കേരള വോളിബോളിലെ തർക്കം പുതിയ ദിശയിേലക്ക്. സമൂഹ മാധ്യമങ്ങളിൽ വോളിബോൾ അസോസിയേഷനെ വിമർശിച്ചതിന് ടോം ജോസഫിന് കാരണം കാണിക്കൽ നോട്ടീസ്. മറുപടി തൃപ്തികരമല്ലങ്കിൽ ടോമിനെ പുറത്താക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീർ പറഞ്ഞു.
കൊച്ചിയിൽ ചേർന്ന വോളിബോൾ അസോസിയേഷന്റെ അടിയന്തര പ്രവർത്തകസമിതിയോഗമാണ് ടോം ജോസഫിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. അസോസിയേഷനും സെക്രട്ടറിക്കുമെതിരായ പരസ്യ പ്രതികരണത്തിലൂടെ ടോം ജോസഫ് അച്ചടക്കം ലംഘിച്ചിരിക്കുകയാണ്. ഇതിൽ ഉടൻ വിശദീകരണം നൽകണം.
അർജുന അവാർഡ് ലഭിക്കാനായി അസോസിയേഷൻ ഒന്നും ചെയ്തില്ലെന്ന ടോമിന്റെ ആരോപണം സെക്രട്ടറി നിഷേധിച്ചു.മുൻ കായിക താരങ്ങളെ അപമാനിക്കാൻ ലക്ഷ്യംവെച്ചുള്ളതായിരുന്നില്ല ഫേസ്ബുക്ക് പോസ്റ്റെന്നും നാലകത്ത് ബഷീർ പറഞ്ഞു.
ഫെഡറേഷൻകപ്പ് വോളിബോൾ പുരഷവിഭാഗത്തിൽ കേരളം രണ്ടം സ്ഥാനം നേടിയപ്പോൾ മുൻതാരം കിഷോർ കുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് നാലകത്ത് ബഷീർ നൽകിയ മറുപടിയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം.