തൊട്ടതെല്ലാം പിഴച്ച് പിഎസ്ജി; യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിന്ന് പുറത്ത്

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിന്ന് പി.എസ്ജി പുറത്ത്. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടുഗോളിനാണ് ബയണ്‍ മ്യൂണിക്ക് പി.എസ്ജിയെ തറപറ്റിച്ചത്. എ.സി. മിലാനോട് ഗോള്‍രഹിത സമനില വഴങ്ങിയ ടോട്ടനവും ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി.

ബയണിന്‍റെ തട്ടകമായ അലയന്‍സ് അരീനയില്‍ ആദ്യപാദത്തിലെ കടം വീട്ടാനിറങ്ങിയ പി.എസ്.ജിക്ക് തൊട്ടതെല്ലാം പിഴച്ചു. ലോക ചാംപ്യന്‍ ലയണല്‍ മെസിയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അടങ്ങിയ താരനിബിഡമായ ഗാല്‍റ്റിയറുടെ സംഘത്തിന് ഇരുപാദത്തിലും ബയണിന് എതിരെ സ്കോര്‍ െചയ്യാനായില്ല. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോളടിക്കാന്‍ മാത്രം പി.എസ്.ജിക്കായില്ല. ഇരുപാദത്തിലുമായി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബയണ്‍ പി.എസ്.ജിയെ തോല്‍പ്പിച്ചത്. അറുപത്തിയൊന്നാം മിനിറ്റില്‍‌ ചൗപോ മോട്ടിങും എണ്‍പത്തിയൊമ്പതാം മിനിറ്റില്‍ സെര്‍ജി ഗനാബ്രിയുമാണ് ബയേണിനായി ഗോള്‍ നേടിയത്.

സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ചിട്ടും ചാംപ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാത്തത് പി.എസ്.ജി പരിശീലകന്‍ ഗാല്‍റ്റിയരുടെ ഭാവിക്ക് വെല്ലുവിളിയാണ്. 2020ല്‍ ഫൈനലില്‍ എത്തിയതാണ് ടീമിന്‍റെ സമീപകാലത്തെ മികച്ച പ്രകടനം. മറ്റൊരു മല്‍സരത്തില്‍ എ.സി മിലാനോട് ഗോള്‍രഹിത സമനില വഴങ്ങിയ ടോട്ടനവും ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. ആദ്യപാദത്തില്‍ മിലാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു.

PSG out of Champions League again