പ്ലേഓഫിനരികെ ചെന്നൈ; ഡല്‍ഹിക്കെതിരെ 27 റൺസ് വിജയം

ipl-csk-delhi-2
SHARE

ഐപിഎല്ലിലെ നിർണായക മല്‍സരത്തില്‍ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ‍ഡ‍ൽഹിയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 140 റൺസിൽ അവസാനിച്ചു. ചെന്നൈയ്ക്ക് 27 റൺസ് വിജയം. ജയത്തോടെ ചെന്നൈയ്ക്ക് 15 പോയിന്റായി. ഒരു മത്സരം കൂടി വിജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാം. മറുപടി ബാറ്റിങ്ങിൽ, ഒരുഘട്ടത്തിലും വിജയപ്രതീക്ഷയുണർത്താൻ ഡൽഹിക്കു സാധിച്ചില്ല. ഓപ്പണർ ഡേവിഡ് വാർണർ സംപൂജ്യനായി പുറത്തായതോടെ തന്നെ ഡൽഹിയുടെ തകർച്ച തുടുങ്ങുകയായിരുന്നു. ഫിലിപ് സോൾട്ട് (11 പന്തിൽ 17), മിച്ചൽ മാർഷ് (നാല് പന്തിൽ അഞ്ച്), തുടങ്ങിയവർക്കും കാര്യമായി ശോഭിക്കാനായില്ല. മനീഷ് പാണ്ഡെ (29 പന്തിൽ 27), റിലേ റൂസോവ് (37 പന്തിൽ 35), അക്സർ പട്ടേൽ (12 പന്തിൽ 21) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 

അതേസമയം ചെന്നൈക്കായി ദീപക്ക് ചാഹർ, മഹീശ പതിരണ എന്നിവർ  രണ്ടും രവീന്ദ്ര ജഡേജ ഒന്നും വീതം വിക്കറ്റുകൾ നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 167 റൺസെടുത്തത്. ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിച്ച ചെന്നൈയെ, ഏഴാം വിക്കറ്റിൽ തകർത്തടിച്ച് 18 പന്തിൽ 38 റൺസ് കൂട്ടിച്ചേർത്ത മഹേന്ദ്രസിങ് ധോണി – രവീന്ദ്ര ജഡേജ സഖ്യമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ചെന്നൈ നിരയിൽ മിക്ക താരങ്ങൾക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും, ആർക്കും വലിയ സ്കോർ കണ്ടെത്താനായില്ല. 18 പന്തിൽ നാലു ഫോറുകളോടെ 24 റൺസെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി എട്ടു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 20 റൺസെടുത്ത് പുറത്തായി.

ഡിവോൺ കോൺവേ (13 പന്തിൽ 10), അജിൻക്യ രഹാനെ (20 പന്തിൽ 21), ശിവം ദുബെ (12 പന്തിൽ 25), അമ്പാട്ടി റായുഡു (17 പന്തിൽ 23), രവീന്ദ്ര ജഡേജ (16 പന്തിൽ 21) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 12 പന്തിൽ ഏഴു റൺസെടുത്ത മൊയീൻ അലി നിരാശപ്പെടുത്തി. ലളിത് യാദവ് എറിഞ്ഞ 14–ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറും സഹിതം 23 റൺസടിച്ച ശിവം ദുബെ തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനു മുന്നിൽ കീഴടങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി. ദീപക് ചാഹർ (1), തുഷാർ ദേശ്പാണ്ഡെ (0) എന്നിവർ പുറത്താകാതെ നിന്നു. ഡൽഹിക്കായി മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മിച്ചൽ മാർഷിന്റെ പ്രകടനം ശ്രദ്ധേയമായി. നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷർ പട്ടേലും മികച്ച പ്രകടനം കാഴ്ചവച്ചു. കുൽദീപ് യാദവ് നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ഖലീൽ അഹമ്മദ് നാല് ഓവറിൽ 32 റൺസ് വഴങ്ങിയും മിച്ചൽ മാർഷ് രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ലളിത് യാദവ് മൂന്ന് ഓവറിൽ 34 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

IPL Chennai Super Kings beats Delhi capitals

MORE IN SPORTS
SHOW MORE