
ഓസ്ട്രേലിയയെ ഇതുവരെ ലോകകപ്പ് നേട്ടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് പാറ്റ് കമിന്‍സ്. കംഗാരുപ്പടയുടെ ഇരുപത്തൊന്‍പതാമത്തെ ഏകദിന ക്യാപ്റ്റന്‍. തരക്കേടില്ലാത്ത ബാറ്റിങ് വശമുണ്ട് എന്നല്ലാതെ ഒരിക്കലും ഓള്‍റൗണ്ടര്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. ഈ ലോകകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോറ്റ് തുന്നംപാടിയതോടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുന്നതിന്റെ അരികില്‍ വരെയെത്തി. കമിന്‍സിനെ നീക്കുമെന്ന് പറഞ്ഞതാകട്ടെ സാക്ഷാല്‍ മൈക്കിള്‍ ക്ലര്‍ക്കും. അവിടെ നിന്നാണ് എട്ട് തുടര്‍വിജയങ്ങളോടെ പാറ്റ് കമിന്‍സ് ഓസ്ട്രേലിയയെ മറ്റൊരു ലോകകപ്പ് നേട്ടത്തിന്റെ തൊട്ടരികില്‍ എത്തിച്ചത്.

ഇന്ത്യയോടെ ആറുവിക്കറ്റിനും ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനും തോറ്റമ്പിയ കമിന്‍സിന്റെ ടീം ശ്രീലങ്കയെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് ഈ ലോകകപ്പിലെ വിജയക്കുതിപ്പ് തുടങ്ങിയത്. പാക്കിസ്ഥാന്‍, നെതര്‍ലന്‍ഡ്സ്, ന്യൂസീലാന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്...ഒടുവില്‍ സെമിയില്‍ ദക്ഷിണാഫ്രിക്കയും വീണു. കപ്പിനും ചുണ്ടിനുമിടയില്‍ ഇനി ഇന്ത്യ എന്ന പവര്‍ഹൗസ് മാത്രം. പത്ത് കളികളില്‍ നിന്ന് 13 വിക്കറ്റാണ് ഈ ലോകകപ്പില്‍ കമിന്‍സ് എന്ന ബോളറുടെ പ്രകടനം. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇരുപതാം സ്ഥാനം മാത്രം. എന്നാല്‍ ബാറ്റുകൊണ്ടും ഫീല്‍ഡിലും നടത്തിയ അപ്രതീക്ഷിത ചെറുത്തുനില്‍പ്പുകളിലൂടെ ടീമിനെ നിര്‍ണായക മല്‍സരങ്ങളില്‍ വിജയത്തിലെത്തിച്ചതാണ് കമിന്‍സിന്റെ യഥാര്‍ഥ നേട്ടം.

ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്ന മൈക്കില്‍ ക്ലര്‍ക്കിന്റെ പരാമര്‍ശം കേട്ടതിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരെ നടന്ന മല്‍സരത്തില്‍ മറ്റൊരു കമിന്‍സിനെയാണ് കണ്ടത്. ഉജ്വലമായി ബാറ്റ് ചെയ്ത രണ്ട് ശ്രീലങ്കന്‍ ഓപ്പണര്‍മാരെ പുറത്താക്കുകയും ദുനിത് വെല്ലാലഗയെ റണ്ണൗട്ടാക്കുകയും ചെയ്ത് ടീമിനെ ആദ്യവിജയത്തില്‍ എത്തിച്ചു. അഫ്ഗാനെതിരെ തോല്‍വി മണത്ത മല്‍സരത്തില്‍ 68 പന്തുകള്‍ പിടിച്ചുനിന്ന് ഗ്ലെന്‍ മാക്സ്‍വെലിന് ഇരട്ടസെഞ്ചറി നേടാനും ടീമിനെ വിജയത്തിലെത്തിക്കാനും കമിന്‍സിന് കഴിഞ്ഞു. കമിന്‍സിന്റെ ക്ഷമയ്ക്കും നേടി 12 റണ്‍സിനും സെഞ്ചറിയുടെ വിലയുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെമിഫൈനലിലും കണ്ടു കമിന്‍സിന്റെ സ്ഥൈര്യം. ബാറ്റിങ് ദുഷ്കരമായിക്കൊണ്ടിരുന്ന പിച്ചില്‍ 29 പന്തുകള്‍ നേരിട്ട് 14 റണ്‍സ്. മിച്ചല്‍ സ്റ്റാര്‍ക്കിനെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടം വിജയം കാണുംവരെ ഓസ്ട്രേലിയന്‍ ഡഗ് ഔട്ടില്‍ ഒരാള്‍ പോലും ഇരുന്നിടത്തുനിന്ന് അനങ്ങിയില്ല. രണ്ടാമതൊരിക്കല്‍ക്കൂടി ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് ടീമംഗങ്ങള്‍ക്കരികിലേക്ക് നടക്കുന്ന കമിന്‍സിനെ നമ്മള്‍ കണ്ടു. അതാണ് അയാള്‍. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തില്‍ അഭിമാനിക്കുന്ന ഒരാള്‍. പന്തുകൊണ്ട് ആദം സാംപ പിച്ചില്‍ നിന്ന് വിക്കറ്റിലേക്ക് വരയ്ക്കുന്ന കലാരൂപങ്ങളും ഡേവിഡ് വാര്‍ണറിന്റെ ബാറ്റില്‍ നിന്നുതിരുന്ന മനോഹര ശബ്ദങ്ങളും പോലെ പ്രധാനമാണ് ഇപ്പോള്‍ ടീമില്‍ അയാളുടെ സാന്നിധ്യം.

ഓസ്ട്രേലിയയെ ഏറ്റവും കൂടുതല്‍ ഏകദിനമല്‍സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ്. 229 കളികളില്‍ 164ലും പോണ്ടിങ് ടീമിനെ വിജയതീരത്തടുപ്പിച്ചു. 178 കളികളില്‍ നയിച്ച അലന്‍ ബോര്‍ഡറും 106 കളികളില്‍ നയിച്ച സ്റ്റീവ് വോയുമെല്ലാം ബാറ്റിങ് ഇതിഹാസങ്ങളായിരുന്നു. മൈക്കിള്‍ ക്ലര്‍ക്ക് 74 മല്‍സരങ്ങളിലും സ്റ്റീവ് സ്മിത്തും ആരോണ്‍ ഫ്ലിഞ്ചും 55 കളികളില്‍ വീതവും ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു. ഇതില്‍ പോണ്ടിങ് ഒഴികെയുള്ളവര്‍ കളിക്കളത്തിലും പുറത്തും തനി ഗൗരവക്കാരായിരുന്നു. എന്നാല്‍ കമിന്‍സ് കളിക്കളത്തിലും പുറത്തും ഡ്രസിങ് റൂമിലുമെല്ലാം പിരിമുറുക്കം അയയ്ക്കുന്ന സാന്നിധ്യമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയില്‍ മറ്റ് ബാറ്റര്‍മാരുടെയും കമിന്‍സിന്റെയും ശരീരഭാഷ തന്നെ അതിന് തെളിവ്. ‘എനിക്ക് പുറത്തിരിക്കുന്നതിനേക്കാള്‍ ക്രീസില്‍ നില്‍ക്കുന്നതാണ് എളുപ്പം’ എന്നായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

ക്യാപ്റ്റന്‍ പദവിയിലെന്നല്ല ടീമില്‍പ്പോലും ഇടമുറപ്പില്ലാത്ത സ്ഥിതിയില്‍ നിന്നാണ് കമിന്‍സ് ഇവിടെ വരെ എത്തിയത്. 14 ഏകദിനങ്ങളില്‍ മാത്രമേ ക്യാപ്റ്റനായിട്ടുള്ളു. അതില്‍ പതിനൊന്നിലും ജയിച്ചു. നായകനായ 21 ടെസ്റ്റുകളില്‍ 11 വിജയം. ട്വന്റി ട്വന്റിയില്‍ ഇതുവരെ ക്യാപ്റ്റനാക്കിയിട്ടുമില്ല. ടിം പെയ്നു പകരം രണ്ടുവര്‍ഷം ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുമ്പോള്‍ പാറ്റ് കമിന്‍സിന് പൂച്ചെണ്ടുകളല്ല കിട്ടിയത്. ബാറ്റര്‍മാര്‍ ക്യാപ്റ്റന്മാരായാല്‍ മാത്രം വിശ്വാസമര്‍പ്പിക്കുന്ന ഓസ്ട്രേലിയയന്‍ മനോഭാവമായിരുന്നു ആദ്യ വെല്ലുവിളി. കളിക്കളത്തില്‍ സ്റ്റീവ് സ്മിത്തിനെ വല്ലാതെ അശ്രയിക്കേണ്ടിവന്നതും അതുകൊണ്ടാണ്. ഈ വര്‍ഷമാദ്യം ആഷസില്‍ 2–0ന് മുന്നില്‍ നിന്നശേഷം പരമ്പരയില്‍ സമനില വഴങ്ങിയതിന് പഴികേട്ടത് മുഴുവന്‍ കമിന്‍സ് ആയിരുന്നു. ഏകദിന ക്രിക്കറ്റിലെ ബോളിങ് പ്രകടനം അത്ര മെച്ചമല്ലാത്തതുകൊണ്ട് ലോകകപ്പ് ടീമില്‍ ഇടമുണ്ടാകുമെന്നും കരുതിയില്ല.

ഒടുവില്‍ എല്ലാം ഒത്തുവന്നപ്പോള്‍ പാറ്റ് കമിന്‍സ് ലോകകപ്പിനായി ഇന്ത്യയിലേക്ക് വണ്ടികയറി. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ആരും കമിന്‍സിനെ ഒഴിവാക്കണമെന്ന് പറയുന്നില്ല. പുറത്താക്കണമെന്ന് മുറവിളി കൂട്ടിയ മുന്‍താരങ്ങള്‍ക്കും അനുമോദിക്കാന്‍ മനസുവന്നിട്ടില്ല. പക്ഷേ സ്റ്റീവ് വോയുടെ വാക്കുകള്‍ കമിന്‍സിനെ പ്രചോദിപ്പിച്ചേക്കും. ‘ടീം നന്നായി കളിച്ചു. ഒരു ലോകകപ്പ് കൂടി നേടിയാല്‍ അത് ക്യാപ്റ്റന്റെ തൊപ്പിയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പൊന്‍തൂവലാകും. നിങ്ങളില്‍ നിന്ന് ഒരിക്കലും ആര്‍ക്കും അത് എടുത്തുമാറ്റാനാകില്ല’. വോ പറഞ്ഞതാണ് ശരി. ഞായറാഴ്ച ഒരു വലിയ ദിവസമാണ്. ഓസ്ട്രേലിയയ്ക്കും, പാറ്റ് കമിന്‍സിനും.
Pat Cummins banishes captaincy queries with World Cup heroics. Cummins's courage under fire and unlikely heroics with the bat, however, have been vital in his team's revival following back-to-back defeats at the start of the campaign.