യാത്രക്കാരൻ ഇരുകാലുകളിലെയും സോക്സിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ടര കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. കണ്ടെടുത്ത മിശ്രിതം വേർതിരിച്ചെടുത്തപ്പോൾ ഒന്നര കിലോഗ്രാം സ്വർണം ലഭിച്ചതായും യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന 250 ഗ്രാം സ്വർണമാല ഉൾപ്പെടെ 50 ലക്ഷത്തിന്റെ സ്വർണം പിടികൂടിയതായും കസ്റ്റംസ് അറിയിച്ചു.
ഇന്നലെ രാവിലെ 9.50ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കണ്ണൂർ മല്ലൂർ ശിവപുരം സ്വദേശി വല്ലത്ത് അബ്ദുസ്സലാം (36) ആണ് അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ എയർ കസ്റ്റംസിനു പുറമേ, കോഴിക്കോട് ഡിആർഐ സംഘത്തിനും രഹസ്യവിവരം ലഭിച്ചിരുന്നു. പശരൂപത്തിലുള്ള സ്വർണമിശ്രിതം കാലുകളിൽ മുട്ടിനു താഴെയായി ഒട്ടിച്ചശേഷം സോക്സ് ധരിച്ചാണ് യാത്രക്കാരൻ എത്തിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എം.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് മുരളീധരൻ, ഇൻസ്പെക്ടർമാരായ കപിൽദേവ്, സന്ദീപ് എന്നിവർ ചേർന്നാണു പിടികൂടിയത്.