
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. 13 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ യശ്വസ്വി ജയ്സ്വാള്‍ ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ 41 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. ജയത്തോടെ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി
തുടര്‍ച്ചയായി മൂന്നുമല്‍സരങ്ങള്‍ തോറ്റതിന്റെ ക്ഷീണം രാജസ്ഥാന്‍ റോയല്‍സ് തീര്‍ത്തത് കൊല്‍ക്കത്തയുെട മുറ്റത്ത്. ആദ്യ ഓവറില്‍ 26 റണ്‍സ് അടിച്ചുകൂട്ടി യശസ്വി ജയ്സ്വാളിന്റെ തീപ്പൊരി തുടക്കം. ജയസ്വാളിന്റെ പിഴവില്‍ ബട്്ലര്‍ റണ്ണൗട്ടായെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ധസെഞ്ചുറി നേടി യുവതാരം. സെഞ്ചുറി നേടാന്‍ ജയ്സ്വാളും അര്‍ധസെഞ്ചുറി നേടാന്‍ സഞ്ജുവും തമ്മില്‍ മല്‍സരം.
സഞ്ജു 48 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബൗണ്ടറി നേടി വിജയമുറപ്പിച്ച് ജയ്സ്വാള്‍. 47 പന്തില്‍ നേടിയത് 98 റണ്‍സ്. 57 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്. യൂസ്‌വേന്ദ്ര ചഹല്‍ 25 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. ഐപിഎലിലെ വിക്കറ്റ് നേട്ടത്തില്‍ ഡ്വെയ്ന്‍ ബ്രാവോയെ മറികടന്ന് ചഹല്‍ ഒന്നാമെത്തി.