
ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ആധികാരിക വിജയം നേടിയപ്പോൾ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവുമായി ഇന്ത്യയുടെ ഹീറോയായി മാറിയത് മുഹമ്മദ് സിറാജാണ്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് സിറാജ് പിഴുതത്. 16 പന്തിനുള്ളില്‍ അഞ്ച് വിക്കറ്റുകള്‍ നേടാനും താരത്തിന് സാധിച്ചു. ഇപ്പോഴിതാ താരത്തിനെ പ്രശംസിച്ച് നിരവധി താരങ്ങളാണ് എത്തുന്നത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ സിറാജിന് അഭിനന്ദന പ്രവാഹമാണ്.
ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി ഇങ്ങനെ; 'ഫ്രീ ടൈം ലഭിക്കുമ്പോള്‍ സിറാജ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഒന്ന് ചോദിക്കാമോ' എന്നാണ് തന്റെ ചിത്രത്തോടൊപ്പം ശ്രദ്ധ കുറിച്ചത്. ബോളിവുഡ് താരവും വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമയും സിറാജിനെ പ്രശംസിച്ച് പോസ്റ്റിട്ടു. ട്വിറ്ററിൽ ഇപ്പോഴും ട്രെൻഡിങ്ങാണ് മുഹമ്മദ് സിറാജ്.
സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിരേന്ദ്ര സെവാഗ്, കപിൽ ദേവ് അടക്കമുള്ള മുൻ താരങ്ങളും താരത്തിനെ പ്രശംസിച്ച് എത്തുകയും ചെയ്തു.
ഒരുകാലത്ത് ചെണ്ട എന്ന വിളിപ്പേരിൽ കളിയാക്കിയവർ, ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ ഇറങ്ങിക്കൂടേ എന്ന് പരിഹസിച്ചവർ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ, ഇതിനെയെല്ലാം മറികടന്നു ഏഷ്യാ കപ്പിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവുമായി ഇന്ത്യയുടെ ഹീറോയായി മുഹമ്മദ് സിറാജ് വാഴ്ത്തപ്പെടുകയാണ്. അന്ന് കേട്ട വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇതിനേക്കാൾ വലിയ മറുപടി നൽകാനുണ്ടോ? ഇല്ല എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ