
രാജ്യത്തിന്റെ പേര് ഭാരതം എന്നു മാത്രമാക്കി മാറ്റാന്‍ കേന്ദ്രസർക്കാർ നീക്കം നടക്കുന്നതിനിടെ ഇന്ത്യയുടെ ജഴ്സികളിലും ഇന്ത്യ എന്ന് എഴുതിയതിനു പകരം ‘ഭാരത്’ എന്നെഴുതണം എന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്രര്‍ സേവാഗ്. ഇതുമായി ബന്ധപ്പെട്ട് താരം ബിസിസിഐക്ക് കത്തയച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പേര് ഭാരതം എന്നതാക്കി മാറ്റുന്നത് സംബന്ധിച്ചുള്ള തന്‍റെ നിലപാട് സേവാഗ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘നമ്മുടെ രാജ്യത്തിന്‍റെ പേര് നമ്മിൽ അഭിമാനം വളർത്തുന്ന ഒന്നായിരിക്കണമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. രാജ്യത്തിന് അതിന്‍റെ യഥാർത്ഥ പേരായ 'ഭാരത്' ഔദ്യോഗികമായി തിരികെ ലഭിക്കാൻ വളരെക്കാലമായി ആഗ്രഹിക്കുന്നു. ഈ ലോകകപ്പില്‍ നമ്മുടെ കളിക്കാരുടെ നെഞ്ചില്‍ ഭാരതം എന്നെഴുതിയിരിക്കണം’; സെവാഗ് എക്സില്‍ കുറിച്ചു.
‘ടീം ഇന്ത്യ അല്ല, ടീം ഭാരത് ആണ്. ഈ ലോകകപ്പില്‍ കോഹ്‌ലി, രോഹിത്, ബുംറ എന്നിങ്ങനെ ഇഷ്ടപ്പെട്ട കളിക്കാരെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിൽ ഭാരതം ഉണ്ടാകട്ടെ, നമ്മുടെ കളിക്കാര്‍ ഭാരത് എന്നെഴുതിയ ജഴ്സി ധരിക്കട്ടെ’; സേവാഗ് മറ്റൊരു പോസ്റ്റില്‍ കുറിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായെ കൂടി ടാഗ് ചെയ്തുകൊണ്ടാണ് സേവാഗിന്‍റെ പോസ്റ്റുകള്‍.
നിലവില്‍ രാജ്യത്തിന്‍റെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് വലിയ വിമര്‍ശനമാണ് ഉണ്ടാകുന്നത്. ജി20 ഉച്ചകോടിയിലെ അത്താഴവിരുന്നിന് രാഷ്ട്രപതിയുടെ പേരിലുള്ള ക്ഷണപത്രത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനു പകരം, 'ദ് പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് എഴുതിയിട്ടുള്ളത്. ഭരണഘടനപ്രകാരം ഇന്ത്യ, ഭാരത് എന്നീ പേരുകൾക്ക് തുല്യ പ്രധാന്യമാണെങ്കിലും ഇന്ത്യയെന്നത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിന്റെ ഭാഗമാണെന്നാണ് ബിജെപി നേതാക്കൾ വാദിക്കുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയവും അവതരിപ്പിച്ചേക്കും.
Virendar Sehwag appealed to BCCI to consider having jerseys with name 'Bharat'