സൈക്കിൾ പോലും സ്വപ്നം കാണാൻ കഴിയാതിരുന്ന ബാല്യത്തിൽ നിന്നു ബുള്ളറ്റിൽ ഹിമാലയൻ സാഹസിക യാത്ര നടത്തുവോളം വളർന്ന നിശ്ചയ ദാർഢ്യത്തിന്റെ പേരാണ് ജിത ആലിങ്കൽ...ജൂലായ് ആറിനു ഡൽഹിയിൽ ആരംഭിച്ചു 23നു ചണ്ഡിഗഡിൽ സമാപിച്ച റോയൽ എൻഫീൽഡിന്റെ അറുപതംഗ ഹിമാലയൻ സാഹസിക സംഘത്തിലെ നാലു വനിതകളിലൊരാളായിരുന്നു പാലക്കാട് കൊല്ലങ്കോട് വട്ടെക്കാടെന്ന കൊച്ചു ഗ്രാമത്തിലെ ജിത(29)യെന്ന പെൺകുട്ടി.
പ്രതിബന്ധങ്ങളെ തൂത്തെറിഞ്ഞു 2800 ലേറെ കിലോമീറ്ററുകൾ താണ്ടിയ ജിതയും കെഎൽ–70 ബി 3722 ബുള്ളറ്റും യാത്രകൾക്കായി കൊതിക്കുമ്പോൾ പെൺകുട്ടികൾക്കു മുന്നിൽ കൊട്ടിയടച്ച വഴികൾ തുറക്കുക കൂടിയാണ്. സ്വപ്നങ്ങളോടൊപ്പം സഞ്ചരിച്ച് നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാനാവാത്ത സ്വപ്നങ്ങളെ ഹൃദയത്തോടു ചേർത്തു പിടിക്കാനും നില നിർത്താനും മനസ്സൊരുക്കുകയായിരുന്നു റിട്ട.എഇഒ എ.ആർ.ഗോകുൽദാസിന്റെയും റിട്ട.എച്ച്എം വി.പ്രേമലതയുടെയും മകൾ.വലിയ സ്വപ്നങ്ങൾ കാണുന്ന മനസ്സാണു ബുള്ളറ്റിൽ ഹിമാലയൻ യാത്രയെന്ന സാഹസികതയിലേക്കു ജിതയെ നയിച്ചത്. എൻജിനീയറിങിനു ശേഷം ബാങ്ക് ഓഫ് ബറോഡയിൽ അസി.മാനേജരായി കോയമ്പത്തൂരിൽ ജോലി നേടി ബുള്ളറ്റ് വാങ്ങിയതോടെയാണു നിർത്താതെ ഓടാനുള്ള മോഹം നാമ്പിടുന്നതും. വിലക്കുകളെ കുടഞ്ഞെറിയുവാൻ നാട്ടിൻപുറത്തുകാരി പെൺകുട്ടിയ്ക്ക് അമ്മയുടെ പിന്തുണയും അനുഗ്രഹവും മാത്രമായിരുന്നു കൈമുതൽ.