ധോണി, മാന്‍ ഓഫ് ദ മാച്ച്, കരിയറിലും ബിസിനസിലും ദ ബെസ്റ്റ്

M-S-Dhoni
SHARE

ക്രിക്കറ്റ് കരിയറില്‍ തിളങ്ങി നിന്നതുപോലെ കൈയടക്കം വന്നൊരു ബിസിനസ് മാനുണ്ട് എം.എസ്. ധോണി എന്ന ക്രിക്കറ്ററുടെയുള്ളില്‍. ശതകോടികളുടെ ആസ്തി കൃത്യമായി കളത്തിലിറക്കിയാണ് താരം റണ്‍സ് വാരിക്കൂട്ടുന്നതുപോലെ പണം വാരുന്നത്. തുടക്കം മുതല്‍ സൂക്ഷ്മതയോടെയാണ് ഒാരോ നീക്കവും. നിരവധി ബിസിനസുകളാണ് ധോണി മുന്നില്‍ നിന്ന് നയിക്കുന്നത്.ആയിരം കോടി രൂപയിലധികമാണ് ധോണിയുടെ ആസ്തി. സ്വന്തം പേരില്‍ തന്നെയുള്ള ഇന്‍റര്‍നാഷണല്‍ സ്കൂളും ഹോട്ടലും ബിസിനസില്‍ ഉള്‍പ്പെടുന്നു. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചെന്നൈയിന്‍ എഫ്സി  എന്ന ഫുട്ബോള്‍ ടീം ഉടമ കൂടെയാണ് ധോണി.സ്പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനിയിലും ഡ്രോണ്‍ കമ്പനിയിലും ധോണിയ്ക്ക്  നിക്ഷേപമുണ്ട്. 200ലധികം സെന്‍ററുകളാണ് ധോണിസ് സ്പോര്‍ട്സ് ഫിറ്റ് എന്ന ഫിറ്റ്നസ് കമ്പനിയ്ക്കുള്ളത്. ആറുവര്‍ഷം മുന്‍പാണ് തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കുമായി ധോണി ഒരു ബ്രാന്‍ഡ് തുടങ്ങിയത്. കോപ്റ്റര്‍ 7 എന്ന ചോക്ലേറ്റ് ബ്രാന്‍ഡും താരം തുടങ്ങിയിരുന്നു.ഭക്ഷണ പ്രേമികള്‍ക്കായി മഹി റസിഡന്‍സിയെന്ന പേരില്‍ റാഞ്ചിയിലാണ് ധോണിയുടെ ഹോട്ടലിന്‍റെ പ്രവര്‍ത്തനം.

ക്രിക്കറ്റ് സാമ്രാജ്യത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ലഭിക്കുന്ന പണം കൃത്യമായി വിനിയോഗിക്കുന്നതില്‍ ആര്‍ജിച്ച മികവാണ് ധോണിയെന്ന ബിസിനസ് മാനെ വളര്‍ത്തിയത്. വിദ്യാഭ്യാസ രംഗത്തും ധോണി കൈവച്ചു. എം.എസ് ധോണി ഗ്ലോബല്‍ സ്കൂള്‍ എന്ന പേരില്‍ ബെംഗളൂരുവിലുള്ള സ്കൂള്‍ വളരെ പ്രശസ്തമാണ്. മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പ്രോഗാമിങ്ങും അവിടെ പഠിപ്പിക്കുന്നുണ്ട്. സിനിമാ നിര്‍മാണത്തിലും ധോണി കൈവച്ചു. ധോണിയുടെ പ്രൊഡക്ഷന്‍ ഹൗസ് ഈ വര്‍ഷം ജനുവരിയില്‍ ആദ്യ സിനിമ പ്രഖ്യാപിച്ചിരുന്നു.

ധോണിയും ടീമും ക്രിക്കറ്റ് ലോകകപ്പ് നേടി 12 വര്‍ഷം പിന്നിടുന്നു.   അന്ന് 28വര്‍ഷത്തിന് ശേഷമാണ് ലോക കപ്പ് ധോണി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ക്രിക്കറ്റ് കരിയറിലെ കയ്യടക്കവും മികവും ധോണിയെന്ന ബിസിനസ് മാനിലും നമുക്ക് കാണാം.

MORE IN SPORTS
SHOW MORE