദിസ്ഥമായിരുന്നു. ലതയുടെ ശക്തിയും ഈ അറിവിന്റെ ആഴമായിരുന്നു. ഒന്നും പൊലിപ്പിച്ച് പറയുന്ന പതിവ് ലതയ്ക്കുണ്ടായിരുന്നില്ല. കൃത്യവും ധീരവുമായിരുന്നു ലതയുടെ പറച്ചിലുകള്‍. അവര്‍ക്കൊപ്പം ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഇതെനിക്ക് നേരിട്ട് അറിയാനായിട്ടുണ്ട്. അവിടെ ആര്‍ക്കും ലതയുടെ നിലപാടുകളെ എതിരിടാന്‍ പോലുമാകില്ല. കാരണം അത്രമേല്‍ കൃത്യവും സൂക്ഷ്മവുമാകും അത്. 

ലതയുടെ നേതൃത്വത്തില്‍ നടന്ന അതിരപ്പള്ളി സമരവും അനുബന്ധ ഗവേഷണവും ലോകത്തിന് തന്നെ മാതൃകയാണ്. കാരണം വിവരശേഖരണമടക്കം ഒരു സമരത്തിന് എന്തൊക്കെ തയാറെടുപ്പുകള്‍ വേണമെന്ന് കൃത്യമായി കാട്ടിത്തരുന്നു അവര്‍. ഹൈക്കോടതിയിലടക്കം ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന പല വ്യവഹാരങ്ങള്‍ക്കും പ്രത്യക്ഷത്തില്‍ തന്നെ കരുത്ത് പകര്‍ന്നത് ലതയുടെ മുഖ്യ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളായിരുന്നു. ഉത്തരവ് റദ്ദാക്കുന്നതില്‍ വരെ ചെന്നുതൊട്ടു പലപ്പോഴും അവരുടെ ഉല്‍സാഹങ്ങള്‍. 

ലതയെപ്പൊലൊരാളെ മലയാളിസമൂഹവും ഇവിടുത്തെ സര്‍ക്കാരുകളും വേണ്ടവണ്ണം ഉപയോഗിച്ചോയെന്ന കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് വലിയ സംശയം തോന്നുന്നു. അന്തര്‍സംസ്ഥാന നദീജല കരാറുകളിലടക്കം പങ്കെടുക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ അറിവില്ലായ്മ കാണുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ ലതയെ ഓര്‍ത്തുപോകും. 

ഞാനാവര്‍ത്തിക്കട്ടെ, ആഴത്തിലുള്ള അറിവും അടക്കാനാകാത്ത പരിസ്ഥിതി സ്നേഹവുമായിരുന്നു അകാലത്തില്‍ ഓര്‍മയാകുന്ന എന്റെ പ്രിയ സ്നേഹിതയുടെ കരുത്ത്. ജീവിതത്തില്‍ സൗമ്യയായ ലത പരിസ്ഥിതിയെയും പച്ചപ്പിനെയും പുഴകളെയും പറ്റി പറയുമ്പോള്‍ കണിശക്കാരിയാകുന്നത് ഞാന്‍ എത്രവട്ടം കണ്ടിട്ടുണ്ട്, അല്ലെങ്കിലും ലതയ്ക്ക് വേറേ ഏതു വിഷയമാണ് സംസാരിക്കാനുണ്ടായിരുന്നത്..? 

(പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

MORE IN SPOTLIGHT
SHOW MORE