അമിതവേഗം അപകടങ്ങളെ ക്ഷണിച്ചു വരുത്തും. വേഗം കൂടുന്തോറും അപകടത്തിൽ പെടാനുള്ള സാധ്യതകളുമാണ് കൂടുന്നത്. വേഗത്തിൽ വാഹനങ്ങളെ മറികടന്ന് ചെല്ലുമ്പോഴായിരിക്കും മുന്നിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കാണുക. ഹൈവേകളിൽ അത്തരത്തിൽ നിരവധി അപകടങ്ങളുണ്ടാകാറുണ്ട്. അതുകൊണ്ടാണ് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എപ്പോഴും ജാഗരൂകരായിരിക്കണം എന്നു പറയാറ്.
സിംഗപ്പൂരിലെ എക്സ്പ്രസ് ഹൈവേയിൽ ഉണ്ടായ ഒരു അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണിപ്പോൾ. കാറിനെ മറികടക്കാൻ ശ്രമിച്ച ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ ബ്രേക്ക്ഡൗണായി കിടന്ന വാഹനത്തിൽ ഇവർ ചെന്നിടിക്കുകയായിരുന്നു. അമിതവേഗം കാരണം ബൈക്ക് യാത്രികരിൽ ഒരാള് വായുവിൽ ഉയർന്ന് പൊങ്ങിയാണ് നിലത്ത് പതിച്ചത്.
ഹൈവേയിലൂടെ പോകുകയായിരുന്ന മറ്റൊരു കാറിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കഴിഞ്ഞ മാസം നടന്ന അപകടത്തിൽ ബൈക്ക് യാത്രികർക്കു ഗുരുതരമായി പരിക്കുകളേറ്റു എന്നാണ് പ്രാദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.