ഹെലികോപ്റ്റര്‍ ഷോട്ടില്‍ അമ്പരപ്പിച്ച് മുഷീര്‍ഖാന്‍; ധോണി തന്നെയെന്ന് ആരാധകര്‍; വിഡിയോ

musheer-khan-31
ചിത്രം: X(twitter)
SHARE

ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടൊരു കൂറ്റന്‍ സിക്സ്! മാസണ്‍ ക്ലര്‍കിനെ പറത്തിവിട്ട മുഷീറിന്‍റെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അണ്ടര്‍ 19 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി വാര്‍ത്തകളില്‍ നിറയുകയാണ് മുഷീര്‍ഖാന്‍. മുഷീറിന്‍റെ തിളക്കത്തിനൊപ്പം ചേട്ടന്‍ സര്‍ഫ്രാസിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ക്ഷണം കൂടിയായപ്പോള്‍ വീട്ടിലും ആഹ്ലാദം അലതല്ലുകയാണ്. 

sarfaraz-musheer-31

13 ഫോറുകളും മൂന്ന് സിക്സുമടക്കം 125 പന്തില്‍ നിന്ന് 131 റണ്‍സാണ് മുഷീര്‍ നേടിയത്. പക്ഷേ ആ ഹെലികോപ്റ്റര്‍ ഷോട്ട് അത് ആരാധകരുടെ മനം കവര്‍ന്നു. ധോണിയെക്കാള്‍ മികച്ചരീതിയില്‍ കളിച്ചുവെന്നും അല്ല ധോണിയെ പോലെ തന്നെയെന്നും സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച നിറയുകയാണ്.അണ്ടര്‍ 19 ലോകകപ്പില്‍ മുഷീറിന്‍റെ രണ്ടാമത്തെ സെഞ്ചറിയാണിത്. അയര്‍ലന്‍ഡിനെതിരെയായിരുന്നു ആദ്യ സെഞ്ചറി. ഇതോടെ അണ്ടര്‍ 19 ല്‍ ഒന്നിലേറെ സെഞ്ചറി നേടുന്ന രണ്ടാമത്ത ഇന്ത്യന്‍ ബാറ്ററെന്ന നേട്ടവും മുഷീര്‍ സ്വന്തമാക്കി. 

മുഷീറിന്‍റെ 131 റണ്‍സിന്‍റെയും ആദര്‍ശ് സിങിന്റെ അര്‍ധ സെഞ്ചറിയും നെടുംതൂണായപ്പോള്‍ ഇന്ത്യ 295 റണ്‍സിന്‍റെ കൂറ്റന്‍ സ്കോറാണ് കിവീസിനെതിരെ ഉയര്‍ത്തിയത്.ബാറ്റിങിന് അനുകൂല പിച്ചിന്‍റെ മെച്ചം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടുകയായിരുന്നു. ഇടങ്കയ്യന്‍ സ്പിന്നറായ സൗമി കുമാര്‍ പാണ്ഡെ 19 റണ്‍സ് വഴങ്ങി നാലുവിക്കറ്റും പേസര്‍ രാജ് ലിംബാനി 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി. 214 റണ്‍സിന്‍റെ കൂറ്റന്‍ വിജയം ഇന്ത്യ നേടിയപ്പോള്‍ ന്യുസീലന്‍ഡിനത് നാണക്കേടിന്‍റെ മറ്റൊരു ചരിത്രമായി. മറുപടി ബാറ്റിങിനിറങ്ങിയ കിവികള്‍ 28.1 ഓവറില്‍ 81 റണ്‍സിന് തകര്‍ന്നടിഞ്ഞു. ന്യുസീലന്‍ഡിന്‍റെ കൂറ്റന്‍ തോല്‍വികളില്‍ മൂന്നാമത്തേത്, അണ്ടര്‍ 19 ലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറും.  

Musheer Khan stuns with Helicopter shot, video

MORE IN SPORTS
SHOW MORE