
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്നലെ സീസണിലെ ഏറ്റവും മോശം പരാജയം ഏറ്റുവാങ്ങിയപ്പോൾ രാജസ്ഥാന്‍ റോയല്‍സ് ഇല്ലാതാക്കിയത് പ്ലേ ഓഫിലേക്കു കടക്കാനുള്ള സുവർണാവസരമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും തന്ത്രങ്ങളിലുമെല്ലാം രാജസ്ഥാന്റെ സകല അടവുകളും ഇന്നലെ പാളി. ഈ സീസണിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം സ്കോറിലാണ് രാജസ്ഥാൻ ഒതുങ്ങിയത്. ബാംഗ്ലൂരിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് നേടിയ 108 റൺസാണ് സീസണിലെ ഏറ്റവും കുറഞ്ഞ സ്കോർ.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടും ഗുജറാത്ത് ടൈറ്റൻസിനോടും തോറ്റതോടെ പോയിന്റ് പട്ടികയിൽ താഴേക്കുവീണിരിക്കുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാന് 10 പോയിന്റ് മാത്രമേയുള്ളു. അഞ്ച് ജയങ്ങളും അഞ്ച് തോല്‍വികളും.
ജയ്പൂരിലെ പിഴവുകൾ ഇനിയുള്ള മത്സരങ്ങളിൽ ആവർത്തിച്ചാൽ ഒരുപക്ഷേ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാർ ഇത്തവണ ഗ്രൂപ് ഘട്ടത്തിൽ തന്നെ മടങ്ങേണ്ടി വരും. ഈ സീസണിൽ രണ്ടു തവണ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ടീമിന് അത് വലിയ നാണക്കേടാകും.
ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഗുജറാത്ത് ടൈറ്റൻസിന്റെ സർവാധിപത്യം കണ്ട മത്സരത്തിൽ 9 വിക്കറ്റിനാണ് ഹാർദിക് പാണ്ഡ്യയും സംഘവും ജയം കുറിച്ചത്. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ രാജസ്ഥാൻ മധ്യനിരയെ ചുരുട്ടിക്കെട്ടിയതാണ് മത്സരത്തിൽ നിർണായകമായത്. ഈ വിജയത്തോടെ 14 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഗുജറാത്ത് പ്ലേ ഓഫ് പ്രതീക്ഷ ഉയര്‍ത്തി. 10 പോയന്റ് മാത്രമുള്ള രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാൻ നന്നായി വിയർക്കേണ്ടി വരും.
10 മത്സരങ്ങളിൽനിന്ന് 11 പോയിന്റുള്ള ലക്നൗ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ചെന്നെ തൊട്ടടുത്തുണ്ട്. ഇന്നത്തെ ചെന്നൈ–മുംബൈ മല്‍സരഫലം പോയന്റ് പട്ടികയില്‍ ചലനമുണ്ടാക്കും. രണ്ടാമത്തെ മത്സരത്തിൽ ബാംഗ്ലൂരും ഡൽഹിയുമാണ് ഏറ്റുമുട്ടുന്നത്. നെറ്റ് റൺറേറ്റ് കൂടുതലുള്ള ആർ.സി.ബി ജയിച്ചാല്‍ ബാംഗ്ലൂരും മുന്നേറും. ചുരുക്കി പറഞ്ഞാൽ രാജസ്ഥാന് ടോപ് ഫോറില്‍ തിരിച്ചെത്താന്‍ അത്യധ്വാനം തന്നെ വേണ്ടിവരും.
മറ്റൊരു കാര്യം ഈ സീസണില്‍ ആര്‍ക്കു വേണമെങ്കിലും പ്ലേഓഫിലെത്താമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനും ഡൽഹിക്കും വരെ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ജിടിയെ അവസാന സ്ഥാനത്തുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീഴ്ത്തിയത് തന്നെ ഉദാഹരണം. ടീമുകള്‍ തമ്മിലുള്ള വീറുറ്റ പോരാട്ടം തന്നെയാണ് ഈ സീസണിലെ പ്രത്യേകത . രാജസ്ഥാന്റെ വഴി കൂടുതല്‍ ദുഷ്കരമാണെന്ന് ചുരുക്കം.
പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് ഇനിയുള്ള കളികൾ നിർണായകമാണ്. ഹൈദരാബാദ്, കൊൽക്കത്ത, ബാംഗ്ലൂർ, പഞ്ചാബ് ടീമുകൾക്കെതിരെയാണ് അടുത്ത പോരാട്ടങ്ങൾ. ഈ നാല് കളികളും ജയിച്ചാൽ രാജസ്ഥാന് 18 പോയിന്റാകും. അങ്ങനെ സംഭവിച്ചാൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് പ്ലേ ഓഫിലെത്താം. ഒന്നില്‍ പരാജയപ്പെട്ടാല്‍ പ്ലേഓഫ് സാധ്യത തുലാസിലാവും. അല്ലെങ്കിൽ പിന്നീട് എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങളും കളിക്കേണ്ടിവരും.
മികച്ച മത്സരം പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ മത്‌സരശേഷം പറഞ്ഞത്. അടുത്ത മത്സരങ്ങളിൽ ഈ പിഴവുകളെല്ലാം മറികടന്ന് തിരിച്ചുവരുമെന്ന ഉറപ്പും നൽകി. അത് അങ്ങനെ തന്നെയാകട്ടെ എന്നാശംസിക്കാം.