കോഴിക്കോട് നടക്കുന്ന ഖേലോ ഇന്ത്യ സംസ്ഥാനതല മീറ്റിന് മെഡിക്കല്‍ കോളജ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. പണം നല്‍കിയശേഷമാണ് അത്്ലറ്റിക് മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയം അനുവദിച്ചതെന്നാണ് പരാതി.
ഞായറാഴ്ച നടക്കുന്ന ഖേലോ ഇന്ത്യ അത്്ലറ്റിക് മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 14,000 രൂപ വാടകയും 10,000 ഡെപ്പോസിറ്റും നല്കിയാല് മാത്രമേ സ്റ്റേഡിയം അനുവദിക്കു എന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്. ഇതോടെ പണം നല്കാന് സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ബന്ധിതരായി. കോളജിന്റെ നിലപാടിനെതിരെ കായികമന്ത്രിയ്ക്ക് പരാതി നല്‍കാനാണ് തീരുമാനം.
മലബാറിലെ കായികതാരങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ശ്രമിക്കുന്നതെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നാണ് ആവശ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് ഖേലോ ഇന്ത്യ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്.