
തൃശൂര്‍ ജില്ലയിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കും നാച്വറല്‍ ടര്‍ഫ് മൈതാനവും കുന്നംകുളത്ത് ഒരുങ്ങി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് ഇതുരണ്ടും നിര്‍മിച്ചത്. ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റേതാണ് മൈതാനം.
കുന്നംകുളത്ത് നല്ല ഒറിജിനല്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചു. അതും സര്‍ക്കാര്‍ സ്കൂളിന്റെ മൈതാനത്ത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഏഴുകോടി രൂപ ഉപയോഗിച്ചാണ് സിന്തറ്റിക് ട്രാക് നിര്‍മിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ മുടക്കിയാണ് നാച്വറല്‍ ടര്‍ഫ് മൈതാനം നിര്‍മിച്ചത്. രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഇതു രണ്ടും. ദേശീയ, സംസ്ഥാന മല്‍സരങ്ങള്‍ക്ക് കുന്നംകുളം ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനം ഇനി വേദിയാകും. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം തുടങ്ങി കായികമേഖലയ്ക്കായി ഈ സ്കൂളില്‍ വന്‍പദ്ധതികളാണ് നടപ്പാക്കിയത്. എ.സി.മൊയ്തീന്‍ മന്ത്രിയായപ്പോള്‍ തുടങ്ങിവച്ച പദ്ധതികള്‍. ഇനി, ഫ്ളഡ് ലൈറ്റ് കൂടി സ്ഥാപിക്കാന്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് എ.സി.മൊയ്തീന്‍ പണം അനുവദിക്കുന്നുണ്ട്.
സര്‍ക്കാര്‍ സ്കൂള്‍ മുറ്റത്ത്തന്നെ ഇങ്ങനെയൊരു ടര്‍ഫും സിന്തറ്റിക് ട്രാക്കും ലഭിച്ചതില്‍ അധ്യാപകരും വിദ്യാര്‍ഥികളും സന്തോഷത്തിലാണ്. നാട്ടുകാര്‍ക്ക് പ്രഭാത സവാരിക്ക് അനുമതിയുണ്ട്. ക്ലബുകള്‍ക്ക ്പരിശീലനത്തിനും അനുമതി നല്‍കും. നിശ്ചിത ഫീസ് നല്‍കണം. രാജ്യാന്തര നിലവാരം അതേപ്പടി നിലനിര്‍ത്താന്‍ പ്രത്യേക ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. പത്തൊന്‍പതിനാണ് ഉദ്ഘാടനം.