E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മരണ ഗന്ധമുള്ള ഓണ്‍ലൈന്‍ പോസ്റ്റുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

facebook-post-leads-to-suicide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാംഗ്ലൂരില്‍ ഒരേ ഹോസ്റ്റല്‍ മുറിയില്‍ കുറേവർഷങ്ങൾ എനിക്കൊപ്പം കൂടെ താമസിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. ഒരുപാടു സംസാരിക്കുന്ന, എന്തിലും തമാശ കാണാന്‍ ശ്രമിക്കുന്ന, ജീവിതത്തെ സുതാര്യമായി സമീപിക്കുന്ന, മറ്റുള്ളവരെ ഒരുപാടു സഹായിക്കുന്ന, നിറയെ പ്രസരിപ്പുള്ള ഒരു പെണ്‍കുട്ടി. 

ഗ്രാമത്തിന്‍റെ സകല നിഷ്ക്കളങ്കതയും മനസിലും ജീവിതത്തിലും പേറി നടന്ന ആ കാലത്ത് നിന്നും ബാംഗ്ലൂര്‍ എന്ന മേട്രോപോളിറ്റൻ സിറ്റിയിലേക്ക് ഉപരി പഠനത്തിനായി എത്തിച്ചേരുമ്പോള്‍ നഗരം കണ്ടു പകച്ചു പോയ എന്നെ തോളില്‍ത്തട്ടി സമാശ്വസിപ്പിച്ചവള്‍. കുറച്ചു ദിവസം കഴിയുമ്പോള്‍ ഈ നഗരം നിനക്ക് പ്രിയപ്പെട്ടതാകും എന്ന് ധൈര്യം തന്നവള്‍. തനിച്ചാണ് എന്നു കരുതേണ്ടത്തില്ലെന്ന് വാക്കിലും പ്രവൃത്തിയിലും ബോധ്യപ്പെടുത്തിയവള്‍.

ഓര്‍മ്മയുണ്ട്, ഹോസ്റ്റലില്‍ ആദ്യമായി ചെന്ന ദിവസം. പണക്കാര്‍ മാത്രം താമസിക്കുന്ന കോണ്‍വെന്റ് ഹോസ്റ്റലിലേക്ക് വെറും മൂന്നു ചുരിദാറുമായി ചെന്നു കയറിയത്. ലോണ്‍ എടുത്തു കിട്ടിയ പണത്തിന്റെ കാല്‍ ഭാഗം ആറുമാസത്തെ ഹോസ്റ്റല്‍ ഫീ ആയി അടച്ചു. മിച്ചം വന്നതുകൊണ്ട് പഠനം കഴിഞ്ഞ് ജോലി കണ്ടെത്തുവോളമുള്ള കാര്യങ്ങള്‍ നടത്തണം. കയ്യില്‍ മൊബൈല്‍ ഫോണില്ല, ലാപ്‌ ടോപ്‌ ഇല്ല. ചെറിയ ബാഗില്‍ അമ്മ പൊതിഞ്ഞു തന്ന അച്ചാറുകുപ്പികളുടെ, കാച്ചെണ്ണയുടെയും ഭാരം മാത്രം. 

അച്ഛനും രണ്ടു കസിന്‍ ബ്രദേഴ്സും ഹോസ്റ്റല്‍ ഗേറ്റിന്റെ പടി കടന്നു പോകെ ഞാന്‍ വാവിട്ടു നിലവിളിച്ചു. ആ രാത്രി എനിക്ക് കരഞ്ഞു പനിച്ചു. പിന്നേറ്റു വൈകിട്ട് വീട്ടില്‍ നിന്ന് അമ്മയുടെ കോള്‍ വരുവോളം ആ കരച്ചില്‍ ഞാന്‍ തുടര്‍ന്നു. “ പറ്റില്ലെങ്കില്‍ ഇവിടുത്തെ കഷ്ട്ടപ്പാടൊന്നും കാര്യാക്കണ്ട. മടങ്ങി പോരേ... താലി വിറ്റായാലും മടക്കി കൊണ്ടുവരാം “ അമ്മയും എനിക്കൊപ്പം ഫോണിന്റെ മറുതലയ്ക്കല്‍ കരഞ്ഞു. 

എനിക്കു മടങ്ങിപ്പോവാന്‍ പറ്റില്ലായിരുന്നു. ലക്ഷ്യങ്ങള്‍ അത്രമേല്‍ അനിവാര്യമായിരുന്നു ജീവിതത്തിന്. എന്‍റെ മാത്രമല്ല. കുടുംബത്തിനും. എന്‍റെ കരച്ചില്‍ കേട്ടുകൊണ്ട് അവള്‍ അടുത്ത് നില്‍പ്പുണ്ടായിരുന്നു. പൂവിന്‍ സുഗന്ധം പേരില്‍ കുറിച്ചവള്‍. അവളെ ഞാന്‍ മീനു എന്ന് വിളിക്കട്ടെ. കരച്ചില്‍ അടക്കാതെ ഞാന്‍ പുറത്തേക്കു വന്നപ്പോള്‍ മീനു എന്നെ അവളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബാംഗ്ലൂര്‍ എന്ന നഗരത്തെക്കുറിച്ച് വര്‍ണ്ണ ശബളമായ കുറേ രഹസ്യങ്ങള്‍ പറഞ്ഞു തന്നു. 

അവള്‍ക്കു മൊബൈല്‍ ഉണ്ടായിരുന്നു. വീട്ടില്‍ വിളിക്കണം എന്നു തോന്നുമ്പോള്‍ അതില്‍ വിളിക്കാനുള്ള അനുവാദം തന്നു. മെസ്സില്‍ ഒപ്പം കൊണ്ടുപോയി. കൂടെ ഇരുത്തി. അങ്ങനെ എന്‍റെ ബാംഗ്ലൂര്‍ നഗര ജീവിതത്തെ അവള്‍ പതുക്കെ പതുക്കെ എനിക്കനുകൂലമാക്കി. ഞാന്‍ നഗരത്തോട്, അവിടുത്തെ ബഹളങ്ങളോട് പതിയെ ഇഴുകി തുടങ്ങി. അവളെന്റെ പ്രിയ ചങ്ങാതിയായി. പിന്നീടു മീനു ഹോസ്റ്റലില്‍ നിന്ന് പോയപ്പോള്‍ ഏറ്റവും കൂടുതല്‍ ശൂന്യത അനുഭവിച്ചതും ഞാനായിരിക്കണം. 

ക്യാമ്പസ് സെലക്ഷനില്‍ ജോലി ആയപ്പോള്‍ എനിക്ക് ഹോസ്റ്റല്‍ മാറേണ്ടി വന്നു. എത്തിപ്പെട്ടത് മീനു താമസിക്കുന്ന അതേ ഹോസ്റ്റലില്‍. ജോലി വിട്ടു വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഭക്ഷണം ഉണ്ടാക്കാന്‍,തുണികള്‍ അലക്കാന്‍ പോകാന്‍, ശിവാജി നഗറിലെ തിരക്ക് പിടിച്ച വഴികളിലൂടെ കാഴ്ച കണ്ട് നടക്കാന്‍ വര്‍ഷങ്ങള്‍ അവള്‍ കൂടെ ഉണ്ടായി. ബാംഗ്ലൂര്‍ നഗരത്തില്‍ അവള്‍ക്കൊപ്പം നടന്ന വഴികളേക്കാള്‍ അധികമായി മറ്റാര്‍ക്കൊപ്പവും ഞാന്‍ നടന്നു കാണില്ല. 

friends.jpg.image.784.410

അവള്‍ക്കു ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. രാത്രി കാലങ്ങളില്‍ ഉള്ള ഫോണ്‍ വിളികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, പല സൗഹൃദങ്ങളും പരാജയങ്ങളായപ്പോള്‍, ചില മനുഷ്യരോട് അകലം പാലിക്കണമെന്ന് സൂചന മാത്രം നല്‍കുകയും ചെയ്തു. പല ദിവസങ്ങളില്‍ അവള്‍ ഹോസ്റ്റലില്‍ വന്നില്ല. നൈറ്റ് ഷിഫ്റ്റ്‌ ആയതിനാല്‍ ഞാനത് അധികമായി ശ്രദ്ധിച്ചുമില്ല. സോഫ്റ്റ്‌വെയർ കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ അവളുടെ സുഹൃത്ത് വലയങ്ങളില്‍ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ സ്വന്തം ഫ്ലാറ്റുകളില്‍ത്തന്നെ താമസിച്ചിരുന്നതിനാല്‍ അവിടെ അവള്‍ പോകാറുണ്ട്. ആണ്‍ സൗഹൃദങ്ങളില്‍ പലരും ഹോസ്റ്റല്‍ വാതില്‍ക്കല്‍ ഡ്രോപ്പ് ചെയ്തു പോകുമ്പോഴും സംശയിക്കാന്‍ തക്ക കാരണങ്ങള്‍ എന്‍റെ മുന്നില്‍ ഇല്ലായിരുന്നു. 

അവള്‍ക്ക് വിവാഹാലോചന വന്നപ്പോള്‍ ഏറെ സന്തോഷിച്ചു. മലയാളി ആണെങ്കിലും ബാംഗ്ലൂര്‍ ജനിച്ചു വളര്‍ന്ന ആളാണല്ലോ എന്ന കൗതുകം അവള്‍ക്കുണ്ടായിരുന്നു. അവനെ കുറിച്ച് അവള്‍ വാ തോരാതെ സംസാരിക്കുമായിരുന്നു. ഏറ്റവും ആര്‍ഭാടമായി അവളുടെ വിവാഹം നടന്നു. ഭര്‍ത്താവിനൊപ്പം അവള്‍ ബാംഗ്ലൂരിലേക്ക് വന്നപ്പോള്‍ എന്‍റെ ഹോസ്റ്റല്‍ ജീവിതത്തിലേക്ക് പുതിയ സുഹൃത്തുക്കള്‍ കടന്നു വന്നെങ്കിലും അവളിലെ നന്മ മറ്റാരിലും എനിക്ക് കാണാനായില്ല. പനി പിടിച്ചു കിടക്കുമ്പോള്‍ കഞ്ഞി കോരിത്തരാനോ, ആര്‍ത്തവ ദിവസങ്ങളില്‍ വേദന കൊണ്ടു ഞെരുങ്ങുമ്പോള്‍ വയറ്റത്ത് ചൂടു വെച്ചു തരാനോ മാസാവസാനം വണ്ടിക്കൂലി പോലും കയ്യില്‍ ഇല്ലാതെ വിങ്ങുമ്പോള്‍ അമ്പതു രൂപ നീട്ടി തന്നു “ ഇത് വെച്ചോ “ ഉള്ളപ്പോ തന്നാ മതീന്ന് പറയാനോ ആരും വന്നില്ല. 

വിവാഹം കഴിഞ്ഞും അവള്‍ വിളിക്കുമായിരുന്നു. 

ഒരു ദിവസം സന്ധ്യക്ക്‌ ഓഫീസില്‍ നിന്നും വരുന്ന വഴി ബസില്‍ ഇരിക്കുമ്പോള്‍ മടിവാളയില്‍ റോഡ്‌ ക്രോസ് ചെയ്യാന്‍ നില്‍ക്കുന്ന അവളെ ഞാന്‍ കണ്ടു. ഫോണില്‍ ആരോടോ വല്ലാതെ  മുഷിഞ്ഞു സംസാരിക്കുന്നു. പരിസരം മറന്നു കരയുന്നു. ആ രാത്രി അവള്‍ എന്നെ വിളിച്ചു. പതിവിനു വിപരീതമായി അവളുടെ ഒച്ച താഴ്ന്നിരുന്നു. “എനിക്ക് നാട്ടില്‍ പോകാന്‍ ഒരു ടിക്കറ്റ് എടുത്തു തരണം. ക്രിസ്തുമസ് വരുന്നത് കൊണ്ട് ബസ്സിനു ടിക്കറ്റ് കിട്ടാനില്ല” എന്ന് പറഞ്ഞു. “ നീ തനിച്ചാണോ” എന്ന ചോദ്യത്തിന് ഒന്നു മൂളുക മാത്രം ചെയ്തു. കൂടുതല്‍ ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ ഭര്‍ത്താവിന്റെ പെങ്ങള്‍ ദുബായില്‍ നിന്നും എത്തിയിട്ടുണ്ട് പിന്നെ വിളിച്ചോളാം എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു. 

walking.jpg.image.784.410

ക്രിസ്തുമസിന് രണ്ടു ദിവസം മുന്‍പേ അവള്‍ വീണ്ടും വിളിച്ചു സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഞാന്‍ യാത്രക്കിടയില്‍ ആയിരുന്നതിനാല്‍ ഇത്തവണ എനിക്കും സംസാരിക്കാനായില്ല. 

വിവാഹം കഴിഞ്ഞു മൂന്നാം മാസം ക്രിസ്തുമസ് ദിവസം അവള്‍ ബാംഗ്ലൂരിലെ ഭര്‍തൃഗൃഹത്തില്‍ വെച്ച് ആത്മഹത്യ ചെയ്തു. കിടപ്പു മുറിയില്‍ കെട്ടിത്തൂങ്ങി. കൊലപാതകമോ ആത്മഹത്യയോ എന്നറിയാതെ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ആരെങ്കിലും മരിച്ച വാര്‍ത്ത കേട്ടാല്‍ പേടിച്ച് അന്നു രാത്രി എന്റെ കൂടെ കട്ടിലില്‍ കേറി കിടക്കുമായിരുന്ന അവള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എനിക്കുണ്ടാക്കിയ ഞെട്ടല്‍  ഭീകരമായിരുന്നു. 

എന്‍റെ നിലവിളി കേട്ടാണ് അന്ന് ഹോസ്റ്റല്‍ ഉണര്‍ന്നത്. അന്നത്തെ പത്രങ്ങളില്‍ അവളുടെ ഫോട്ടോയും വാര്‍ത്തയും വന്നിരുന്നു. എനിക്കുറപ്പുണ്ട് അവളുടെ ദാമ്പത്യ ജീവിതത്തിലേക്ക് ആരോ ഒരാള്‍ ഭീഷണിയുടെ സ്വരവുമായി കടന്നു വന്നിട്ടുണ്ട്. ഒരു പുല്ലന് വേണ്ടിയും തീര്‍ത്തു കളയാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് മറ്റുള്ളവരെ ധൈര്യപൂര്‍വ്വം ഉപദേശിച്ചിരുന്ന അവള്‍ ആരെയോ വല്ലാതെ ഭയപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്‍റെ അഭിമാനത്തെ അത്രമേല്‍ കരുതലോടെ കണ്ടിരുന്ന അവള്‍ക്ക് അറിഞ്ഞോ അറിയാതെയോ എവിടെയോ പരിക്കു സംഭവിച്ചിട്ടുണ്ട്. ഭര്‍ത്താവോ, സുഹൃത്തുക്കളോ, പൂര്‍വ്വകാല പ്രണയത്തിലെ ബിംബങ്ങളോ ആരുമാവാം.

crime-suicide.jpg.image.784.410

ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എനിക്കാ ഷോക്കില്‍ നിന്നും മാറാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ ഭയവും വിരസതയും നിറഞ്ഞതായി. ബാംഗ്ലൂരിലെ പല കാഴ്ചകളും അവളെ ഓര്‍മ്മപ്പെടുത്തി. ആ ഭയം വിവാഹം എന്ന സങ്കല്‍പ്പത്തെയും ഭയപ്പെടുത്തി. കാലം എനിക്കു വേണ്ടി കാത്തു നില്‍ക്കാതെ കടന്നു പോയി. വിവാഹമെന്ന വെല്ലുവിളി കഠിനമായി. മിക്ക സ്ത്രീ ജീവിതങ്ങളുടെയും തുടര്‍ച്ച പോലെ ആരുടെയൊക്കെയോ അനിവാര്യതകള്‍ക്ക് അടിമയായി ഞാനും ഒടുവില്‍ വിവാഹിതയായി. ഒരു വര്‍ഷത്തിനു ശേഷം മോന്‍ പിറന്നു. 

കുറച്ചു കാലം മുൻപ് നാട്ടില്‍ പോയപ്പോള്‍ ഞാന്‍ മോനെയും സഹോദരിയും അവളുടെ ഭര്‍ത്താവിനെയും കൂട്ടി കണ്ണൂരിലെ  അവളുടെ വീട്ടില്‍ പോയി. സന്ധ്യക്ക്‌ ഞങ്ങള്‍ കയറി ച്ചെല്ലുമ്പോള്‍  മഴയത്ത് അവളെ അടക്കം ചെയ്ത മണ്ണിലെ കള പറിച്ചു കളയുന്ന അവളുടെ അമ്മ, അവളുടെ മണ്‍കൂന മൂടിപ്പടരുന്ന പുല്‍ക്കാട്, പായല്‍ പിടിച്ച മുറ്റം, തുരുമ്പിച്ച ഗ്രില്ലിന്റെ അഴികള്‍, മീനു എനിക്ക് മീതെ പൊടുന്നനെ അലറിപ്പെയ്തു. ഈ വരവ് ഇത്രയും നീണ്ടു പോയത് എനിക്കുറപ്പുണ്ടായിരുന്നു അവളുടെ അസാനിധ്യത്തില്‍ എന്നെ അവര്‍ കാണുമ്പോള്‍ തകര്‍ന്നു പോവുമെന്ന്. 

അവളുടെ ബന്ധുക്കള്‍ ബാംഗ്ലൂര്‍ സന്ദര്‍ശിക്കുമ്പോള്‍ പലപ്പോഴും മീനുവിനൊപ്പം ഞാനുമുണ്ടായിരുന്നു. അവള്‍ക്കുള്ള പലഹാരപ്പൊതികള്‍ക്കൊപ്പം എനിക്കുള്ള മീന്‍, കല്ലുമ്മക്കായ അച്ചാറുകളും, ഉണ്ണിയപ്പവുമെല്ലാം വേറെ തന്നെ കരുതിയിരുന്നു. ഓര്‍മ്മകള്‍ എന്നെക്കാള്‍ ഒരടി മുൻപേ നടന്നു തുടങ്ങി. ഇരുട്ട് ഒരു പാറാവുകാരനെ പോലെ ഞങ്ങളെ തുറിച്ചു നോക്കി. 

rape-victim.jpg.image.784.410

അപ്രതീക്ഷിതമായി എന്നെക്കണ്ടതും ആ  അമ്മയും  അച്ഛനും കരയാന്‍ തുടങ്ങി. എന്താണ് പറയേണ്ടത് എന്നറിയാതെ കണ്ണ് നിറഞ്ഞ് ഞങ്ങളും. ഞാനാ അമ്മയുടെ മുഖത്തേക്ക് നോക്കി, കവിളൊട്ടി കണ്ണുകള്‍ കുഴിഞ്ഞ് ഭയപ്പെടുത്തും പോലൊരു രൂപം. നെറ്റിയില്‍ എപ്പോഴും കാണാറുള്ള വലിയ ചുമന്ന പൊട്ടോ, മെടഞ്ഞിട്ട നീളന്‍ മുടിയോ ഒന്നുമില്ല. എനിക്ക് മീതെ മൂടിക്കെട്ടിയ ആകാശം പോലെ വിഷാദം മൂടി കറുപ്പ് പടര്‍ന്ന അവരുടെ മുഖം. 

കരഞ്ഞുകൊണ്ട്‌ അവര്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അവളുടെ മരണത്തോടെ ഹാര്‍ട്ട് പേഷ്യന്റ് ആയ അച്ഛന്‍. വീട്ടില്‍ ഒരു ബന്ധുക്കളെയും ഇപ്പോള്‍ കയറ്റാറില്ല. പൊതു ആഘോഷങ്ങളില്‍ പങ്കെടുക്കാറില്ല. അവര്‍ ശബ്ദങ്ങളെ ഭയക്കുന്നു. സ്നേഹസമ്പന്നമായ ആ കുടുംബം തകർന്നു പോയിരിക്കുന്നു. ഇന്നവരുടെ എല്ലാ ദിവസങ്ങള്‍ക്കും മകളുടെ മരണത്തിന്‍റെ മണം. അവളുടെ ഓര്‍മ്മകള്‍ ഭ്രാന്തു പിടിപ്പിക്കുന്നതിനാല്‍  അവള്‍ കളിച്ചു വളര്‍ന്ന വീടവര്‍ ഉപേക്ഷിച്ചിരുന്നു.  അടുത്തു തന്നെ മറ്റൊരു വീട്ടില്‍ ആയിരുന്നു താമസം. 

"എന്തായിരുന്നു സംഭവിച്ചത്. പലതും ഞങ്ങള്‍ അറിഞ്ഞത് അവളുടെ മരണശേഷമാണ്.” അവളുടെ അച്ഛന്‍ വിറയലോടെ ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ പോലും പറയുന്നതില്‍ അര്‍ത്ഥമില്ല എന്നെനിക്കു തോന്നി. മരണം അതുണ്ടാക്കുന്ന ശൂന്യത ഒരൊ കുടുംബത്തിലും ഭീകരം ആണ്. ഞങ്ങള്‍ ഇറങ്ങുവോളം അവര്‍ കരച്ചില്‍ നിര്‍ത്തിയില്ല. കുഞ്ഞിനെ കയ്യില്‍ എടുത്ത് അവളുടെ അമ്മ പൊട്ടിക്കരഞ്ഞു. മുന്നില്‍ കൊണ്ടു വച്ച ചായയില്‍ പോലും അവരുടെ കണ്ണീരുപ്പ് കലര്‍ന്നിരിക്കണം. തൊണ്ടയില്‍ ശ്വാസം തടഞ്ഞു. 

മുറ്റത്തേക്കിറങ്ങിയപ്പോള്‍ ആ മണ്‍കൂന ഒരിക്കല്‍ കൂടി ഞാന്‍ നോക്കി. “ എന്തിനായിരുന്നു...ഇവര്‍ക്ക് വേണ്ടിയെങ്കിലും ”? അവളോട്‌ സംസാരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എനിക്കുറപ്പുണ്ട് അവള്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു. അതെന്‍റെ ആത്മവിശ്വാസമാണ്. പക്ഷേ ജീവിതത്തിന്‍റെ ദുരിത പര്‍വ്വങ്ങള്‍ ഓരോന്നും ചാടി കടക്കുമ്പോള്‍ ഞാന്‍ എന്തിനാണ് മരണത്തെ സ്വപ്നം കാണുന്നത്? ഹൃദയത്തിന് താങ്ങാന്‍ കഴിയുന്നൊരു ഭാരമുണ്ട്. മുറിവും ഭയവും അതിന്‍റെ ഏറ്റവും ക്രൗര്യമായ മുഖവുമായി ചിന്തകളില്‍ തകര്‍ത്താടുമ്പോള്‍ ആ ഒരൊറ്റ നിമിഷത്തെ അതിജീവിച്ചാല്‍ നമ്മള്‍ ജയിക്കും. 

look.jpg.image.784.410

സ്നേഹിച്ചു നഷ്ട്ടപ്പെടുമ്പോള്‍ പ്രതികാരം ചെയ്യുന്നത് സ്നേഹിച്ചിരുന്നു എന്നതിന്റെ അടയാളമല്ല. കപടതയുടെ ആഖ്യാനം മാത്രമാണത്. എഫ് ബി യില്‍ പെണ്‍കുട്ടികളെ അപകീര്‍ത്തി പ്പെടുത്തുന്ന പോസ്റ്റ്‌ കാണുമ്പോള്‍ എല്ലാം എനിക്കവളെ ഓര്‍മ്മ വരും. അതില്‍ പതിയിരിക്കുന്ന മരണ വെപ്രാളത്തിന്റെ തണുപ്പ് എനിലേക്ക് പടരും.  സൈബര്‍ ലോകം വഴി സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ഓരോ മനുഷ്യനിലും ഒരു കൊലയാളിയുടെ മുഖമുണ്ട്. അത്തരം ചിത്രങ്ങള്‍ പങ്കു വെച്ച് ആസ്വദിക്കുന്ന ഓരോരുത്തര്‍ക്കും അങ്ങനെ സംഭവിക്കുന്ന ആത്മഹത്യയില്‍ ഒരു പങ്കുമുണ്ട്. 

സ്നേഹിക്കുമ്പോള്‍ വിശ്വാസ്യത ഉണ്ടാകും, കൂടെ നടന്നിട്ടുണ്ടാകാം, കിടന്നിട്ടുണ്ടാകാം. താനൊരു  സംഭവം ആണെന്ന് വിളിച്ചു പറയാന്‍ സ്നേഹിച്ച കാലത്തെ ചാറ്റുകള്‍, ഫോട്ടോകള്‍ മറ്റുള്ളവരെ കാണിക്കുകയും ഞാനവളെ പത്ത് വട്ടം, മുപ്പതു വട്ടം, നൂറുവട്ടം അനുഭവിച്ചു എന്നു വീമ്പു  പറയുമ്പോള്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെ കുറിച്ച് ചിന്തിക്കണം. അത് സ്ത്രീ ആയാലും പുരുഷന്‍ ആയാലും. പുരുഷന്മാരേക്കാള്‍ വഞ്ചിക്കപ്പെടുന്നത് സ്ത്രീകളാണ്. അത്തരം വിഷമങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്നതില്‍ ഏറെയും പെണ്‍കുട്ടികളാണ്. പലതും ദുരൂഹ മരണങ്ങളായി പോവുന്നതിന്റെ പിന്നില്‍ ഇങ്ങനെയൊരുപാട് ഭയപ്പെടലുകള്‍ ഉണ്ടാവും.  

കുറച്ചു നാള്‍ മുന്‍പ് ഫേസ് ബുക്കില്‍ ഒരു പോസ്റ്റ്‌ കണ്ട് പകച്ചു പോയി. ഒരു പെണ്‍കുട്ടിയുടെ കൂടെ ഒരു പയ്യന്‍ ഇരിക്കുന്ന ഫോട്ടോ. അസ്വഭാവികമായി യാതൊന്നും അതില്‍ ഇല്ല. പതിനെട്ടില്‍ അധികം ആളുകളെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. തലക്കെട്ട്‌ ഇതായിരുന്നു. “ഞാനിവളെ പലയിടങ്ങളില്‍ കൊണ്ട് പോയി അനുഭവിച്ചിട്ടുണ്ട്''.ഒരുപക്ഷേ ആ പെണ്‍കുട്ടിയെ അയാള്‍ ഒരിക്കല്‍ പോലും അനുഭവിചിട്ടുണ്ടാകില്ല.  പ്രായം കുറവാണ്. ട്യൂഷന്‍ ക്ലാസിലോ കൊളേജിലോ ഇരിക്കുമ്പോള്‍ എടുത്ത ഫോട്ടോ ആകാം . ചിലപ്പോള്‍ സ്നേഹിച്ചതൊരു വൃത്തികെട്ടവനെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഇട്ടിട്ടു പോയതാവാം. ഒരുപക്ഷേ അവള്‍ക്കവനോട്‌ ഉണ്ടായിരുന്നത്  സൗഹൃദം മാത്രം ആകാം.

അവള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഇത്തരം പോസ്റ്റുകള്‍ കൊണ്ടുണ്ടാകുന്ന പരിണിത ഫലം ഭീകരമാണ്. ഈ സമൂഹത്തിന്റെ കപടതകളെ മറികടക്കാന്‍ മാത്രം ധൈര്യം നമ്മുടെ സ്ത്രീകള്‍ക്ക് കൈവന്നിട്ടില്ല. കൂട്ടയാക്രമണങ്ങളെ നേരിടാന്‍ അവര്‍ക്കിനിയും കുറെ ദൂരം പിന്നിടെണ്ടതുണ്ട്. വികാരം കൊണ്ടല്ലാതെ യുക്തികൊണ്ട് കപടമായ വിചാരണകളെ നേരിടാന്‍ അവര്‍ക്ക് സാധിക്കട്ടെ.നമ്മള്‍ അറിഞ്ഞോ അറിയാതെയോ ആരുടേയും കൊലയാളികള്‍ ആവാതിരിക്കട്ടെ.