
ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ 1987 കോടി രൂപയുടെ കരാറുമായി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍. പി.എസ്.ജിയുമായുള്ള ലയണല്‍ മെസിയുടെ കരാര്‍ മൂന്നുമാസത്തിനകം അവസാനിക്കാനിരിക്കെയാണ് നീക്കം.
ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്കിനെതിരായ അപ്പീല്‍ തള്ളിയതോടെയാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കായുള്ള നീക്കത്തില്‍ അല്‍ ഹിലാല്‍ പരാജയപ്പെട്ടത്. ക്രിസ്റ്റ്യാനൊയെ എതിരാളികളായ അല്‍ നസര്‍ സ്വന്തമാക്കുകയും ചെയ്തു. ട്രാന്‍സ്ഫര്‍ വിലക്ക് ജൂലൈയില്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസിയെ സ്വന്തമാക്കാനാണ് നീക്കം. 1987 കോടി രൂപയുടെ കരാര്‍ മെസിക്ക് വാഗ്ദാനം ചെയ്തതായി സ്പാനിഷ് മാധ്യമമായ മാര്‍സയാണ് റിപ്പോര്‍ട് ചെയ്തത്. ക്രിസ്റ്റ്യനോയ്ക്ക് അല്‍ നസര്‍ നല്‍കുന്ന അതെതുകയാണ് ലയണല്‍ മെസിക്കും വാഗ്ദാനം ചെയ്തിരിക്കുന്നത് . ഒരുവര്‍ഷത്തേയ്ക്കായിരിക്കും കരാറെന്നാണ് സൂചന. മെസിയുെട പിതാവും ഏജന്റുമായി ഹോര്‍ഗെ മെസി കഴിഞ്ഞയാഴ്ച റിയാദിലെത്തിയിരുന്നു. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് എത്തിയതെന്നായിരുന്നു ഹോര്‍ഗെ മെസി പറഞ്ഞത്. ഏഷ്യന്‍ ചാംപ്യന്‍മായ അല്‍ ഹിലാല്‍ ഇക്കുറി ക്ലബ് ലോകകപ്പ് ഫൈനലിലെത്തി ചരിത്രംകുറിച്ചിരുന്നു.