ഇന്ത്യയിലെ ടെസ്റ്റ് കഠിനം; ജയം ആഷസിനേക്കാൾ വലുത്: സ്റ്റീവ് സ്മിത്ത്

smith1
SHARE

ഇന്ത്യയിലെ ടെസ്റ്റ് പരമ്പര ജയം ആഷസ് ജയിക്കുന്നതിനേക്കാൾ വലുതാണെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കെയാണ് സ്മിത്തിന്റെ വാക്കുകൾ. ഫെബ്രുവരി ഒൻപതിനാണ് ബോർഡർ–ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ്. 

2004–05ലെ പര്യടനത്തിന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ഓസ്ട്രേലിയക്ക് ജയിക്കാനായത്. 2017ൽ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 333 റൺസിനാണ് ഓസ്ട്രേലിയ ജയിച്ചത്. 2004ൽ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ ജയിച്ചതിന് ശേഷം 15 ടെസ്റ്റുകളാണ് ഇന്ത്യയിൽ ഓസീസ് സംഘം കളിച്ചത്. ഇതിൽ ഒരു ടെസ്റ്റിൽ ഓസ്ട്രേലിയ ജയിച്ചപ്പോൾ മൂന്ന് മത്സരം സമനിലയിലായി. ബാക്കി മത്സരങ്ങളിൽ ജയം ഇന്ത്യക്കൊപ്പമാണ് നിന്നത്. 

ജയിക്കാൻ പ്രയാസമുള്ള ഇടമാണ് ഇത്. ആ പർവതം താണ്ടാൻ നമുക്കായാൽ അതൊരു വലിയ കാര്യമാണ്. ഇന്ത്യയിൽ ജയിക്കാൻ കഴിഞ്ഞാൽ അത് ആഷസിനേക്കാൾ വലുതായിരിക്കും, ക്രിക്കറ്റ് ഓസ്ട്രേലിയ പങ്കുവെച്ച വീഡിയോയിൽ സ്മിത്ത് പറയുന്നു. ആഷസിൽ എവേ മത്സരങ്ങളിൽ ജയിച്ചതിനേക്കാൾ വിരളമായാണ് ഓസ്ട്രേലിയ ഇന്ത്യയിൽ ജയിച്ചതെന്ന് ഓസീസ് ക്യാപ്റ്റൻ കമിൻസും പ്രതികരിച്ചു. 

ഇന്ത്യയിലെ സാഹചര്യങ്ങളിൽ, ഇത്രയും ശക്തമായ ടീമിനെതിരെ കളിക്കുക എന്നത് പ്രയാസമാണെന്ന് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പറഞ്ഞു. ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഓസീസ് മണ്ണിൽ തുടരെ രണ്ട് വട്ടം ഇന്ത്യ തോൽപ്പിച്ചതിന്റെ പകരം വീട്ടാൻ ഉറച്ചാണ് കമിൻസും സംഘവും വരുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യക്ക് നിർണായകമാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയം. 

Steve smith says test win in india is bigger than ashes

MORE IN SPORTS
SHOW MORE