കട്ടക്ക് ഏകദിനത്തില്‍ 381 റണ്‍സടിച്ച ഇന്ത്യ ഏകദിനത്തില്‍ കൂടുതല്‍ തവണ 350 റണ്‍സ് നേടുന്ന ടീമായി. 22 തവണ 350ല്‍ എത്തിയ ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. 1987 ലോകകപ്പിലാണ് ആദ്യമായി ഏകദിനത്തില്‍ ടീം സ്കോര്‍ 350 കടക്കുന്നത്.
ഈ വര്‍ഷം കളിച്ച രണ്ട് ഏകദിനത്തിലും 350 കടന്ന ടീം ഇന്ത്യ ആകെ 23 തവണയാണ് 350ല്‍ എത്തിയത്. ഓസ്ട്രേലിയ 15 തവണയും ന്യൂസീലന്‍ഡ് 12 തവണയും 350 കടന്നു. ശ്രീലങ്ക എട്ടും പാക്കിസ്ഥാന് നാലും തവണ ഈ നേട്ടത്തിലെത്തി. 2015ല്‍ 18 തവണയാണ് ടീമുകള്‍ 350ന് മേലുള്ള വമ്പന്‍ സ്കോര്‍ അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം എട്ടുതവണ സ്കോര്‍ ബോര്‍ഡില്‍ 350 തെളിഞ്ഞു. രണ്ടായിരത്തിന് മുന്‍പ് ആകെ ആറു തവണ മാത്രമേ ടീമുകള്‍ 350ന് മേല്‍ സ്കോര്‍ ചെയ്തിട്ടുള്ളു. ട്വന്റി20 ക്രിക്കറ്റിന്റെ വരവോടെ 350ന് മേലുള്ള സ്കോറിന് പോലും വിജയമുറപ്പിക്കാന്‍ കഴിയാതായതോടെ ടീമുകളുടെ ലക്ഷ്യം നാന്നൂറിന് മുകളിലായി.
പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ മൂന്നിന് 444 ആണ് ഏകദിനത്തിലെ ഉയര്‍ന്ന ടീം സ്കോര്‍. ഇന്ത്യ അഞ്ചു തവണ നാന്നൂറിന് മുകളില്‍ കയറി. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സേവാഗിന്റെ ഇരട്ടസെഞ്ചുറിയുടെ കരുത്തില്‍ അടിച്ചെടുത്ത 418 റണ്‍സാണ് ഇന്ത്യയുടെ ഉയര്‍ന്ന ഏകദിനസ്കോര്. സേവാഗിന്റെ സെഞ്ചുറി ശ്രീലങ്കയ്ക്കെതിരെയും ബര്മുഡയ്ക്കെതിരേയും ഇന്ത്യന്‍ സ്കോര്‍ 400 കടത്തി. സച്ചിന്റേയും രോഹിതിന്റേയും ഇരട്ടസെഞ്ചുറികളും ഇന്ത്യയെ നാന്നൂറിന് മുകളിലെത്തിച്ചു. ആറു തവണ ടീം സ്കോര്‍ 400 കടത്തിയ ദക്ഷിണാഫ്രിക്കയുടെ പേരിലാണ് റെക്കോര്‍ഡ്. 350ന് മുകളില്‍ ആദ്യമായി റണ്സൊഴുക്കിയതിന്റെ റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ പേരിലാണ്. 1987 ലോകകപ്പില്‍ കറാച്ചിയില്‍ ശ്രീലങ്കയ്്ക്കെതിരെ വിവിയന്‍ റിച്ചാര്‍ഡ്സിന്റേയും ഡെസ്മണ്ട് ഹെയ്ന്‍സിന്റേയും സെഞ്ചുറി വിന്‍ഡീസ് സ്കോര്‍ 360ല്‍ എത്തിച്ചു.