E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ലിഫ്റ്റിൽ പോകുന്നവർ സൂക്ഷിക്കുക! പെട്ടുപോയേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Rescue-Operation- ഫയൽചിത്രം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഗരത്തിലെ ബഹുനില കെട്ടിടങ്ങളുടെ ഉയരങ്ങളിലേക്കു ലിഫ്റ്റിൽ പോകുന്നവർ സൂക്ഷിക്കുക! ഒരുപക്ഷേ, നിങ്ങളെ കാത്തിരിക്കുന്നതു മണിക്കൂറുകൾ നീളുന്ന യാതനകളാവാം; ശ്വാസം കിട്ടാൻ പോലും ബുദ്ധിമുട്ടുന്ന നിമിഷങ്ങളാവാം. കൊച്ചി നഗരത്തിലെ മൂന്നു നിലയ്ക്കു മുകളിലുള്ള 1508 കെട്ടിടങ്ങളിൽ 667 കെട്ടിടങ്ങളിലെ ലിഫ്റ്റുകളുടെനിയമപ്രകാരമുള്ള ലൈസൻസ് പുതുക്കിയിട്ടില്ല. ഏതു നിമിഷവും പ്രവർത്തനം നിലച്ചു യാത്രക്കാരെ ത്രിശങ്കുവിലേക്കു തള്ളിയിടാൻ ഈ ആകാശപ്പെട്ടികൾ ധാരാളം മതി. 

ഇലക്ട്രിക്കൽ ഇൻസെപ്ക്ടറേറ്റിൽ നിയമപ്രകാരം ലൈസൻസിന് അപേക്ഷ സമർപ്പിച്ച ബഹുനില മന്ദിരങ്ങളുടെ മാത്രം കണക്കാണിത്. ഇൻസ്പെക്ടറേറ്റിന്റെ ദൂരദൃഷ്ടിയിൽ പോലും പെടാത്ത എത്രയോ കെട്ടിടങ്ങൾ നഗരത്തിലുണ്ട് എന്നതു കണക്കിലെടുക്കുമ്പോൾ വലിയ അപകടത്തിനു നടുവിലാണു ജനങ്ങൾ നിൽക്കുന്നതെന്ന് അധികൃതർതന്നെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു പ്രധാന മാളിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്നുള്ള കണക്കെടുപ്പിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.  

ആയിരം രൂപ മുടക്കാൻ മടി 

വെറും ആയിരം രൂപയാണു ലിഫ്റ്റിന്റെ ലൈസൻസ് പുതുക്കാൻ ചെലവ്. ലൈസൻസ് കാലാവധി കഴിയുന്നതിനു മൂന്നു മാസം മുമ്പ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷിക്കണം എന്നു മാത്രം. ഉദ്യോഗസ്ഥർ എത്തി ലിഫ്റ്റിന്റെയും അനുബന്ധ ഉപകരണങ്ങളുടെ നിലവാരം പരിശോധിച്ച ശേഷം ലൈസൻസ് പുതുക്കി നൽകും.  

അപേക്ഷ നൽകാതെ ലൈസൻസ് കാലാവധി പിന്നിട്ടാൽ മാസം നൂറു രൂപ വീതമാണു പിഴ. പിന്നീടു മൊത്തം രണ്ടായിരം രൂപ മുടക്കി ലൈസൻസ് പുതുക്കി വാങ്ങാം. എന്നാൽ അതിനും തയാറാകാതെയാണു നഗരത്തിലെ 667 ബഹുനില മന്ദിരങ്ങൾ പ്രവർത്തിക്കുന്നത്.  

നിയമത്തിലും പഴുത് 

2013ൽ നിയമസഭ പാസാക്കിയ ‘കേരള ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റർ റൂൾസ്’ പ്രകാരമാണു ബഹുനില മന്ദിരങ്ങളിലെ ലിഫ്റ്റുകൾ സ്ഥാപിക്കേണ്ടതും പരിപാലിക്കേണ്ടതും. എന്നാൽ ഈ നിയമം പാലിക്കാത്ത ബഹുനില മന്ദിരങ്ങൾക്കെതിരെ എങ്ങനെ നടപടിയെടുക്കണം എന്നതിനു ചട്ടങ്ങൾ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.  

ലൈസൻസ് പുതുക്കാത്തതും നിയമപ്രകാരമുള്ള ലൈസൻസ് സംഘടിപ്പിക്കാത്തതുമായ കെട്ടിടങ്ങൾക്കും ഉടമകൾക്കും എതിരെ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. ലൈസൻസ് ഇല്ലെങ്കിൽ ലിഫ്റ്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നാണു നിയമം. എന്നാൽ ഇതിനു കെട്ടിട ഉടമയ്ക്കു നോട്ടിസ് നൽകണമോ എന്നു ചട്ടത്തിൽ പറയുന്നില്ല.  

ഇതോടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും വെട്ടിലായി. നോട്ടിസ് നൽകാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ ഒരുപക്ഷെ, ഉദ്യോഗസ്ഥനു കോടതി കയറിയിറങ്ങേണ്ട ഗതിയാവുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.  

പഞ്ഞമില്ലാതെ നിയമങ്ങൾ 

ബഹുനില മന്ദിരങ്ങളുടെ ഘടനയും അവയിൽ വേണ്ട സൗകര്യങ്ങളും നിശ്ചയിക്കാൻ നിയമങ്ങൾ ഒട്ടേറെയുണ്ട്. കേരള മുനിസിപ്പൽ ബിൽഡിങ് റൂൾ, നാഷനൽ ബിൽഡിങ് കോഡ് തുടങ്ങിയവയ്ക്കു പുറമേ, ഫയർ ആൻഡ് റെസ്ക്യൂ നിയമത്തിലും ലിഫ്റ്റിന്റെ ആവശ്യകത നിഷ്കർഷിക്കുന്നുണ്ട്.  

മൂന്നു നിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ലിഫ്റ്റ് നിർബന്ധമാണെന്നാണു പൊതു ചട്ടം. എന്നാൽ ഇവയൊന്നും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. ‌ 

പ്രവർത്തിക്കാതെ എആർഡി സംവിധാനം 

ആധുനിക ലിഫ്റ്റുകളിൽ ഓട്ടോമാറ്റിക്ക് റെസ്ക്യൂ ഡിവൈസ് (എആർഡി) സംവിധാനം നിർബന്ധമാണ്. ലിഫ്റ്റ് പ്രവർത്തിക്കുന്നതിനിടെ വൈദ്യുതി ബന്ധം തകരാറിലായാലോ മറ്റു പ്രശ്നങ്ങൾ നേരിട്ടാലോ ലിഫ്റ്റ് തൊട്ടടുത്ത നിലയിൽ താനെ എത്തി വാതിൽ തുറക്കുന്ന സംവിധാനമാണ് എആർഡി.  

ലിഫ്റ്റിന് ഇതു നിർബന്ധമാണെങ്കിലും പഴയകാല കെട്ടിടങ്ങളിലെ ലിഫ്റ്റിൽ ഇതു വേണമെന്നു നിഷ്കർഷിക്കാൻ സാധിക്കില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ വ്യക്തമാക്കി. എആർഡി ഘടിപ്പിക്കണമെങ്കിൽ ചിലപ്പോൾ ലിഫ്റ്റ്തന്നെ മാറ്റേണ്ടി വരും. അതിനു 30 ലക്ഷം രൂപയും മുടക്കേണ്ടി വരും.  

അത്തരം കെട്ടിടങ്ങളുടെ ഉടമകൾ അപേക്ഷിക്കുമ്പോൾ ഈ നിയമത്തിൽ ഇളവു കൊടുക്കുകയാണു പതിവെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. എആർഡി സംവിധാനം ഘടിപ്പിച്ചിട്ടുള്ള ലിഫ്റ്റുകളിൽ പോലും പലപ്പോഴും അവ പ്രവർത്തിക്കാറില്ലെന്നു യാത്രക്കാർ പറയുന്നു.  

ഓപ്പറേറ്റർ ഇല്ല 

സർക്കാർ ഓഫിസുകളിലേതിലുൾപ്പെടെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ പരിചയസമ്പന്നരായ ജീവനക്കാരെ നിയമിക്കണമെന്നുണ്ട്. എന്നാൽ അപൂർവം ചില സർക്കാർ ഓഫിസുകളിലൊഴികെ ഇതിനായി ആരെയും നിയമിക്കാറില്ല. ഉള്ളവർക്കു തന്നെ അടിയന്തര ഘട്ടങ്ങളിൽ എന്തു ചെയ്യണമെന്ന മുൻപരിചയവും ഇല്ല. യാത്രക്കാർക്കൊപ്പം ജീവനക്കാരും പരിഭ്രാന്തരാവുന്ന കാഴ്ചയാണു പലയിടത്തുമെന്നു ജനങ്ങൾ പറയുന്നു.  

യാത്രക്കാർക്കും ഭീഷണി 

ലൈസൻസ് ഇല്ലാത്ത ലിഫ്റ്റുകൾ അതിലെ യാത്രക്കാർക്കും വലിയ ഭീഷണിയാണ്. മാനസിക സംഘർഷങ്ങൾ മാത്രമല്ല പ്രശ്നം, അപകടത്തിൽ എന്തെങ്കിലും പരുക്കു പറ്റിയാൽ ഇൻഷുറൻസ് അനുകൂല്യങ്ങൾ പോലും ലഭിക്കാൻ യാത്രക്കാർക്ക് അർഹതയുണ്ടാവില്ല. ലൈസൻസ് ഇല്ലാത്ത ലിഫ്റ്റുകൾ പ്രവർത്തിപ്പിച്ച കെട്ടിട ഉടമകളോടു നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെട്ടേക്കുമെങ്കിലും അതു ലഭ്യമാകാൻ പിന്നെയും കാലതാമസമുണ്ടാകും.  

ലിഫ്റ്റിൽ കുടുങ്ങിയാൽ  

∙ പരിഭ്രാന്തരാവാതെ ലിഫ്റ്റിലെ അലാം ബട്ടൻ അമർത്തുക.  

∙ ചില ലിഫ്റ്റുകളിൽ ഫോൺ സംവിധാനം ഉണ്ടാകും. അതിൽ ജീവനക്കാരെ ബന്ധപ്പെടാൻ ശ്രമിക്കുക.  

∙ ആരും പ്രതികരിക്കുന്നില്ലെങ്കിൽ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി, പുറത്തുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കാം.  

∙ പൊലീസ്, ഫയർഫോഴ്സ് നമ്പറുകളിൽ ബന്ധപ്പെട്ട് ലിഫ്റ്റ് നിലച്ച വിവരം ധരിപ്പിക്കാം. ഫയർഫോഴ്സ് ഉടൻ സേവനത്തിനെത്തും.

∙ ലിഫ്റ്റിന് വഹിക്കാൻ കഴിയുന്ന ഭാരത്തേക്കാൾ കൂടുതൽ ആളുകൾ കയറാതിരിക്കാൻ ആദ്യമേ ശ്രദ്ധിക്കണം.  

∙ ബലം പ്രയോഗിച്ചു വാതിലുകൾ തുറക്കാതിരിക്കാൻ ശ്രദ്ധിക്കണം. 

∙ കെട്ടിടത്തിലെ ജീവനക്കാരുടെ സഹായം ഇല്ലാതെ, പാതി തുറന്ന വാതിലിലൂടെ പുറത്തു കടക്കാൻ ശ്രമിക്കരുത്.  

ലൈസൻസ് പുതുക്കിയില്ലെങ്കിൽ നടപടി 

ടോമിൻ ജെ. തച്ചങ്കരി(അഗ്നിരക്ഷാ സേന ഡിജിപി)

ഫയർ ആൻഡ് റെസ്ക്യൂ ചട്ടങ്ങളിലും ബഹുനില മന്ദിരങ്ങളിൽ ലിഫ്റ്റ് അത്യന്താപേക്ഷിതമാണ്. കൊച്ചിയിലെ ബഹുനില മന്ദിരങ്ങളിൽ പലതിലെയും ലിഫ്റ്റുകൾക്ക് ലൈസൻസ് പുതുക്കിയിട്ടില്ലാത്തതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമപ്രകാരം ഇവ പുതുക്കാൻ ഉടൻ ആവശ്യപ്പെടും. എന്നിട്ടും പുതുക്കാത്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. 

കുടുങ്ങിക്കുടുങ്ങി ശീലമായി 

രമേശ് ചെന്നിത്തല(പ്രതിപക്ഷ നേതാവ്)

കാസർകോട് ജില്ലാ സഹകരണ ബാങ്കിന്റെ ലിഫ്റ്റിലാണ് ആദ്യം കുടുങ്ങിയത്. അന്നു ഫയർഫോഴ്സ് എത്തി ലിഫ്റ്റ് പൊളിച്ചാണു ഞങ്ങളെ പുറത്തെത്തിച്ചത്. പിന്നീടു തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ലിഫ്റ്റിലാണു കുടുങ്ങിയത്. പ്രവർത്തകരുടെ എണ്ണം താങ്ങാനാവാതെ ലിഫ്റ്റ് ഇടയ്ക്കു നിന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓപ്പറേറ്റ് ചെയ്യാൻ ശ്രമിച്ചതും വിനയായി.  

തൃശൂർ വൈഎംസിഎ ഹാളിലെ ലിഫ്റ്റിൽ പത്തു മിനിറ്റോളം കുടുങ്ങിയിട്ടുണ്ട്. പിന്നൊരിക്കൽ തിരുവനന്തപുരം ഗെസ്റ്റ് ഹൗസിലെ ലിഫ്റ്റിലും കുടുങ്ങി. ഇപ്പോൾ അതൊരു ശീലമായി. പക്ഷേ, ഭയങ്കര ടെൻഷനാണു ലിഫ്റ്റ് നിന്നുപോയാൽ. ഫയർഫോഴ്സൊക്കെ വരുന്ന ശബ്ദം കേൾക്കുമ്പോൾ നമുക്ക് എന്തും സംഭവിക്കാം എന്ന പേടിയും തോന്നും. ബഹുനില മന്ദിരത്തിലെ ലിഫ്റ്റിന്റെ പ്രവർത്തനം ഇടയ്ക്കിടെ  പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.  

ലിഫ്റ്റിൽ ലിഫ്റ്റ് ചോദിക്കാത്തവർ 

ഡോ.സി.ജെ. ജോൺ (മാനസികാരോഗ്യ വിദഗ്ധൻ)

ചില സാഹചര്യങ്ങളോടുള്ള അകാരണമായ ഭയത്തെ പൊതുവിൽ സിറ്റുവേഷനൽ ഫോബിയ എന്നു വിശേഷിപ്പിക്കാറുണ്ട്. ലിഫ്റ്റ് പോലുള്ള അടഞ്ഞ ഇടങ്ങളോടും ആൾത്തിരക്കുള്ള ഇടങ്ങളോടുമൊക്കെ ഭയമുള്ളവർ ഇക്കൂട്ടത്തിൽപ്പെടുന്നു. എന്തെങ്കിലും അപകടമുണ്ടായാൽ തങ്ങൾ രക്ഷപ്പെടുമോയെന്ന ഉത്കണ്ഠയാണ് ഇവർക്ക് അത്തരം ഇടങ്ങളോട്, സാഹചര്യങ്ങളോടു ഭയം തോന്നിക്കുന്നത്.  

സ്വതവേ ഉത്കണ്ഠാലുവായവർ ഒരിക്കലെങ്കിലും ലിഫ്റ്റിൽ കുടുങ്ങിയാൽ അതു ഭീതി വർധിപ്പിക്കുന്ന ഘടകമായി മാറും. പിന്നീട്, ലിഫ്റ്റിൽ കയറാൻ അവർക്കു ഭയം തോന്നും; ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നീടു പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നു പറയുന്നതുപോലെ.  

ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ കയറിവരുന്ന ഒരുപാടു പേരുണ്ട്. ഇത്തരം ഭീതികൾ ചികിത്സിച്ചു മാറ്റാൻ കഴിയും.ഘട്ടം ഘട്ടമായി അവരുടെ ഭീതി മാറ്റാനാകും. ഭീതിയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുകയല്ല വേണ്ടത്. അതിനെ നേരിടാൻ അവർക്കു ധൈര്യം നൽകുകയാണു വേണ്ടത്.