
ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി. ആദ്യജേതാക്കളായ വെസ്റ്റിന്‍ഡീസിന് ഇക്കുറി യോഗ്യതാറൗണ്ട് പോലും കടക്കാനായില്ല. പുതിയ ടീമുകള്‍ വന്നു. അരങ്ങേറ്റക്കാരുടെ അല്‍ഭുതപ്രകടനങ്ങള്‍ കണ്ടു. എന്നിട്ടും ആറ് രാജ്യങ്ങള്‍ മാത്രമേ ഇതുവരെ ലോകകിരീടം ഉയര്‍ത്തിയിട്ടുള്ളു. ഹാട്രിക് അടക്കം അഞ്ചുതവണ ചാംപ്യന്മാരായ ഓസ്ട്രേലിയയാണ് കിരീടനേട്ടത്തില്‍ മുന്‍പന്മാര്‍. ഇന്ത്യയും വെസ്റ്റിന്‍ഡീസും രണ്ടുവട്ടം ജേതാക്കളായി. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവര്‍ ഓരോ തവണയും കിരീടമണിഞ്ഞു. കഴിഞ്ഞ തവണ ന്യൂസീലാന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ മറികടന്ന് കപ്പുയര്‍ത്തിയ ഇംഗ്ലണ്ട് ഇക്കുറി എട്ടുനിലയില്‍ പൊട്ടിയാണ് മടങ്ങിയത്.
ഇതുവരെയുള്ള ജേതാക്കള്‍

1975 – വെസ്റ്റിന്‍ഡീസ്
1975ലാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറിയത്. അന്ന് ക്രിക്കറ്റിലെ കിരീടംവയ്ക്കാത്ത രാജാക്കന്മാരായിരുന്ന വെസ്റ്റിന്‍ഡീസിന്റെ കിരീടധാരണമായിരുന്നു കന്നി ലോകകപ്പ്. ഫൈനലില്‍ വിന്‍ഡീസ് ഓസ്ട്രേലിയയെ 17 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ പട 60 ഓവറില്‍ എട്ടുവിക്കറ്റിന് 291 റണ്‍സ് നേടി. മറുപടിയായി ഓസ്ട്രേലിയയ്ക്ക് 274 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. വിവിയന്‍ റിച്ചാര്‍ഡ്സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ് തുടങ്ങിയ പില്‍ക്കാല സൂപ്പര്‍താരങ്ങളുടെ ഉദയം കൂടിയായി ഈ ലോകകപ്പ്. സെമിയില്‍ വിന്‍ഡീസ് ന്യൂസീലാന്‍ഡിനെയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെയുമാണ് തോല്‍പിച്ചത്.
1979 – വെസ്റ്റിന്‍ഡീസ്

ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ അരങ്ങേറിയ 1979 ഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ 92 റണ്‍സിന് കെട്ടുകെട്ടിച്ചു. ചാംപ്യന്മാര്‍ 60 ഓവറില്‍ 9 വിക്കറ്റിന് 286 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ക്ക് 51 ഓവറില്‍ 194 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിവിയന്‍ റിച്ചര്‍ഡ്സിന്റെ സെഞ്ചറിയും (157 പന്തില്‍ 138) കോളിസ് കിങ് 66 പന്തില്‍ നേടിയ 86 റണ്‍സുമായിരുന്നു വിന്‍ഡീസ് ഇന്നിങ്സിന്റെ അടിത്തറ. തുടര്‍ന്ന് ജോയല്‍ ഗാര്‍ണറുടെയും കോളിന്‍ കോഫ്റ്റിന്റെയും തീപാറും പന്തുകള്‍ക്കുമുന്നില്‍ ഇംഗ്ലീഷ് പട തകര്‍ന്നടിഞ്ഞു. വിന്‍ഡീസിന് തുടര്‍ച്ചയായി രണ്ടാം ലോകകിരീടം.

1983 – ഇന്ത്യ
ഇന്ത്യയിലെ മാത്രമല്ല ലോകക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഫൈനല്‍. തുടര്‍ച്ചയായി മൂന്നാം ഫൈനല്‍ കളിച്ച വെസ്റ്റിന്‍ഡീസിനെ ദുര്‍ബലരെന്ന് കരുതിയിരുന്ന ഇന്ത്യ ആധികാരികമായി അട്ടിമറിച്ച് കിരീടമുയര്‍ത്തി. 1983 ജൂണ്‍ 25. കപിലിന്റെ ചെകുത്താന്മാര്‍ അനശ്വരരായ ദിവസം. 54.4 ഓവറില്‍ വെറും 183 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസ് ഹാട്രിക് കിരീടം ഉറപ്പിച്ചെന്ന് ഏവരും കരുതി. എന്നാല്‍ മദന്‍ ലാലും മൊഹിന്ദര്‍ അമര്‍നാഥും കപിലും ബല്‍വിന്ദര്‍ സന്ധുവും റോജര്‍ ബിന്നിയും പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടിയപ്പോള്‍ ക്രിക്കറ്റ് ലോകം തരിച്ചിരുന്നു. ഗ്രീനിജ്, ഹെയ്ന്‍സ്, വിവിയന്‍ റിച്ചര്‍ഡ്സ്, ക്ലൈവ് ലോയ്ഡ്, ലാറി ഗോംസ് ഇതിഹാസങ്ങളുടെ പട തന്നെ രംഗത്തിറങ്ങിയിട്ടും വിന്‍ഡീസിന്റെ പോരാട്ടം ലക്ഷ്യത്തിലെത്തിയില്ല. ഇന്ത്യയ്ക്ക് 43 റണ്‍സ് വിജയം. അതിനുശേഷം ഏകദിനക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ഒരു ലോകകപ്പ് നേടിയിട്ടില്ല.

1987 – ഓസ്ട്രേലിയ
ഇംഗ്ലണ്ടും ഓസ്ട്രേലിയയും രണ്ടാം തവണ ലോകകപ്പ് ഫൈനലില്‍. 1987 നവംബര്‍ 8. ഏകദിനമല്‍സരങ്ങളില്‍ ഓവറുകളുടെ എണ്ണം 50 ആയി കുറച്ചശേഷമുള്ള ആദ്യ ലോകകപ്പ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. മറുപടിയായി 8 വിക്കറ്റിന് 246 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. കംഗാരുക്കള്‍ക്ക് 7 റണ്‍സ് വിജയം, കന്നിക്കിരീടം. ഓസീസ് ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡറും സ്റ്റീവ് വോയും അടക്കമുള്ളവര്‍ ബോളിങ്ങില്‍ തിളങ്ങിയത് ഫൈനലിന്റെ കൗതുകമായി. 75 റണ്‍സെടുത്ത ഡേവിഡ് ബൂണ്‍ ആയിരുന്നു പ്ലെയര്‍ ഓഫ് ദ് മാച്ച്.

1992 – പാക്കിസ്ഥാന്‍
ഇന്ത്യയ്ക്കുശേഷം ഒരു ഏഷ്യന്‍ രാജ്യം ആദ്യമായി ലോകകിരീടമുയര്‍ത്തിയ വര്‍ഷം. 1992 മാര്‍ച്ച് 25ന് മെല്‍ബണിലായിരുന്നു ബെന്‍സന്‍ ആന്‍ഡ് ഹെഡ്ജസ് ഫൈനല്‍. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്റെയും ജാവേദ് മിയാന്‍ദാദിന്റെയും അര്‍ധസെഞ്ചറികളുടെ മികവില്‍ 6 വിക്കറ്റിന് 249 റണ്‍സെടുത്തു. 42 റണ്‍സെടുത്ത ഇന്‍സമാം ഉള്‍ ഹഖും 33 റണ്‍സെടുത്ത വസീം അക്രമും മികച്ച പിന്തുണ നല്‍കി. കന്നിക്കിരീടം തേടി മൂന്നാംഫൈനലിനിറങ്ങിയ ഇംഗ്ലണ്ടിന് നിരാശയായിരുന്നു ഫലം. വസീം അക്രവും അക്വിബ് ജാവേദും മുഷ്താഖ് അഹമ്മദും ചേര്‍ന്ന് ഇംഗ്ലീഷ് പടയെ 227 റണ്‍സിലൊതുക്കി. പാക്കിസ്ഥാന് 22 റണ്‍സ് വിജയം. വേദി – ഓസ്ട്രേലിയ/ന്യൂസീലാന്‍ഡ്

1996 – ശ്രീലങ്ക
ക്രിക്കറ്റില്‍ ആരും പ്രതീക്ഷിക്കാത്ത താരോദയം കണ്ട മറ്റൊരു ലോകകപ്പ്. 1983ല്‍ ഇന്ത്യ നേടിയ വിജയത്തിന് സമാനമായിരുന്നു ശ്രീലങ്കയ്ക്ക് 1996 ലോകകപ്പ്. പാക്കിസ്ഥാനും ഇന്ത്യയും ചേര്‍ന്ന് ആതിഥേയരായ ലോകകപ്പിന്റെ ഫൈനല്‍ 1996 മാര്‍ച്ച് 17ന് ലഹോറില്‍ ആയിരുന്നു. ശ്രീലങ്കയുടെ എതിരാളികള്‍ കരുത്തരായ ഓസ്ട്രേലിയ. ക്യാപ്റ്റന്‍ മാര്‍ക് ടെയ്‍ലറിന്റെ മികവില്‍ ഓസീസ് 7 വിക്കറ്റിന് 241 റണ്‍സെടുത്തു. അരവിന്ദ ഡിസില്‍വയുടെയും മുത്തയ്യ മുരളീധരന്റെയും ധര്‍മസേനയുടെയും ബോളിങ് ആയിരുന്നു ഹൈലൈറ്റ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അരവിന്ദ ഡിസില്‍വയുടെ സെഞ്ചറിക്കരുത്തില്‍ അനായാസജയം നേടി. 22 പന്ത് ബാക്കിനില്‍ക്കേ 7 വിക്കറ്റ് വിജയം. ലോകകപ്പില്‍ ആദ്യമായി രണ്ടാമത് ബാറ്റ് ചെയ്ത ടീം കപ്പ് നേടിയതും ലഹോറിലാണ്.

1999 – ഓസ്ട്രേലിയ
ഏകദിനക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തേരോട്ടത്തിന്റെ തുടക്കം. ഐസിസി ലോകകപ്പ് എന്ന പേരില്‍ നടത്തിയ ആദ്യ ടൂര്‍ണമെന്റ്. 1999 ജൂണ്‍ 20ന് ലോര്‍ഡ്സിലായിരുന്നു ഫൈനല്‍. രണ്ടാം ഫൈനല്‍ കളിച്ച പാക്കിസ്ഥാന് ഷെയ്ന്‍ വോണിന്റെയും ഗ്ലെന്‍ മഗ്രായുടെയും ടോം മൂഡിയുടെയും പന്തുകള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 39 ഓവറില്‍ വെറും 132 റണ്‍സിന് പുറത്ത്. ഗില്‍ക്രിസ്റ്റ് വെടിക്കെട്ട് തീര്‍ന്നപ്പോള്‍ ഓസ്ട്രേലിയയ്ക്ക് അനായാസ ജയം. 20.1 ഓവറില്‍ രണ്ട് വിക്കറ്റിന് 133. എട്ടുവിക്കറ്റിന്റെ വമ്പന്‍ ജയം. ഓസ്ട്രേലിയയ്ക്ക് രണ്ടാം ലോകകിരീടം.

2003 – ഓസ്ട്രേലിയ
ഇന്ത്യ എന്നും മറക്കാനാഗ്രഹിക്കുന്ന ഫൈനല്‍. 1983നുശേഷം ആദ്യമായി ലോകകപ്പ് ഫൈനലിനിറങ്ങിയ ടീമിനെ കാത്തിരുന്നത് കടുത്ത നിരാശയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ 125 റണ്‍സ് തോല്‍വി. ഇതുവരെ നടന്ന ലോകകപ്പ് ഫൈനലുകളില്‍ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് കംഗാരുക്കള്‍ കുറിച്ചത്. റിക്കി പോണ്ടിങ്ങും ഗില്‍ക്രിസ്റ്റും ഡാമിയന്‍ മാര്‍ട്ടിനും ക്രീസില്‍ താണ്ഡവമാടിയപ്പോള്‍ ഓസ്ട്രേലിയ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് കുറിച്ചു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വീരേന്ദ്ര സെവാഗും രാഹുല്‍ ദ്രാവിഡും ഒഴികെ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 39.2 ഓവറില്‍ ഇന്ത്യ 234 റണ്‍സിന് പുറത്ത്.

2007 – ഓസ്ട്രേലിയ
വെസ്റ്റിന്‍ഡീസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ 2007 ഏപ്രില്‍ 28ന് ഓസ്ട്രേലിയ ഹാട്രിക് ലോകകിരീടം നേടി. ഫൈനലില്‍ അവര്‍ ശ്രീലങ്കയെ 53 റണ്‍സിന് തോല്‍പിച്ചു. മഴ കാരണം 38 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ ഉജ്വല സെഞ്ചറിയുടെ മികവില്‍ ഓസീസ് നാലുവിക്കറ്റിന് 281 റണ്‍സെടുത്തു. വീണ്ടും മഴ പെയ്തതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 36 ഓവറില്‍ 269 ആയി പുതുക്കി നിശ്ചയിച്ചു. വെളിച്ചക്കുറവ് കാരണം അമ്പയര്‍മാര്‍ കളി നിര്‍ത്തിവച്ചെങ്കിലും ശ്രീലങ്ക ബാറ്റിങ് തുടരാമെന്നറിയിച്ചു. ഒടുവില്‍ കനത്ത ഇരുട്ടായതോടെ ഡക്്വര്‍ത്ത്–ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയെ വിജയികളായി പ്രഖ്യാപിച്ചു. 36 ഓവറില്‍ 8 വിക്കറ്റിന് 215 ആയിരുന്നു ശ്രീലങ്കയുടെ സ്കോര്‍.

2011 – ഇന്ത്യ
ഇന്ത്യയുടെയും ശ്രീലങ്കയുടെയും മൂന്നാം ഫൈനല്‍. മഹേന്ദ്രസിങ് ധോണി എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ വരവറിയിച്ച ലോകകപ്പ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മഹേല ജയവര്‍ധനെയുടെ സെഞ്ചറിയുടെ കരുത്തില്‍ 6 വിക്കറ്റിന് 274 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സെവാഹും സച്ചിനും പരാജയപ്പെട്ടപ്പോള്‍ ഗൗതം ഗംഭീറും ധോണിയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. 48.2 ഓവറില്‍ 4 വിക്കറ്റിന് 277. ധോണി 79 പന്തില്‍ 91. ഗംഭീര്‍ 122 പന്തില്‍ 97. ഇന്ത്യയ്ക്ക് രണ്ടാം ലോകകിരീടം. 2011 ഏപ്രില്‍ രണ്ടിന് മുംബൈ വാങ്കഡെയിലായിരുന്നു ഫൈനല്‍.

2015 – ഓസ്ട്രേലിയ
ഓസ്ട്രേലിയയും ന്യൂസീലാന്‍ഡും ആതിഥേയരായ ലോകകപ്പിന്റെ ഫൈനലില്‍ അവര്‍ തന്നെ ഏറ്റുമുട്ടി. ന്യൂസീലാന്‍ഡിന്റെ ആദ്യ ലോകകപ്പ് ഫൈനല്‍. മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും ജെയിംസ് ഫോക്നറും ചേര്‍ന്ന് കിവി പടയെ എറിഞ്ഞുടച്ചപ്പോള്‍ ഇന്നിങ്സ് 183 റണ്‍സിലൊടുങ്ങി. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ മൈക്കില്‍ ക്ലര്‍ക്കും സ്റ്റീവ് സ്മിത്തും ആതിഥേയര്‍ക്ക് 7 വിക്കറ്റിന്റെ അനായാസജയം സമ്മാനിച്ചു. ഓസ്ട്രേലിയ 33.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 186. ഓസീസിന്റെ അഞ്ചാം ലോകകിരീടം.

2019 – ഇംഗ്ലണ്ട്
നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ ആദ്യ ലോകകപ്പ് ഫൈനല്‍. തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ കളിച്ച ന്യൂസീലാന്‍ഡും നാലാം ഫൈനലില്‍ കന്നിക്കിരീടം തേടിയിറങ്ങിയ ഇംഗ്ലണ്ടും 2019 ജൂലൈ 14ന് ലോര്‍ഡ്സില്‍ ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റിന് 241 റണ്‍സെടുത്തു. 50 ഓവറില്‍ 241 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 15 റണ്‍സ് വീതമെടുത്ത് വീണ്ടും ടൈ ആയി. ഒടുവില്‍ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട 24 ബൗണ്ടറികള്‍ നേടിയപ്പോള്‍ കിവീസിന്റെ സ്കോര്‍ കാര്‍ഡില്‍ 15 ബൗണ്ടറികളേ ഉണ്ടായിരുന്നുള്ളു.

ആഹ്ലാദത്തിമിര്‍പ്പും ആവേശത്തള്ളിച്ചയും അല്‍ഭുതങ്ങളും മറക്കാനാകാത്ത വിസ്മയങ്ങളും ഒടുങ്ങാത്ത നിരാശയും അടങ്ങാത്ത രോഷവുമെല്ലാം ഉയിര്‍ക്കൊള്ളുന്ന വേദികളാണ് ലോകകപ്പ് ഫൈനലുകള്‍. അഹമ്മദാബാദിലും അതെല്ലാമുണ്ടാകും. സന്തോഷത്തിന്റെ പക്ഷത്ത് നില്‍ക്കുമ്പോഴും നിരാശപ്പെട്ടവരെ ഹതാശരാക്കാതിരിക്കാനുള്ള ക്ഷമയുണ്ടാകട്ടെ ഓരോ ക്രിക്കറ്റ് താരത്തിനും ആരാധകര്‍ക്കും.
History of World cup cricket finals. ODI Cricket World Cup Winners List. Australia won five times. India and West Indies won twice.