ആളുകളുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ടാണ് സഹോദരസ്നേഹത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വളർച്ച പൂർത്തിയാക്കാത്ത കൈകളുമായി ജനിച്ച ഒരു കുട്ടി തന്റെ കുഞ്ഞനിയന്റെ സങ്കടമടക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ. കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോഴാണ് കുഞ്ഞിന്റെ കരച്ചിലടക്കാനുള്ള വഴികൾ മുതിർന്ന കുട്ടി തിരഞ്ഞത്.
കിടക്കയിൽ കിടന്ന നിപ്പിളെടുത്ത് കുഞ്ഞുവാവയുടെ വായിൽവെച്ചുകൊടുത്താൽ അവന്റെ കരച്ചിൽ നിൽക്കുമെന്ന് ചേട്ടനു മനസ്സിലായി. പക്ഷേ കൈക്കുഴയില്ലാതെ കൈവിരലുകളില്ലാതെ എങ്ങനെ അതെടുക്കും. പിന്നെ അവൻ ഒട്ടുംവൈകിയില്ല. വളർച്ച പൂർത്തിയാവാത്ത കൈയുപയോഗിച്ച് നിപ്പിൾ വായുടെ ഭാഗത്തെത്തിച്ചശേഷം അതു കടിച്ചെടുത്ത് കുഞ്ഞനിയന്റെ വായിൽ വെച്ചുകൊടുത്തു. അതോടെ കുഞ്ഞുവാവയുടെ കരച്ചിലും നിന്നു.
ഇത്തിരി കഷ്ടപ്പെട്ടെങ്കിലും കുഞ്ഞുവാവയുടെ കരച്ചിലു നിന്നതിൽ ചേട്ടനു സന്തോഷമായി. ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ ഇതിനകം തന്നെ നിരവധിയാളുകൾ കണ്ടു കഴിഞ്ഞു. കണ്ണുനിറയാതെ ഈ വിഡിയോ കണ്ടുതീർക്കാനാവില്ലെന്നാണ് അവരിൽ പലരും കമന്റ് ചെയ്തത്.