മഴയില്‍ കുളിച്ച് മഡ് ഫുട്ബോള്‍; മാധ്യമ പ്രവർത്തകരെ മലര്‍ത്തിയടിച്ച് ഫുട്ബോൾ താരങ്ങൾ

mudfootball-04
SHARE

കണ്ണൂർ വേങ്ങാട് ഊർപള്ളി മഴ ഉൽസവത്തിനോട് അനുബന്ധിച്ച് നടന്ന മഡ് ഫുട്ബോളിൽ മാധ്യമ പ്രവർത്തകരുടെ ടീമിനെ തോൽപ്പിച്ച് ഫുട്ബോൾ താരങ്ങൾ. സി.കെ. വിനീത് കൊടുത്ത പാസിൽ മുഹമ്മദ് റാഫിയുടെ കിടിലൻ ഷോട്ടിലാണ് മാധ്യമ പ്രവർത്തകരുടെ ടീം തോൽവി അറിഞ്ഞത്. ഊർപള്ളി വയലിൽ  ചെളിവെള്ളം കെട്ടിനിർത്തിയ ഗ്രൗണ്ടിലാണ് ആവേശകരമായ മത്സരം നടന്നത്.

ദേശീയ ഫുട്ബോൾ താരങ്ങളും പൊലീസ് ഉദ്യോഗസ്ഥരും അണിനിരന്ന ടീമും മാധ്യമ പ്രവർത്തകരുടെ സംഘവുമാണ്  ഊർ പള്ളിയിലെ ചെളിവെള്ളത്തിൽ ഏറ്റുമുട്ടിയത്. ബൈസിക്കിൾ കിക്കും സിസർ കട്ടുമായി താരങ്ങൾ കളം നിറഞ്ഞപ്പോൾ മാധ്യമ പ്രവർത്തകരുടെ ടീമും വിട്ടു കൊടുത്തില്ല. മത്സരാവേശം കത്തി കയറിയപ്പോൾ ആദ്യ പകുതിയിൽ തന്നെ സി കെ വിനീതിന്റെ പാസിൽ മുഹമ്മദ് റാഫിയിൽ നിന്ന് ആദ്യ ഗോൾ പിറന്നു.

ഫുട്ബാൾ താരം റിനോ ആൻ്റോ , സന്തോഷ് ട്രോഫിയിൽ  കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന വി. മിഥുൻ , പി.സന്തോഷ് കുമാർ എംപി, പാനൂർ സിഐ എം.പി.ആസാദ്   തുടങ്ങിയവരും ചെളിവെള്ളത്തിൽ പന്ത് തട്ടി. മഴ ഉത്സവത്തിന്റെ ഭാഗമായി വനിതകളുടെ വടം വലി മത്സരവും നടന്നു. വേങ്ങാട് പഞ്ചായത്ത് ഹരിത കർമ സേന ടീം വിജയികളായി.

Mud Football; Journalist team vs Football players team

MORE IN SPORTS
SHOW MORE