റെയില്‍വെ അടിപ്പാതയിലെ ചാകരക്കോൾ

camera-sarathchandran-new
SHARE

നിങ്ങൾക്ക് നല്ല നാടൻ പുഴമീൻ കാശുമുടക്കില്ലാതെ വേണോ? എന്നാൽ ഉടൻ തന്നെ ഒരു വലയും വാങ്ങി നേരെ കാസർകോട്ടേയ്ക്ക് വണ്ടി കയറിക്കോ. കൃത്യമായി പറഞ്ഞാൽ നീലേശ്വരം മയിച്ചയിലെ റെയിൽവെ അടിപ്പാതയിലെ വെള്ളക്കെട്ടിൽ വെറുതെ ഒന്ന് വല വീശിയാൽ മതി. വരാലും, ഏട്ടയും, ചെമ്മീനുമെല്ലാം ആവശ്യത്തിന് കിട്ടും. ഇതൊരു തമാശയല്ല. കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടിൽ വലവീശിയവർക്ക് ചാകരക്കോളായിരുന്നു. വരാലും, ഏട്ടയും, ചെമ്മീനും, പൊടിമീനും എന്നുവേണ്ട കൈ നിറയെ മീൻകിട്ടി. സമയം കൊല്ലാൻ വെറുതെ ഒരു ചൂണ്ടയുമായി എത്തിയവർക്ക് അധികം കാത്തിരിക്കാതെ തന്നെ ആവശ്യത്തിന് മീൻ ലഭിച്ചു. ഇതോടെയാണ് അടിപ്പാതയിലെ മത്സ്യസമ്പത്ത് തിരിച്ചറിഞ്ഞ് നാട്ടുകാർ കൂട്ടത്തോടെ വലയുമായെത്തിയത്. സമീപത്തെ തോടുകളിൽ നിന്നാണ്  ചുറ്റും ചതുപ്പ് നിറഞ്ഞ ഈ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മീൻ എത്തുന്നത്.

നീലേശ്വരത്തെ ഒരു സുഹൃത്ത് പറഞ്ഞാണ് ചെറുവത്തൂർ മയിച്ചയിലെ റെയിൽവെ അടിപ്പാതയെക്കുറിച്ച് ഞാൻ ആദ്യം അറിയുന്നത്. നിർമാണവും ഉദ്ഘാടനവും കഴിഞ്ഞിട്ട് വർഷങ്ങളായി. പക്ഷെ ഇതുവരെ ഒരു വാഹനം പോലും ഈ പാതയിലൂടെ കടന്നു പോയിട്ടില്ല. കൃത്യമായ സാങ്കേതിക പഠനം നടത്താതെ നിർമിച്ച പാതയിൽ ഗതാഗതത്തിന് തടസമായത് വെള്ളക്കെട്ടാണ്. സമീപപ്രദേശങ്ങളിലുള്ള മറ്റ് രണ്ട് അടിപ്പാതകളുടേയും അവസ്ഥ സമാനമാണ്. കാസര്‍കോട് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിപ്പാതകളെല്ലാം നിർമ്മിച്ചത്. ചന്തേരയിലും, ഇളമ്പച്ചിയിലുമാണ് മറ്റ് രണ്ട് പാതകൾ. ഇരുവശവും ചതുപ്പുകൾ നിറഞ്ഞ മയിച്ചയിൽ ഇവിടെ ഒരു അടിപ്പാതയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ മത്രമെ മനസിലാകൂ. ആറു മീറ്റർ ഉയരത്തിലും മൂന്ന് മീറ്റർ വീതിയിലും നിര്‍മ്മിച്ച ഒരു പാതയുടെ അവസ്ഥയാണിത്. 

railway-underpass (1)

ഈ പാത കണ്ടാൽ ഒറ്റ നോട്ടത്തിൽ റെയിൽപാളത്തിന് അടിയിലൂടെ നിർമ്മിച്ച ഒരു കനാൽ എന്നേ പറയൂ. ഒരു കോടി അറുപത് ലക്ഷം രൂപയാണ് നിർമാണ ചെലവ്. കോടികൾ വെറുതെ തുലച്ചുകളഞ്ഞ ഈ പാതകളുടെ കഥ നാട്ടുവാർത്തയിലൂടെ ലോകത്തെ അറിയിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചിത്രീകരണത്തിനായി ഞങ്ങൾ എത്തിയതറിഞ്ഞ് പ്രദേശത്തെ നാട്ടുകാര്‍ വന്നു. ഉത്തരവാദിത്വമില്ലാതെ കോടികൾ വെറുതെ തുലച്ചു കളഞ്ഞ ഉദ്യോഗസ്ഥരുടെ കഥയാണ് അവർ പറഞ്ഞത്. അടിപ്പാതക്കായി സ്ഥാനനിർണയം നടത്തിയപ്പോൾ തന്നെ പ്രദേശത്തിന്റെ ഭൂമിശാസ്്ത്രപരമായ പ്രശ്നങ്ങൾ ശ്രദ്ധിൽപ്പെടുത്തി. എന്നാൽ ഇതിലും വെള്ളമുള്ളിടത്ത് പാത നിർമ്മിക്കാറുണ്ട് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. നിർമാണ സമയത്ത് തന്നെ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചായിരുന്നു ജോലികൾ നടത്തിയതെന്നും പ്രദേശവാസികൾ ഓർത്തെടുത്തു. ചിലപ്പോൾ ഈ വെള്ളക്കെട്ടിൽ നല്ല മീനുണ്ടാകുമെന്ന് വന്നവരിൽ ചിലർ തമശായായി പറഞ്ഞു.   

ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ പാതയുടെ സ്ലാബിന് മുകളിൽ ഒരു നാട്ടുകാരൻ ചൂണ്ടയുമായിരുന്നപ്പോൾ അത് ഷൂട്ട് ചെയ്താൽ സംഭവം ഒരു കോമഡിയാകുമോ എന്നായിരുന്നു എന്റെ പരിഭ്രമം. ചേട്ടാ ഒന്ന് മാറാമോ? എന്ന് ക്യാമറമാൻ കാജ ഹുസൈൻ അദ്ദേഹത്തോട് ചോദിച്ചു. ഞാനിവിടിരുന്ന് സ്ഥിരമായി ചൂണ്ടയിടാറുണ്ട് നിങ്ങൾ എടുത്തോ, ചിലപ്പോൾ വല്ലതും കിട്ടും. അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോൾ അത് സത്യമാണെന്ന് നാട്ടുകാരും പറഞ്ഞു. ആങ്ങനെ ആ വിഷ്വൽ കൂടി വാർത്തയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. എന്തായാലും സമാന അവസഥയിലുള്ള മറ്റ് രണ്ടു അടിപ്പാതകളും ഷൂട്ട് ചെയ്തു. എല്ലാം ചേർത്ത് ചൊവ്വാഴ്ച നാട്ടുവാർത്തയിൽ വിശദമായ റിപ്പോർട്ട് നൽകി.

ഒരു ദിവസം കഴി‍ഞ്ഞപ്പോൾ ഒരു സുഹൃത്ത് വാട്സാപ്പിൽ രണ്ടു ചിത്രം അയച്ചു തന്നു. അവയാണ് ഈ കുറിപ്പിനൊപ്പം ഞാൻ ചേർത്ത് വയ്ക്കുന്നത്.  അന്ന് ഞങ്ങളോട് പറഞ്ഞ സംശയത്തിന് ഉത്തരം തേടി അവർ മയിച്ചയിലെ അടിപ്പാതയിൽ വലവീശി. വലനിറയെ മീൻ കിട്ടി ഇതോടെ അടുത്ത പ്രദേശത്തുള്ളവരെല്ലാം എത്തി. അടിപ്പാതയിലെ മത്സസമ്പത്ത് തിരിച്ചറിഞ്ഞ നാട്ടുകാർ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ച് മീൻ പിടിക്കാനുള്ള തീരുമാനത്തിലാണ്. സമാന അവസ്ഥയിലുള്ള ചന്തേരയിലെ പാതയിലും ഉടൻ തന്നെ മീൻ തേടി ആളുകൾ ഇറങ്ങും. 

ഉദ്ഘാടം കഴിഞ്ഞ പാതിലൂടെ ഗതാഗതം സാധിക്കാതെ വന്ന് പ്രദേശവാസികളുടെ വിമര്‍ശനം ഏറിയപ്പോൾ ചന്തേരയിലും, മയിച്ചയിലും  പാതയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തോടുണ്ടാക്കി ഒഴുക്കി വിടാനും, പാര്‍ശ്വഭിത്തികള്‍ പ്ലാസ്റ്റര്‍ ചെയ്ത് പുറമെ നിന്ന് വെള്ളം കയറുന്നത് തടയാനും ആലോചനയുണ്ടായി.  ഇളമ്പച്ചിയില്‍ പാതയിലെ വെള്ളം പ്രത്യേക ടാങ്ക് സ്ഥാപിച്ച് മോട്ടോര്‍ ഉപയോഗിച്ച് ടാങ്കിലേക്ക് മാറ്റാനിയിരുന്നു തീരുമാനം. എന്നാല്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമായതോടെ വെള്ളക്കെട്ട് തുടര്‍ക്കഥയായി. എന്തായാലും പാതകളെ ഗതാഗതയോഗ്യമാക്കാനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായില്ല. മീനുണ്ടെങ്കിലും ജില്ലയുടെ സ്വപ്നപദ്ധതികളും, കോടികളും ഇങ്ങനെ തുലച്ചു കളഞ്ഞതിന് ആര് സമാധാനം പറയുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

MORE IN SPOTLIGHT
SHOW MORE