
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ അർധ സെഞ്ചുറിയുമായി വിരാട് കോലി പുറത്തായതിനു പിന്നാലെയുള്ള കോലിയുടെയും അനുഷ്ക ശര്‍മയുടെയും പ്രതികരണങ്ങള്‍ വൈറലാകുന്നു. പന്ത് സ്റ്റമ്പ് തെറിപ്പിച്ചപ്പോള്‍ അമ്പരന്നു നില്‍ക്കുന്ന കോലിയുടെ വിഡിയോയാണ് വൈറലാകുന്നത്. വിക്കറ്റ് വീഴ്ത്തിയതിലുള്ള പാറ്റ് കമ്മിൻസിന്‍റെ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയിലും തലതാഴ്ത്തി നിരാശ മുഴുവനും പ്രകടിപ്പിക്കുന്ന വിരാട് കോലിയിലായിരുന്നു ആരാധകരുടെയും ക്യാമറകളുടെയും കണ്ണുകള്‍ പതിഞ്ഞത്.
ഒരു നിമിഷം അവിടെ തന്നെ നിന്ന് നിരാശയോടെ തല കുനിച്ച് പവലിയനിലേക്ക് വിരാട് കോലി മടങ്ങുമ്പോള്‍ ഇന്ത്യയുടെ ആരാധകരും നിശബ്ദരായിരുന്നു. അതേസമയം തന്നെ ഗാലറിയില്‍ കാണികള്‍ക്കിടയില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന അനുഷ്‌ക ശർമ്മയെയും കാണാം. കോലി– രാഹുല്‍ കൂട്ട്കെട്ട് 50 റണ്‍സ് പിന്നിട്ടപ്പോള്‍ ഗാലറിയില്‍ നിന്ന് കയ്യടിച്ച അനുഷ്കയായിരുന്നു കോലി പുറത്തായതിന് പിന്നാലെ അസ്വസഥയായി കാണപ്പെട്ടത്
രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷമാണ് കോലി ഇറങ്ങുന്നത്. നിലയുറപ്പിച്ചു കളിച്ച വിരാട് കോലി 54 റണ്‍സുമായാണ് പുറത്തായത്. ഏകദിന കരിയറിലെ 72ാം അര്‍ധ ശതകമായിരുന്നു കോലിയുടേത്. 4 റൺസ് നേടിയ ശുഭ്മൻ ഗില്ലും 47 റൺസുമായി നായകൻ രോഹിത് ശർമയുമാണ് ആദ്യം പുറത്തായത്. ഗില്ലിനെ മിച്ചൽ സ്റ്റാർക്കും രോഹിത്തിനെ ഗ്ലെൻ മാക്സ്‌വെലുമാണ് പുറത്താക്കിയത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.