ബ്ലൂ വെയിൽ കളിക്കുന്നുവെന്നു ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. ബ്ലൂ വെയിൽ ഗെയിമിന്റെ മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കിയതായും കയ്യിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചതായും ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി ഇരുപത്തിമൂന്നുകാരനെ ഇന്നലെ ഉച്ചയോടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചോദ്യം െചയ്യലിൽ ഗെയിം കളിച്ചിട്ടില്ലെന്നും ഫെയ്സ് ബുക്കിൽ ലൈക്ക് കിട്ടാനായി പോസ്റ്റ് ഇട്ടതാണെന്നും യുവാവ് സമ്മതിച്ചു. എന്നാൽ, ഇതു പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇയാൾ നേരത്തെയും സാഹസികസ്വഭാവമുള്ള പല ഓൺലൈൻ ഗെയിമുകളും കളിച്ചിരുന്നുവെന്നാണു പൊലീസ് കണ്ടെത്തൽ.
സ്റ്റേഷനിൽ വച്ചു ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് ഇപ്പോൾ മനോരോഗ വിദഗ്ധന്റെ ചികിൽസയിലാണ്. മനോനില പൂർവ സ്ഥിതിയിലായ ശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്നും അതിനു ശേഷമേ ബ്ലൂ വെയിൽ കളിച്ചിട്ടുണ്ടെയെന്നതിനെക്കുറിച്ചു വ്യക്തത വരുത്താനാകൂവെന്നും ഇടുക്കി സിഐ: സിബിച്ചൻ ജോസഫ് പറഞ്ഞു.
യുവാവിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറി. കൈത്തണ്ടയിൽ രണ്ടാഴ്ച പഴക്കമുള്ള മുറിപ്പാട് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതു ബ്ലേഡ് കൊണ്ടു മുറിവേൽപ്പിച്ചതാണോയെന്നു വിദഗ്ധ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നു പൊലീസ് പറഞ്ഞു.
ഫെയ്സ്ബുക് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്.
വ്യാജ അവകാശവാദവുമായി പെരുമ്പാവൂർ സ്വദേശി
ബ്ലൂവെയിൽ ഗെയിമിന്റെ പത്തു ഘട്ടങ്ങൾ പിന്നിട്ടുവെന്നുള്ള വ്യാജ അവകാശവാദവുമായി പെരുമ്പാവൂർ സ്വദേശിയായ യുവാവും രംഗത്തെത്തി.
മുറിവേറ്റ കൈത്തണ്ടയുടെ പടം ഫെയ്സ്ബുക്കിൽ ഇട്ട പെരുമ്പാവൂർ സ്വദേശി, ബ്ലൂവെയ്ൽ അഡ്മിൻ തിമിംഗലത്തെ വരയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും തനിക്ക് ഇങ്ങനെയൊക്കെയേ അറിയൂവെന്നും അടുത്ത ഘട്ടത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
എന്നാൽ, കൈത്തണ്ടയിലെ പരുക്ക് വടംവലി മൽസരത്തിനിടെയുണ്ടായതാണെന്ന യാഥാർഥ്യം മൽസരത്തിന്റെ ചിത്രം സഹിതം യുവാവിന്റെ തന്നെ സുഹൃത്തുക്കൾ കമന്റ് ചെയ്തതോടെ യുവാവ് അവകാശവാദത്തിൽനിന്നു പിന്മാറുകയായിരുന്നു.
തുടർന്ന്, തമാശയ്ക്കു ചെയ്തതു തീക്കളിയായെന്നും എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്നും പോസ്റ്റ് ചെയ്ത യുവാവ് പഴയ ബ്ലൂവെയിൽ പോസ്റ്റ് പിൻവലിച്ചു.