
ഐ.എസ്.എല്ലില്‍ എലിമിനേറ്ററിന് തയാറെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്.സിക്കെതിരെ അവരുടെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് മല്‍സരം. സസ്പെന്‍ഷനിലുള്ള ഇവാന്‍ കല്യൂഷ്നി നിര്‍ണയക മല്‍സരത്തില്‍ പുറത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.
അറ്റാക്കിങ് തേര്‍ഡ് ആണ് ബെംഗളൂരുവിന്റെ ശക്തി. ബ്ലാസ്റ്റേഴ്സിന്റെ ദൗര്‍ബല്യം പ്രതിരോധവും. അതായത് പിഴവുകള്‍ തിരിച്ചറിഞ്ഞ്, പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ അതിന് കനത്തവില നല്‍കേണ്ടിവരുമെന്നര്‍ഥം. ലെസ്കോവിച്ചിനെ മറികടക്കുക എതിരാളികള്‍ക്ക് പ്രയാസമാണ്. പക്ഷേ അറ്റാക്കിങ് ഫുള്‍ബാക്ക് ആയ ലെസ്കോ മുന്നേറുമ്പോള്‍, ഒരു കൗണ്ടര്‍ അറ്റാക്കുണ്ടായാല്‍ അത് തടയാന്‍ ആളില്ല. ജസെല്‍ കര്‍ണെയ്റോയും ലെസ്കോയുടെ പാതയില്‍ തന്നെയാണ്. പ്ലേ ഓഫ് ആണ്. ജയിക്കുന്നവര്‍ക്കെ നിലനില്‍പുള്ളു എന്നിരിക്കെ ഇതുവരെ കണ്ട ബ്ലാസ്റ്റേഴ്സിനെ ആകില്ല ഇന്നു കാണുക.
കെ.പി. രാഹുല്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ തിരിച്ചെത്തുന്നത് ആശ്വാസമാണ്. രാഹുലിന്റെ ലോങ് ഷോട്ടുകളില്‍ കൃത്യതകൂടിവരേണ്ടതുണ്ട്. കല്യൂഷ്നിയുടെ അഭാവത്തില്‍ ലൂണ മധ്യനിരയിലെയ്ക്കിറങ്ങുകയും പകരം ജിയാനു മുന്‍ നിരയില്‍ സ്ഥാനം പിടിക്കുകയുമായിരുന്നു പതിവ്. ഇന്നും അതുതുടരാനാണ് സാധ്യത. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എട്ടുമല്‍സരങ്ങളാണ് ബെംഗളൂരു കളിച്ചത്. ഇതില്‍ എട്ടിലും ജയം. 3–5–2 ശൈലിയാണ് ഈ സമയത്ത് അവര്‍ പ്രയോഗിച്ചത്. ഈ ശൈലി മറികടക്കാനുള്ള മറുമരുന്ന് ബ്ലാസ്റ്റേഴ്സ് എഫ് സി കണ്ടെത്തേണ്ടതുണ്ട്. ഇനിയൊരു പിഴവ് ഇരുവര്‍ക്കും പുറത്തേക്കുള്ള വഴിതുറക്കലാണ് എന്നത് കളി കടുപ്പിക്കും.
Kerala blasters to face bengaluru today