
2022ലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണ് അയാക്സിന്റെ ടോപ് സ്കോററായിരുന്ന സെബാസ്റ്റിയന്‍ ഹാലര്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് എത്തിയത്‍. എന്നാല്‍ പ്രീസീസണില്‍ ടീമിനൊപ്പം പരിശീലനം നടത്തുമ്പോഴേക്കും കാന്‍സര്‍ വില്ലനായെത്തി. ഇതോടെ എന്താവും താരത്തിന്റെ ഭാവി എന്ന ആശങ്ക ഫുട്ബോള്‍ ലോകത്ത് ശക്തമായി. എന്നാല്‍ ബയേണിനെ മറികടന്ന് ബുണ്ടസ് ലീഗ കിരീടത്തില്‍ മുത്തമിടാന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒരുങ്ങുമ്പോള്‍ തേരുതെളിയിക്കുന്നത് ഹാലറാണ്...
ഞായറാഴ്ച നടന്ന ബുണ്ടസ് ലീഗയിലെ ഓഗ്സ്ബര്‍ഗിനെതിരെ 3-0ന് ജയിച്ചതോടെയാണ് ഡോര്‍ട്ട്മുണ്ട് ബയേണിന്റെ ആധിപത്യം തകര്‍ത്ത് കിരീടത്തിന് അരികിലെത്തിയത്. ഇവിടെ ഇരട്ട ഗോളോടെ ഡോര്‍ട്ട്മുണ്ടിന്റെ തകര്‍പ്പന്‍ ജയത്തിന് വഴിയൊരുക്കിയത് ഹാലറും. ശനിയാഴ്ച നടക്കുന്ന മെയ്ന്‍സിന് എതിരായ കളിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ജയിച്ചു കയറിയാല്‍ ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കാം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ രണ്ട് ശസ്ത്രക്രിയകള്‍ക്കാണ് ഹാലര്‍ വിധേയനായത്. നാല് വട്ടം കീമോതെറാപ്പി ചെയ്തു. 2023 ജനുവരിയോടെയാണ് ഹാലര്‍ പരിശീലനത്തിലേക്ക് മടങ്ങി എത്തിയത്. ടീമിലെത്തിയതിന് ശേഷമുള്ള ആദ്യ കളിയില്‍ 7 മിനിറ്റില്‍ ഹാട്രിക്കടിച്ചാണ് ജീവിതത്തിലേക്കും ഗ്രൗണ്ടിലേക്കുമുള്ള തിരിച്ചുവരവ് ഹാലര്‍ പ്രഖ്യാപിച്ചത്. സൗഹൃദ മത്സരത്തിലായിരുന്നു ഈ ഹാട്രിക്. പിന്നാലെ ഡോര്‍ട്ട്മുണ്ടിന് വേണ്ടി ബുണ്ടസ് ലീഗയില്‍ അരങ്ങേറ്റം.
ഹാലറുടെ വരവോടെയാണ് ഡോര്‍ട്ട്മുണ്ടിന്റെ കിരീട പ്രതീക്ഷകള്‍ ഉയര്‍ന്നത്. ലീഗിലെ ശൈത്യകാല ഇടവേള വരുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഡോര്‍ട്ട്മുണ്ട്. ഇതിന് ശേഷം ഹാലറിനൊപ്പം കളിച്ച 18 മത്സരങ്ങളില്‍ 14ലും ഡോര്‍ട്ട്മുണ്ട് ജയം പിടിച്ചു. തോറ്റത് ഒരിക്കല്‍ മാത്രം. മറ്റ് ഫോര്‍വേര്‍ഡുകള്‍ക്കായി സ്പേസ് ഒരുക്കി കൊടുത്തും വല കുലുക്കിയും ഐവറി കോസ്റ്റ് താരം സീസണ്‍ മികച്ചതാക്കി. സീസണില്‍ ഹാലര്‍ 9 ഗോളടിച്ചപ്പോള്‍ അതില്‍ അഞ്ചും വന്നത് അവസാന മൂന്ന് കളിയില്‍ നിന്നാണ്.