'വേദി മാറ്റിയാൽ ഏഷ്യാ കപ്പ് ബഹിഷ്കരിക്കും'; വീണ്ടും പാക്കിസ്ഥാന്റെ ഭീഷണി

asia-cup-2023
SHARE

ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ശ്രീലങ്കയിലേക്കു മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്ക്കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രംഗത്ത്. ടൂർണമെന്റ് പാക്കിസ്ഥാനിൽ നടത്താനാകില്ലെങ്കിൽ പകരം യുഎഇ വേദിയാക്കണമെന്നും മറ്റൊരു വേദി അംഗീകരിക്കില്ലെന്നും പിസിബി ചെയർമാൻ നജാം സേത്ത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) അറിയിച്ചു.

ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിലും മറ്റു മത്സരങ്ങൾ പാക്കിസ്ഥാനിലുമെന്ന മുൻ നിലപാടാണ് പാക്ക് ക്രിക്കറ്റ് ബോർഡ് മയപ്പെടുത്തിയത്. സെപ്റ്റംബറിൽ യുഎഇയിൽ കനത്ത ചൂടാണെന്ന ബിസിസിഐയുടെ വാദം പരിഗണിച്ചാണ് എസിസി മറ്റൊരു വേദിയായി ശ്രീലങ്കയെ പരിഗണിക്കുന്നത്.

എന്നാൽ സെപ്റ്റംബർ മാസത്തിൽ മുൻപ് യുഎഇയിൽ ബിസിസിഐ ഐപിഎൽ മത്സരങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്ക് ബോർഡ് വേദിമാറ്റത്തെ എതിർക്കുന്നത്. 2018, 2022 വർഷങ്ങളിൽ യുഎഇയിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് നടന്നത്.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിന്റെ വേദി പാക്കിസ്ഥാനിൽ നിന്നു മാറ്റിയ തീരുമാനം എസിസി അറിയിച്ചത്. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലും ബാക്കി മത്സരങ്ങൾ പാക്കിസ്ഥാനിലും നടത്താമെന്ന പാക്ക് ക്രിക്കറ്റ് ബോർഡിന്റെ നിർദേശം തള്ളിയായിരുന്നു ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനം.  സെപ്റ്റംബറിൽ നിശ്ചയിച്ചിരിക്കുന്ന ടൂർണമെന്റ് ശ്രീലങ്കയിൽ നടത്താനാണ് സാധ്യത കൂടുതൽ.

പാക്കിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ല എന്ന ഇന്ത്യയുടെ നിലപാടിനെത്തുടർന്നാണ് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്ന നിർദേശം പിസിബി മുന്നോട്ടു വച്ചത്. എന്നാൽ ഇതിന് മറ്റു ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ കിട്ടിയില്ല. ഇതോടെയാണ് ടൂർണമെന്റ് പാക്കിസ്ഥാനിൽ നിന്നു മാറ്റാൻ എസിസി തീരുമാനമെടുത്തത്.

Pakistan Considering Boycotting Asia Cup 2023 After Reported Shift Of Tournament To Sri Lanka

MORE IN Sports
SHOW MORE