
ഐസിസി ലോകകപ്പിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെടാന്‍ മറ്റാരെക്കാളും അര്‍ഹത മുഹമ്മദ് ഷമിക്കുണ്ടെന്ന് യുവരാജ് സിങ്. കളി വിജയിപ്പിക്കാന്‍ കഴിവുറ്റ താരങ്ങള്‍ എക്കാലവും ഇന്ത്യയുടെ റിസര്‍വ് ബഞ്ചിലുണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹര്‍ദികിന്‍റെ പരുക്ക് അനുഗ്രഹമായെന്ന് താന്‍ പറയില്ലെന്നും പക്ഷേ ഷമിയുടെ പ്രകടനം കാണാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നുവെന്നും യുവി പറയുന്നു. ഷമി കളത്തിലിറങ്ങുമ്പോള്‍ ഉള്ള ഊര്‍ജം പറഞ്ഞറിയിക്കാനാവാത്തതാണെന്നും പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റിന് മറ്റാരെക്കാളും അര്‍ഹത മുഹമ്മദ് ഷമിക്കുണ്ടെന്നും സ്പോര്‍ട്സ് തകിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് വെളിപ്പെടുത്തി.
ആറ് കളികളില്‍ നിന്നായി 23 വിക്കറ്റാണ് ഈ ലോകകപ്പില്‍ ഷമിയുടെ സമ്പാദ്യം. അതും 5.01 ഇക്കോണമിയില്‍. അഞ്ച് വിക്കറ്റ് നേട്ടം മൂന്ന് തവണ ഷമി ആവര്‍ത്തിക്കുകയും ചെയ്തു. ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്നുവെങ്കിലും ആദ്യത്തെ നാല് കളിയിലും ഷമി പുറത്തിരുന്നു. ഹര്‍ദികിന് പരുക്കേറ്റതോടെ ടീമില്‍ ഇടം കണ്ടെത്തിയ ഷമിക്ക് പക്ഷേ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ഷമിക്ക് പുറമെ വിരാട് കോലി, രോഹിത് ഷര്‍മ, ബുമ്ര എന്നീ ഇന്ത്യന്‍ താരങ്ങളടക്കം ഒന്‍പതു പേരാണ് നിലവില്‍ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റ് പട്ടികയില്‍ ഉള്ളത്. ഇതോടെ സച്ചിനും യുവരാജിനും പിന്നാലെ ലോകകപ്പിന്‍റെ താരം ഇന്ത്യന്‍ ടീമില്‍ നിന്നാകുമെന്ന ഉറച്ച പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനക്കാരനായ ആഡം സാപയും മാക്സ്വെല്ലും ഓസീസ് ടീമില്‍ നിന്നും ന്യൂസീലന്‍ഡിന്‍റെ ഡാരിന്‍ മിച്ചലും രചിന്‍ രവീന്ദ്രയും ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്കുമാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.
Yuvraj Singh picks Mohammed Shami as his player of the tournament