‘അന്ന് ഉറങ്ങിയില്ല; അവസാന പന്തിൽ എനിക്ക് പറ്റിയത്...’ വെളിപ്പെടുത്തി മോഹിത്

mohit-sharma31
SHARE

നീണ്ട ഇടവേളയ്ക്കുശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തിയ മോഹിത് ശർമ മികച്ച പ്രകടനമാണ് ടൂർണമെന്‍റിലുടനീളം നടത്തിയത്. എന്നാൽ ചെന്നൈക്കെതിരായ അവസാന മത്സരത്തിൽ ഗുജറാത്തിന് തോൽവി വഴങ്ങേണ്ടി വന്നതിന്റെ പഴി മുഴുവനും ഏറ്റുവാങ്ങേണ്ടി വന്നത് മോഹിത് ആണ്. 

മത്സരത്തിനുശേഷമുള്ള രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ലെന്ന് മോഹിത്  പറഞ്ഞു. ‘‘വീണ്ടും യോർക്കർ എറിയാനാണ് ശ്രമിച്ചത്. കൂടുതൽ ശ്രദ്ധയോടെ കളിക്കാനാണ് ആഗ്രഹിച്ചത്. ഈ ഐപിഎല്ലിലുടനീളം ഞാൻ അത് ചെയ്തു. എന്നാൽ, ആ പന്തുകൾ വീണത് പ്രതീക്ഷിച്ച സ്ഥലത്തായിരുന്നില്ല, ജഡേജ അവസരം ഉപയോഗപ്പെടുത്തി.’ -മോഹിത് ശർമ പറഞ്ഞു. മോഹിത് ശർമ അഞ്ചാം പന്തെറിയുന്നതിനു മുമ്പായി സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്‍റെ ആത്മവിശ്വാസം കളഞ്ഞതെന്ന തരത്തിൽ ആരാധകർ രംഗത്തെത്തിയിരുന്നു.

എന്നാൽ, ഇക്കാര്യം മോഹിത് ശർമ തള്ളിക്കളഞ്ഞു. ‘‘തന്‍റെ പ്ലാൻ എന്തായിരിക്കുമെന്ന് അറിയാൻ അവർ ആഗ്രഹിച്ചു. ഞാൻ വീണ്ടും യോർക്കർ എറിയാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞു. ആളുകൾ ഇപ്പോൾ അതും ഇതും പറയുന്നു. പക്ഷേ അതിലൊന്നും കാര്യമില്ല. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നു. തോൽവി ഏറ്റുവാങ്ങിയ രാത്രി എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. മറ്റൊരു ബോൾ ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. എവിടെയോ എന്തോ നഷ്‌ടമായെങ്കിലും ഞാൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയാണ്’ -മോഹിത് വ്യക്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് നേടിയത്. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിനിടെ മഴ പെയ്തതോടെ മത്സരം 15 ഓവറാക്കി വെട്ടിക്കുറച്ചു. വിജയലക്ഷ്യം 171 റൺസാക്കി ചുരുക്കി. 15ാം ഓവറിലെ അവസാന പന്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്. ആ ഓവറിൽ 13 റൺസായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയത് മോഹിത് ശർമയും. ആദ്യത്തെ നാലു പന്തുകളിൽ മൂന്നു റൺസ് മാത്രം വിട്ടുകൊടുത്ത് മോഹിത് ശർമ ഗുജറാത്തിന് കിരീട പ്രതീക്ഷ നൽകി. എന്നാൽ അവസാന രണ്ട് പന്തുകളിൽ ഒരു സിക്സും  ഒരു ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു. 

MORE IN SPORTS
SHOW MORE