
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ചോദ്യം ചെയ്ത് ആരാധകരെത്തിയിരുന്നു. സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി എത്തുകയാണ് ബിസിസിഐ വൃത്തങ്ങള്‍.
ശ്രേയസ് അയ്യരുടെ പരിക്കിനെ തുടര്‍ന്ന് സഞ്ജു സാംസണ്‍ പകരക്കാരനായി ടീമിലേക്ക് വരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ടീമിലേക്ക് എത്താനായാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മറ്റൊരു അവസരം കൂടി സഞ്ജുവിന്റെ മുന്‍പിലേക്ക് എത്തുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. ഇവിടെ സഞ്ജുവിനെ മനപൂര്‍വം ഒഴിവാക്കിയതല്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം.
പരിക്കില്‍ നിന്ന് മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രേയസിന്റെ പകരക്കാരനായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സമയമാവുമ്പോഴേക്കും സഞ്ജു ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.
സഞ്ജുവിന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. ജനുവരിക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ സഞ്ജുവിന് പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞിട്ടില്ല. ബുമ്ര, ദീപക് ചഹര്‍ എന്നിവരുടെ ഉദാഹരണങ്ങള്‍ മുന്‍പില്‍ നില്‍ക്കെ ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുത്തതിന് ശേഷം മാത്രം സഞ്ജുവിനെ കളിപ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിസിസിഐ.
Bcci official on sanju samson's injury