ഡല്‍ഹിയെ 77 റണ്‍സിന് തകര്‍ത്തു; ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫില്‍

MS-Dhoni-plays-a-shot-durin
SHARE

ഡൽഹി ക്യാപിറ്റൽസിനെ 77 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പ്ലേ ഓഫിൽ. 14 മത്സരങ്ങളിൽനിന്ന് എട്ട് വിജയം സ്വന്തമാക്കിയ ചെന്നൈ 17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ്. ഏകപക്ഷീയമായ മത്സരത്തിൽ ചെന്നൈ ഉയർത്തിയ 224 റൺസ് പിന്തുടർന്ന ഡൽഹി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 146 റൺസ് മാത്രമാണു നേടിയത്.

മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയപ്പോൾ പിന്തുണയ്ക്കാനായി സഹതാരങ്ങളാരുണ്ടായിരുന്നില്ല. 58 പന്തുകൾ നേരിട്ട ഡേവിഡ് വാർണർ 86 റൺസെടുത്തു പുറത്തായി. മുൻനിര ബാറ്റർമാരായ പൃഥ്വി ഷാ (ഏഴു പന്തിൽ അഞ്ച്), ഫിൽ സാൾട്ട് (ആറ് പന്തിൽ മൂന്ന്), റിലീ റൂസോ (പൂജ്യം) എന്നിവര്‍ക്കൊന്നും പിടിച്ചുനിൽക്കാനായില്ല.26 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ ഡൽഹിയെ ഇന്ത്യൻ താരം യാഷ് ദുലിനെ കൂട്ടുപിടിച്ചാണ് വാര്‍ണർ ഉയർത്തിക്കൊണ്ടുവന്നത്. 15 പന്തിൽ 13 റണ്‍സെടുത്ത യാഷ് ദുലിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ തുഷാർ ദേശ്പാണ്ഡെ ക്യാച്ചെടുത്തു പുറത്താക്കി. അക്ഷർ പട്ടേൽ എട്ട് പന്തിൽ 15 റൺസുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം അധികം നീണ്ടില്ല. ദീപക് ചാഹറിന്റെ പന്തിൽ ഋതുരാജ് ഗെയ്‍ക്‌വാദിന്റെ ക്യാച്ചിൽ താരം പുറത്തായി. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ഡൽഹിയുടെ പോരാട്ടം 146 റൺസിൽ അവസാനിച്ചു.

ഒൻപതാം തോൽവി വഴങ്ങിയ ‍ഡൽഹി പത്ത് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ചെന്നൈ സൂപ്പർ കിങ്സിനായി ദീപക് ചാഹർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മഹീഷ് തീക്ഷണ, മതീശ പതിരന എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

IPL 2023, Delhi Capitals vs Chennai Super Kings Match Results

MORE IN SPORTS
SHOW MORE