E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ശബരിയുടെയും ദിവ്യയുടെയും പൊന്നോണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sabarinathan-divya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് അരുവിക്കര എംഎല്‍എ ശബരിനാഥനും ഭാര്യ ദിവ്യ എസ്. അയ്യര്‍ ഐഎഎസും. ഓണം ആഘോഷിക്കുന്നതിനെക്കാള്‍ ആഘോഷിപ്പിക്കുന്ന തിരക്കിലായിരുന്നു ഇതുവരെ. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഓണം ആഘോഷമാക്കാനാണ് ഇരുവരുടെയും തീരുമാനം. ആഘോഷങ്ങളെക്കുറിച്ച് ദിവ്യ എസ്. അയ്യര്‍  മനസുതുറക്കുന്നു.

ശബരിനാഥനൊപ്പമുള്ള ആദ്യ ഓണത്തെക്കുറിച്ച്?

വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണമാണെന്നതിന്റെ സന്തോഷമുണ്ട്. ഞാൻ തമിഴ്‌വംശജരായതുകൊണ്ട് ഓണത്തിന് വീട്ടിൽ അത്ര പ്രാധാന്യമില്ല, എന്നാൽ ഇത്തവണ പൂർണ്ണമായും ഉൾകൊണ്ടുള്ള ഓണമാണ്. ഇരുകുടുംബങ്ങളും ഒത്തുചേർന്നുള്ള ഓണമാണ്. തിരുവോണത്തിന്റെ അന്ന് വീട്ടിലുണ്ടാകും. ഓണകാലത്തായാലും ഉദ്യോഗത്തിന്റേതായ തിരക്കുകൾ രണ്ടുപേർക്കുമുണ്ട്. ശബരി ഫുഡ്കമ്മറ്റിയുടെ ചെയർമാനാണ് അവരുടെ സ്റ്റാൾ ഉദ്ഘാടനമുണ്ട്. അരുവിക്കരയിലെ ഓണാഘോഷമുണ്ട്, എന്റെ ഓഫീസിലും ഓണാഘോഷമുണ്ടായിരുന്നു. അത്തം മുതൽ ഓണാഘോഷം തുടങ്ങുകയാണല്ലോ

സന്തോഷം പങ്കുവെക്കലും മറ്റുള്ളവരിൽ തിരിച്ചറിയപ്പെടാത്ത നന്മകൾ തിരിച്ചറിയുന്ന കാലമാണ്. ഓണകാലത്ത് കുറ്റകൃത്യങ്ങൾ കുറയുന്നതായി തോന്നാറുണ്ട്. ശാസ്ത്രീയമായ കണക്കുകൾ ഒന്നുമില്ല. ചുറ്റുമുള്ള നിറചാർത്ത് അറിഞ്ഞ അന്തരീക്ഷത്തിൽ തെറ്റുകുറ്റങ്ങൾ പൊറുക്കാനും കുറ്റകൃത്യങ്ങൾ കുറയാനും കാരണമുണ്ട്. പണ്ടത്തെ കള്ളവും ചതിയുമില്ലാത്ത കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടം നടത്താറുണ്ട്. ഓണക്കാലത്ത് ബന്ധങ്ങൾ ശക്തമാകാറുണ്ട്. 

എന്തുകൊണ്ടാണ് ലളിതമായ വിവാഹം മതിയെന്ന് തീരുമാനിച്ചത്?

ലളിതമായിട്ടുള്ള ജീവിതശൈലി കൈക്കൊള്ളണമെന്ന് തീരുമാനിച്ച സ്വതന്ത്രരായിട്ടുള്ള വ്യക്തികളാണ്. അതിനെക്കുറിച്ച് കൂടുതൽ സമരസപ്പെടുത്തലിന്റെ ആവശ്യം വന്നിരുന്നില്ല. രണ്ടുപേരും പൊതുപ്രവർത്തനത്തിലുള്ളവ്യക്തികളായതുകൊണ്ട് ജനങ്ങളുടെ വേദനയും നിരാശയുമൊക്കെ കണ്ടിട്ടുണ്ട്. വിവാഹം ജീവിതത്തിന്റെ പവിത്രത നിലനിർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പുറംമോടിവച്ച് കളങ്കപ്പെടുത്താൻ താൽപര്യമില്ലായിരുന്നു. ആദ്യം വീട്ടിൽ കുപ്പിവളയെ ഇടുകയുള്ളൂ എന്നു പറഞ്ഞപ്പോൾ  കുറച്ച് എതിർപ്പുകളുണ്ടായിരുന്നു. കാരണം വ്യക്തമാക്കിയപ്പോൾ അവരും അംഗീകരിച്ചു. കെട്ടിചമഞ്ഞൊരുങ്ങി നിന്നാൽ വിവാഹത്തിന്റെ പരിശുദ്ധിആസ്വദിക്കാൻ പറ്റില്ല എന്നും തോന്നി. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആഭരണങ്ങൾ അണിഞ്ഞ് പ്രദർശിപ്പിക്കുന്നതിലും സന്തോഷം ഞങ്ങളുടെ ജീവിതം തുടങ്ങുന്ന മുഹൂർതത്തിൽ ഞങ്ങളായി തന്നെ നിൽക്കണമെന്ന് തോന്നി, ആ മുഹൂർത്തം ആസ്വദിക്കേണ്ടതും അനിവാര്യമാണെന്ന് വിശ്വസിച്ചു. 

സ്ത്രീയെന്ന രീതിയിൽ എനിക്ക് സ്ത്രീധനസമ്പ്രദായത്തോട് എതിർപ്പാണ്. ഏത് കോളജിൽ ചെന്നാലും പെൺകുട്ടികളെ കൊണ്ട് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്ത്രീധനസമ്പ്രദായത്തിന് ഞാൻ ഉടമ്പടി ചേരില്ല എന്ന പ്രതി‍‍ജ്ഞ ചൊല്ലിക്കാറുണ്ട്. സ്ത്രീകളെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്കും അതിക്രമങ്ങൾക്കും അടിത്തറ പാകുന്നത് സ്ത്രീധനമാണ്. 

ഓർമയിലെ മറക്കാനാവാത്ത ഓണക്കാലങ്ങളെക്കുറിച്ച്?

സ്കൂളിലെ ഓണവും  വീട്ടിലെ ഓണവുമാണ് ഓർമയുള്ളത്. സ്കൂളിൽ ഓണകാലത്ത് കലാപരിപാടികളുണ്ടായിരുന്നു. അത്തപ്പൂവ് ഇടുന്നതാണ് എനിക്ക് ഓണത്തിന് ഏറെ ഇഷ്ടമുള്ളത്. പണ്ടൊക്കെ വീടിന്റെ മുമ്പിൽ തട്ടൊക്കെ കെട്ടി വളരെ ലളിതമായ രീതിയിലുള്ള അത്തപൂക്കളായിരുന്നു. അതിന്റെ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഒരുപാട് പൂക്കളൊന്നും കാണില്ല, എന്നാലും അതിനൊരു ഭംഗി വേറെയായിരുന്നു. പഴമയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്,

ഞാൻ ജനിച്ചുവളർന്നത് സെക്രട്ടേറിയേറ്റിന് പുറകിലുള്ള റോഡിലുള്ള വീട്ടിലാണ്. പത്തുവയസുവരെ ആ വീട്ടിലായിരുന്നു. അത് പൊളിച്ചുകളഞ്ഞു. ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. വളരെ കൗതുകത്തോടെയും ആവേശത്തോടെയും കുഞ്ഞായിരുന്നപ്പോൾ നോക്കി കണ്ടത് ആ റോഡിലൂടെ ഓണകാലത്ത് പോകുന്ന ഓണം ഘോഷയാത്രയായിരുന്നു. അച്ഛന്റെ തോളിൽ ഇരുന്നും പല കെട്ടിടങ്ങളുടെ മുകളിൽ നിന്നുമൊക്കെയാണ് ഓണംഫ്ലോട്ടുകൾ കണ്ടത്. ഉച്ചയാകുമ്പോഴേക്കും സ്ഥാനം പിടിക്കും, അവസാനത്തെ ഇനവും പോയതിനും ശേഷം മാത്രമാണ് വീട്ടിൽ പോയിരുന്നത്.

ഒരു ഓണം ഫ്ലോട്ടിൽ ഞാനും പങ്കെടുത്തിരുന്നു. ഒന്നാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നുവെന്നാണ് ഓർമ. പെൻഗ്വിനായിട്ടാണ് വേഷമിട്ടത്. കുറേദൂരം നടന്നു, ക്ഷീണിച്ചു പക്ഷെ അതൊരു ത്രില്ല് ആയിരുന്നു. കറുപ്പും വെള്ളയും മഞ്ഞചുണ്ടുമൊക്കെവെച്ച പെൻഗ്വിനെ മറക്കാനാവില്ല. എല്ലാവർഷവും തിരുവാതിരക്കളിയ്ക്ക് പങ്കെടുത്തിരുന്നു. സിവിൽസർവീസിൽ കയറിയ ശേഷവും തിരുവാതിരക്കളിയിൽ പങ്കെടുത്തിരുന്നു. ദൂരദർശനിലെ ഓണപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കർഷകനൃത്തവും മാണിക്യചെമ്പെഴക്കപോലെയുള്ള ഓണകളികൾ ഷൂട്ടിങ്ങിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്.

പാൽക്കുളങ്ങര വീട്ടിലേക്ക് മാറിയതിന് ശേഷം ചുറ്റവട്ടത്തുള്ള കുട്ടികളെല്ലാം കൂടിചേർന്ന് ഒരു ബാലവേദി രൂപികരിച്ചു. ലൗലാൻഡ് ബാലവേദിയെന്നായിരുന്നു പേര്. അത് റജിസ്റ്റർവരെചെയ്തു. ബാലവേദി ആദ്യമായി സംഘടിപ്പിച്ച പരിപാടി ഓണാഘോഷമായിരുന്നു. അടുത്തുള്ള വീടുകളിൽ നിന്ന് ചെറിയസംഭാവനയൊക്കെ പിരിവിട്ട് എടുത്തു. ആ തുകകൊണ്ട് ചെറിയ ഓണസംഗമം സംഘടിപ്പിച്ചു. കുട്ടികൾ താൽപര്യമെടുത്ത് ഓണസംഗമം സംഘടിപ്പിച്ചത് മുതിർന്നവർക്കും സന്തോഷമായി

ഓണക്കോടിയ്ക്കായി കാത്തിരുന്ന ഓണക്കാലങ്ങളുണ്ടോ?

ദീപാവലിയും പൊങ്കലുമായിരുന്നു എന്റെ വീട്ടിൽ കൂടുതൽ ആഘോഷിച്ചിരുന്നത്, എന്നാലും എല്ലാവർക്കും ഓണക്കോടി കിട്ടുന്നത് കൊണ്ട് ഞങ്ങൾക്കും വാങ്ങിതരുമായിരുന്നു. പട്ടുപാവടയൊക്കെ കിട്ടാൻ കാത്തിരിക്കുമായിരുന്നു. ശബരിയുടെ അമ്മ ഓണക്കോടി സമ്മാനിച്ചു. ഒപ്പം എന്റെ സഹപ്രവർത്തകരും ഞങ്ങളുടെ പൊതുസുഹൃത്തുക്കളും ഓണക്കോടി ശബരിക്കും എനിക്കും വാങ്ങിതന്നു. 

ഏതാണ് ഓണസദ്യയിലെ പ്രിയവിഭവം? പാചകം ചെയ്യാൻ ഇഷ്ടമുള്ള ഓണവിഭവം?

ഇഞ്ചിക്കറിയാണ് പ്രിയപ്പെട്ട ഓണവിഭവം. അത് അല്ലാതെ ശർക്കരഉപ്പേരി ഇഷ്ടമാണ്. ഓണവിഭവങ്ങളായിട്ടൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല. അല്ലാതെയൊക്കെ പരീക്ഷണം നടത്തിയിട്ടുണ്ട്.

ഡോക്ടറായതിന് ശേഷമുള്ള ഓണം?

ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നസമയത്ത് വെല്ലൂരിലെ ലെപ്രസിഹോമിലെ അന്തേവാസികളോടൊപ്പം ഓണം ആഘോഷിച്ചിട്ടുണ്ട്. അവർക്ക് സദ്യയൊക്കെ ഒരുക്കിയിട്ടുണ്ട്. ഓണത്തിന്റെ കളിതമാശകളൊക്കെ മാറ്റിവച്ച് പാർശ്വവത്കരിക്കപ്പെട്ട ഒരുകൂട്ടം ആളുകൾക്ക് വേണ്ടി പ്രവർത്തിച്ചത് ഓണത്തെ അതിന്റേതായ ആഴത്തിൽ അറിയാൻ സാധിച്ചു.

ഐഎഎസ് ആയതിന് ശേഷമുള്ള മറക്കാനാവാത്ത ഓണം?

കഴിഞ്ഞ ഓണം ഡൽഹിയിലായിരുന്നു. കൊമേഴ്സ് മിനിസ്ട്രിയിൽ അസിസ്റ്റന്റ് സെക്രട്ടറിയായിട്ട് ജോലി ചെയ്തപ്പോൾ രാഷ്ട്രപതിയോടൊപ്പം രാഷ്ട്രപതി ഭവനിൽ ഓണം ആഘോഷിക്കാൻ സാധിച്ചു. ഡൽഹിയിലുള്ള പ്രമുഖരായ മലയാളികളും കേരളമുഖ്യമന്ത്രിയും ഗവർണറുമെല്ലാവരുമൊന്നിച്ചു ചേർന്ന ഓണമായിരുന്നു. കേരളസർക്കാരിന്റെ ഓണാഘോഷങ്ങളുടെ തുടക്കും രാഷ്ട്രപതി ഭവനിൽവച്ചായിരുന്നു. നല്ലൊരു കലാവിരുന്നു ഓണസദ്യയുമൊക്കെ ചേർന്ന രസകരമായ അനുഭവമായിരുന്നു കഴിഞ്ഞവർഷത്തെ ഓണം. മസൂറിയിലും ഓണം ആഘോഷിച്ചിട്ടുണ്ട്. ഐഎഎസ് ട്രെയിനിങ്ങ് തുടങ്ങിയത് ഒരു ഓണകാലത്താണ്. ഇവിടെ വെയിലായിരുന്നെങ്കിൽ മസൂറിയിൽ മഞ്ഞായിരുന്നു. 

ഓണത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം?

കൊട്ടിയടച്ച് അളവുകോലിട്ട് ഒരാളെത്രാസിൽ അളക്കുന്ന രീതി കൂടിയിട്ടുണ്ട്. ആരും അത്ര ദുഷ്ടരല്ല, സാഹചര്യങ്ങളാണ് ഒരാളെ അത്തരം ദുഷ്ടതകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അത്തരം ആൾക്കാരെ കൂടുതൽ മനസിലാക്കാനുള്ള വിശാലമനസ്കത ആളുകൾ കാണിക്കണം. സമൂഹത്തിൽ അകന്നുനിൽക്കുന്ന ഒരുപാട് പേരെ നമ്മുടെ അരികിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. എല്ലാവരിലും എന്തെങ്കിലും നന്മകളും ഗുണങ്ങളുമുണ്ട്. എല്ലാവരിൽ നിന്നും പഠിക്കാനും പലതുമുണ്ട്. അതൊക്കെ അറിയാൻ മനസിന്റെ വാതിൽ തുറന്നിടാൻ ശ്രമിച്ചാൽ സമൂഹത്തിന്റെ ദുഖങ്ങൾ അകറ്റാൻ ഒരുപരിധിവരെ സാധിക്കും.