സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത് ഒരു മൂന്നുവയസുകാരന്റെ ദൃശ്യങ്ങളാണ്. 20 അടിയോളമുള്ള പെരുമ്പാമ്പിന്റെ പുറത്ത് ഇരുന്ന് സവാരി നടത്തുന്ന വീഡിയോ നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഇഴയുന്ന പാമ്പിന്റെ പുറത്താണ് കുഞ്ഞിന്റെ സവാരി. കാണുന്നവർക്ക് പേടിതോന്നുമെങ്കിലും കുഞ്ഞ് വളരെ കൂളായിട്ടാണ് ഇരിക്കുന്നത്. കുതിരസവാരി ചെയ്യുന്ന ലാഘവമാണ് മുഖത്ത്.
ചിത്രം വ്യാജമാണെന്ന് പലരും അഭിപ്രായമുയർത്തിയിരുന്നു. എന്നാൽ സംഭവം സത്യമാണ്. വിയറ്റ്നാമിലെ തനാ ഹോവ പ്രവിശ്യയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യങ്ങൾ. കഴിഞ്ഞ നാലു വർഷമായി കുട്ടിയുടെ വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പാണിതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
മഴയിൽ വീടിന്റെ മുറ്റം വെള്ളത്തിലായതിനെത്തുടർന്ന് പാമ്പിനെ തുറന്നു വിടുകയായിരുന്നു. ഈ സമയത്ത് മൂന്നു വയസുകാരനായ ട്രുവോങ് പാമ്പിനൊപ്പം കളിക്കാനിറങ്ങിയ ചിത്രങ്ങളാണിതെന്നും വീട്ടുകാർ പറഞ്ഞു. 80 കിലോയോളം ഭാരമുള്ള പാമ്പ് അപകടകാരിയല്ലെന്നാണ് വീട്ടുകാരുടെ സാക്ഷ്യം.