
ആറ് വര്‍ഷം മുന്‍പ് മെസിക്കൊപ്പം അര്‍ജന്റീനക്ക് വേണ്ടി കളിച്ച താരം. എന്നാലിപ്പോള്‍ ജോസ് ലൂയിസ് ഗോമസ് എന്ന റൈറ്റ് ബാക്കിന്റെ അവസ്ഥയാണ് ആരാധകരുടെ ഹൃദയം തകര്‍ത്ത് വാര്‍ത്തയാവുന്നത്. ഉപജീവനത്തിനായി ടാക്സി ഓടിക്കുകയാണ് ലൂയി ഗോമസ് ഇപ്പോള്‍.
2016ലെ റിയോ ഒളിംപിക്സ് ഗെയിംസില്‍ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടം നേടിയിരുന്ന താരമാണ് ഗോമസ്. പിന്നാലെ ദേശിയ ടീമില്‍ മെസിക്കൊപ്പം പന്ത് തട്ടാനും വിളിയെത്തി. 2017ല്‍ ബ്രസീലിന് എതിരെയായിരുന്നു ഗോമസിന്റെ അരങ്ങേറ്റം. എന്നാല്‍ ഇടത് കാല്‍മുട്ടിലെ പരുക്ക് വില്ലനായി. ഇത് ഗോമസിന്റെ ആത്മവിശ്വാസം തകര്‍ത്തു. ഇതോടെ 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള ടീമിലേക്ക് ഇടം നേടാന്‍ ഗോമസിനായില്ല.
ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. രാവിലെ പരിശീലനത്തിന് ശേഷം അവര്‍ ഡ്രൈവറായി ജോലിക്ക് പോകും, ഗോമസിന്റെ പിതാവ് പറയുന്നു. 2016ല്‍ അര്‍ജന്റീനയുടെ ഭാവി റൈറ്റ്ബാക്ക് എന്ന് വിലയിരുത്തപ്പെട്ടിരുന്ന താരമാണ് ഗോമസ്. ബാര്‍സയും ഗോമസിനെ ക്ലബിലെത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റേസിങ് ക്ലബിന്റെ മുന്‍നിര താരമായിരുന്ന ഗോമസ് പിന്നാലെ ലാനൂസിലേക്ക് എത്തി. ലാനൂസിനൊപ്പം സൂപ്പര്‍ ലീഗയും കോപ ബൈസെന്റിനാരിയോയും സൂപ്പര്‍ കോപ്പ അര്‍ജന്റീനയും നേടി.