ബിസിസിഐക്ക് തിരിച്ചടി: ഇൻഡോർ പിച്ചിന് മോശം റേറ്റിങ് നൽകി ഐസിസി

ഇന്ത്യ ഓസ്ട്രേലിയ മുന്നാം ടെസ്റ്റ് ക്രിക്കറ്റിന് ഉപയോഗിച്ച പിച്ചിന് മോശം റേറ്റിങ് നൽകി ഐ.സി.സി.// മല്‍സരത്തിന് ആതിഥേയത്വം വഹിച്ച  ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിനു മൂന്ന് ഡീമെറിറ്റ് പോയിന്റും വിധിച്ചു.

രണ്ടുദിവസവും ഒരു സെഷനും മാത്രമാണ്‌ ഇൻഡോർ ടെസ്റ്റ് നീണ്ടത്. ഇന്ത്യ ഒരുക്കിയ സ്പിൻകെണിക്ക് മറുപടിനൽകിയ ഓസ്ട്രേലിയ 9 വിക്കറ്റിന് വിജയിച്ചു.  16 തവണയാണ് ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായത്‌. 50ന് മുകളിൽ സ്‌കോർ കണ്ടെത്തിയത് ഉസ്മാൻ ഖവാജയും ചേതേശ്വർ പൂജാരയും മാത്രം.   മത്സരശേഷം ICC മാച്ച് റെഫറി ക്രിസ് ബ്രോഡാണ്  പിച്ച് ദയനീയമെന്ന റിപ്പോർട്ട് സമർപ്പിച്ചത്. മത്സരത്തിലെ അഞ്ചാം പന്ത് തന്നെ പിച്ചിൽ വിള്ളൽ വീഴ്ത്തി. ബാറ്റിംഗും ബൗളിംഗും സന്തുലിതമാക്കിയില്ല.   തുടക്കം മുതൽ  സ്പിന്നർമാർക്ക് മുന്തൂക്കം കിട്ടിയെന്നും    മത്സരത്തിലുടനീളം പ്രവചനതീതമായ ബൗണ്സാണ് കണ്ടതെന്നും മാച്ച് റെഫറിയിടെ റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിനെതിരെ അപ്പീൽ ചെയ്യാൻ ബിസിസിഐ ക്ക് 14 ദിവസത്തെ സമയം ഉണ്ട്. അഞ്ചുവർഷത്തിനിടെ അഞ്ചോ അതിൽ അധികമോ ഡിമെറിറ്റ് പോയിന്റ്‌ ലഭിച്ചാൽ സ്റ്റേഡിയത്തിനെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കും. ധരംശാലയിൽ നടത്താനിരുന്ന മുന്നാം ടെസ്റ്റ്  മത്സരത്തിന് രണ്ടാഴ്ച്ച മുൻപാണ് ഇൻഡോറിലേക്കു മാറ്റിയതായി ബിസിസിഐ അറിയിച്ചത്. ധരംശാലയിലെ ഔട്‍ഫീൽഡ് മത്സരയോഗ്യമല്ലെന്നു കണ്ടെത്തിയതോടെയാണ് വേദി മാറ്റിയത്.