പാമ്പുകള്‍ മുട്ടയിടുന്ന ഉരഗ വര്‍ഗ്ഗ ജീവികളാണ്. എന്നാല്‍ പാമ്പുകളിലും ഒറ്റപ്പെട്ട ചിലരുണ്ട്. സസ്തനികളെപ്പോലെ കുഞ്ഞുങ്ങളെ പ്രസിവിക്കുന്ന പാമ്പുകള്‍. എന്നാല്‍ ഇക്കാര്യം അധികമാര്‍ക്കും അറിയാത്തതിനാല്‍ തന്നെ സാന്‍ഡ് ബോ ഇനത്തില്‍ പെട്ട മലമ്പാമ്പിന്റെ പ്രസവദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ്.
റെപ്റ്റൈല്‍ കളക്ടീവ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് സാന്‍ഡ് ബോ പാമ്പ് പ്രസവിക്കുന്ന രംഗങ്ങൾ ഫേസ്ബുക്കിലിട്ടത്. രണ്ട് കുട്ടികളെ ഈ പാമ്പ് പ്രസവിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. മൊത്തം ആറ് കുട്ടികളാണ് പാമ്പിനുണ്ടായത്. ഇളം പിങ്ക് നിറമുള്ള പാമ്പിന് കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നതും വാ പൊളിച്ച് അമ്മയ്ക്കു ചുറ്റും ഇഴയുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
അമേരിക്കയിലെയും ആഫ്രിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ദ്വീപസമൂഹങ്ങളിലുമാണ് ഈ ഗണത്തിൽ പെട്ട പാമ്പുകളെ കാണാനാകുക. മലമ്പാമ്പുകളുടെ ഗണത്തില്‍ പെട്ട മറ്റു പാമ്പുകളെല്ലാം തന്നെ സാധാരണ പാമ്പുകളെപ്പോലെ ഒവിപോറസ് വിഭാഗത്തിലുള്ളവയാണ്. അതായത് മുട്ടയിട്ട് കുഞ്ഞുങ്ങളെ അടയിരുന്ന് വിരിയിച്ചെടുക്കുന്നവ. സാന്‍ഡ് ബോ പാമ്പുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യത്യസ്തര്‍.
സാന്‍ഡിയാഗോ മൃഗശാലയിൽ നിന്നാണ് സാന്‍ഡ് ബോ പ്രസവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നിരവധി ആളുകൾ ഇപ്പോൾ തന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു.