മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ച്ചയാണ്. റോഡ് സൈഡിലൂടെ നടക്കുന്ന വഴിയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിപ്പിച്ച് കൊണ്ട് പോകുന്ന വണ്ടികളും സാധാരണമാണ്. എന്നാല്‍, മുംബൈയിലെ കനത്ത മഴ കാരണം ദുരിതം അനുഭവിച്ചത് ബൈക്ക് യാത്രികരോ വഴിയാത്രക്കാരോ അല്ല പകരം ട്രെയിന്‍ യാത്രക്കാരാണ്.
കോരിച്ചോരിയുന്ന മഴക്കാലത്ത് ബസിൽ നനഞ്ഞ് പോകേണ്ടല്ലോയെന്ന് കരുതി ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചവർക്കാണ് ഇന്ത്യൻ റെയിൽവേയുടെ നല്ല മുട്ടൻ പണി ലഭിച്ചത്. വെള്ളം കെട്ടിനിന്ന ട്രാക്കിലൂടെ ചീറി പാഞ്ഞ് വന്ന ട്രെയിൻ പ്ലാറ്റ്ഫോമിൽ കാത്തുനിന്ന യാത്രക്കാരെ ചെളി വെള്ളത്തിൽ കുളിപ്പിക്കുകയായിരുന്നു.യാത്രക്കാർ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും നനഞ്ഞ് കുളിച്ചു.
മഴ കാരണം മുംബൈയിലെ ട്രെയിനുകളെല്ലാം പതുക്കെയാണ് ഒാടുന്നത്. എന്നാൽ ട്രെയിൻ പതുക്കെയാണ് പോയതെന്നും വീഡിയോ അടുത്ത് നിന്ന് ഷൂട്ട് ചെയ്തതു കൊണ്ടാണ് വേഗത്തിൽ പോകുന്നതു പോലെ തോന്നുന്നതുമാണെന്നാണ് ഈ വിഷയത്തിൽ റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കണ്ടത് 9 ലക്ഷം പേരാണ്.