അല്‍കാരസ് കളിമണ്‍ കോര്‍ട്ടിലെ യുവരാജാവ്? സെമിയില്‍ ജോക്കോവിച്ചിനെ വീഴ്ത്തണം

alcaraz
SHARE

കളിമണ്‍ കോര്‍ട്ടിലെ പോരിലേക്കാണ് ഇനി ടെന്നീസ് ലോകത്തിന്റെ ശ്രദ്ധയെല്ലാം. 18 വര്‍ഷത്തിന് ശേഷം ആദ്യമായി റാഫേല്‍ നദാല്‍ ഇല്ലാതെ റോളണ്ട് ഗാരോസില്‍ പോര് നടക്കുമ്പോള്‍ 20കാരന്‍ അല്‍കാരസിലേക്കാണ് പ്രതീക്ഷകള്‍ കൂടുതലും. നദാലിന്റെ 22 ഗ്രാന്‍ഡ്സ്ലം എന്ന നേട്ടം മറികടക്കാന്‍ ഫ്രഞ്ച് ഓപ്പണിലെ ജയം തേടി ജോക്കോവിച്ചും എത്തുന്നു. 

കഴിഞ്ഞ ആഴ്ച ഇറ്റാലിയന്‍ ഓപ്പണ്‍ ജയിച്ചതോടെയാണ് അല്‍കാരസ് ഒന്നാം റാങ്ക് തിരികെ പിടിച്ചത്. ഒന്നാം നമ്പര്‍ സീഡായി അല്‍കാരസ് ഒരു ഗ്രാന്‍ഡ്സ്ലം ടൂര്‍ണമെന്റിലെത്തുന്നത് ഇത് ആദ്യവും. നദാല്‍ ഇല്ലെന്നത് ആരാധകരെ നിരാശരാക്കുമ്പോഴും അല്‍കാരസും ജോക്കോവിച്ചും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത ഫ്രഞ്ച് ഓപ്പണിനെ ആവേശത്തിലാക്കുന്നു. 

36കാരനായ ജോക്കോവിച്ചിന് മുന്‍പിലേക്ക് സെമി ഫൈനലില്‍ അല്‍കാരസ് എത്തിയേക്കും. മാ‍ഡ്രിഡ് ഓപ്പണില്‍ ജോക്കോവിച്ചിനെ മലര്‍ത്തിയടിച്ചാണ് അല്‍കാരസ് നയം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ കാസ്പര്‍ റൂഡിനെ വീഴ്ത്തിയാണ് അല്‍കാരസ് തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലം തൊട്ടത്. ഇവിടെ നദാലിനേയും അല്‍കാരസ് അട്ടിമറിച്ചിരുന്നു. യുഎസ് ഓപ്പണില്‍ എതിരാളികള്‍ക്ക് മേല്‍ വിയര്‍പ്പൊഴുക്കിയാണ് അല്‍കാരസ് ജയിച്ചുകയറിയത്. പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും സെമിയും കടന്നത് 5 സെറ്റ് നീണ്ട പോരിനൊടുവില്‍.

എന്നാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ സെമി വരെ എത്തുക എന്നതും സ്പാനിഷ് താരത്തിന് വെല്ലുവിളിയാണ്. ക്വാര്‍ട്ടറില്‍ 2021ലെ ഫൈനലിസ്റ്റായ സിറ്റ്സിപാസിനെ അല്‍കാരസിന് നേരിടേണ്ടി വരും. മൂന്നാം സീഡായാണ് ജോക്കോവിച്ച് എത്തുന്നത്. റോമില്‍ മെദ്വദേവ് ജയം പിടിച്ചതോടെ രണ്ടാം സീഡായാണ് താരത്തിന്റെ വരവ്. 

MORE IN SPORTS
SHOW MORE