
അര്‍ജന്റീനയുടെ ദേശിയ ടീമില്‍ നിന്ന് ഒരിക്കലും പുറത്ത് പോകരുതെന്ന് താന്‍ മെസിയോട് ആവശ്യപ്പെടുമെന്ന് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. മെസി 2026 ലോകകപ്പ് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും എമിലിയാനോ മാര്‍ട്ടിനസ് പറഞ്ഞു. ഇക്വഡോറിന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതിന് പിന്നാലെയായിരുന്നു എമിലിയാനോ മാര്‍ട്ടിനസിന്റെ വാക്കുകള്‍.
മെസിയില്‍ നിന്ന് ആംബാന്‍ഡ് ലഭിച്ചതിലെ സന്തോഷം പങ്കുവെച്ച് എയ്ഞ്ചല്‍ ഡി മരിയയും എത്തി. 88ാമത്തെ മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ക്യാപ്റ്റന്റെ ആം ബാന്‍ഡ് എയ്ഞ്ചല്‍ ഡി മരിയക്ക് മെസി നല്‍കിയത്. ക്യാപ്റ്റന്‍റെ ആംബാന്‍ഡ് മെസിയില്‍ നിന്ന് ലഭിച്ചത് അഭിമാനത്തിന്റെ നിമിഷമായിരുന്നു എന്നാണ് ഡി മരിയയുടെ പ്രതികരണം.
സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെട്ടോ പകരക്കാരനായി കളിക്കാനോ താന്‍ 100 ശതമാനവും തയ്യാറാണെന്നും ഡി മരിയ പറഞ്ഞു. യോഗ്യതാ മത്സരങ്ങള്‍ സങ്കീര്‍ണമാണ്. ബൊളിവിയക്കെതിരെയും ജയിക്കാനായി കളത്തിലിറങ്ങും എന്നും ഡി മരിയ പറഞ്ഞു.