
ഏഷ്യാ കപ്പിലെ ഇന്ത്യാ–പാക് മത്സരത്തിന് ഇടയില്‍ ഹൃദയം തൊടുന്നൊരു നീക്കവുമായാണ് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയെത്തിയത്. അടുത്തിടെ അച്ഛനായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് മത്സരത്തിന്റെ ഇടവേളയില്‍ സമ്മാനവുമായി എത്തുകയായിരുന്നു പാക് താരം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വിഡിയോ പങ്കുവെച്ചത്.
അള്ളാഹു എല്ലായ്പ്പോഴും അവനെ അനുഗ്രഹിക്കട്ടെ, അവന്‍ ഒരുനാള്‍ പുതിയ ബുമ്രയായി വരട്ടെ എന്നുമാണ് സമ്മാനം ബുമ്രയ്ക്ക് നല്‍കിക്കൊണ്ട് ഷഹീന്‍ അഫ്രീദി പറയുന്നത്. സെപ്തംബര്‍ നാലിനാണ് ബുമ്രയ്ക്കും സഞ്ജന ഗണേഷിനും ആണ്‍കുഞ്ഞ് പിറന്നത്. ഇതോടെ ഏഷ്യാ കപ്പിലെ ഇന്ത്യാ–പാക് ഗ്രൂപ്പ് ഘട്ട മത്സരത്തിന്റെ തലേന്ന് ബുമ്ര നാട്ടിലേക്ക് തിരിച്ചിരുന്നു.
മത്സരത്തിലേക്ക് വരുമ്പോള്‍ ഇന്ത്യാ–പാക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും മഴ വില്ലനായി എത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ്. സൂപ്പര്‍ ഫോര്‍ മത്സരത്തിന് റിസര്‍വ് ഡേ ഉള്ളതിനാല്‍ മത്സരം ഇന്ന് തുടരും. രോഹിത്തും ഗില്ലും അര്‍ധ ശതകം നേടിയിരുന്നു. കോലിയും രാഹുലുമാണ് ക്രീസില്‍.