ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ മുന്‍ ചാംപ്യന്മാരായ റോജര്‍ ഫെഡററും സ്റ്റാന്‍ വാവ്റിങ്കയും സെമിഫൈനലില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ അമേരിക്കന്‍ താരങ്ങളായ വീനസ് വില്യംസും വാന്ഡേവേഗയും സെമിയിലെത്തി. മിക്സ്ഡ് ഡബിള്‍സില്‍ സാനിയ സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു.
ഒന്നാം നമ്പര്‍ ആന്‍ഡി മറെയെ അട്ടിമറിച്ചെത്തിയ ജര്‍മന്‍ താരം മിസ്ചാ സ്വരേവ് ഫെഡ് എക്സ്പ്രസിന്റെ മികവിന് മുന്നില്‍ കാഴ്ചക്കാരന് മാത്രമായി. ഒറ്റ സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് ക്വാര്‍ട്ടറില്‍ റോജര്‍ ഫെഡററുടെ വിജയം. സ്കോര്‍ 6-1, 7-5, 6-3.
പതിമൂന്നാം തവണയാണ് ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കടക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നു തന്നെയുള്ള സ്റ്റാന്‍ വാവ്റിങ്കയാണ് സെമിയില്‍ ഫെഡററിന് എതിരാളി. ജോ വില്‍ഫ്രഡ് സോങ്കയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വാര്‍ട്ടറില്‍ വാവ്റിങ്കയുടെ വിജയം. വനിതാ സിംഗിള്‍സില്‍ റഷ്യന്‍ താരം പാവ്ലുച്ചെങ്കോവയുടെ കനത്ത വെല്ലുവിളി അതിജീവിച്ച് വീനസ് വില്യംസ് അവസാന നാലില്‍ ഇടംപിടിച്ചു. സ്കോര്‍ 6-4, 7-6
14 വര്‍ഷത്തിന് ശേഷമാണ് വീനസ് വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടക്കുന്നത്. 2003ല്‍ ഫൈനലിലെത്തിയെങ്കിലും സഹോദരി സെറീനയോട് തോറ്റു. പ്രീക്വാര്‍ട്ടറില്‍ ലോകഒന്നാം നമ്പര്‍ ആഞ്ജലിക് കെര്‍ബറെ അട്ടിമറിച്ച അമേരിക്കയുടെ കോകോ വാന്ഡേവേഗ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ഗാര്ബിന് മുഗുരുസയെ തോല്പിച്ച്, കരിയറിലെ ആദ്യ ഗ്രാന്സ്ലാം സെമിപ്രവേശം സ്വന്തമാക്കി.