അവധി ആഘോഷത്തിൽ മെസി; തോൽവികളേറ്റുവാങ്ങി റൊണാൾഡോ; അൽ നസർ പുറത്ത്

cristiano ronaldo12
SHARE

ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നസറിലേക്ക് എത്തിയത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പിരിയാനിടയാക്കിയ കാരണങ്ങളില്‍ പലതും റൊണാള്‍ഡോയെ പിന്തുടരുകയാണ്. ഒപ്പം ട്രോളുകളുടെ കുത്തൊഴുക്കും. റൊണാൾഡോയു‌ടെ ക്ലബ് അല്‍ നസര്‍ സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി. അല്‍ ഇത്തിഹാദിനോട് 3–1ന് തോറ്റതോടെയാണ് അല്‍ നസറിന്റെ സീസണ് തിരശീല വീണത്. മാഞ്ചസ്റ്റര്‍ വിട്ടശേഷം റൊണാള്‍ഡോ കളിച്ച രണ്ടാമത്തെ മല്‍സരമായിരുന്നു ഇത്. 

കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ തുടക്കംമുതല്‍ ഇത്തിഹാദിന്റെ മുന്നേറ്റമായിരുന്നു. പതിനഞ്ചാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റൊമാരീഞ്ഞോ ഇത്തിഹാദിനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് റൊണാള്‍ഡോയ്ക്ക് ഗോള്‍ മടക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും പാഴായി. അല്‍ നസര്‍ ക്യാപ്റ്റന്റെ ഹെഡര്‍ നേരെ ഇത്തിഹാദ് ഗോളി മാര്‍സെലോയുടെ കൈകളില്‍. അധികം വൈകാതെ അബ്ദറസാക് ഹംദല്ലയിലൂടെ ഇത്തിഹാദ് ലീ‍‍‍ഡുയര്‍ത്തി. അറുപത്തേഴാം മിനിറ്റില്‍ ആന്‍ഡേഴ്സണ്‍ ടെലിസ്കയിലൂടെ അല്‍ നസര്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റൊണാള്‍ഡോയെ പൂട്ടി ഇത്തിഹാദ് പ്രതിരോധം ലീഡ് കാത്തു. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മൂന്നുമിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ മുഹന്നദ് അല്‍ ഷന്‍കീറ്റി ഇത്തിഹാദിന്റെ സ്കോര്‍ ഷീറ്റും അല്‍ നസറിന്റെ തകര്‍ച്ചയും പൂര്‍ത്തിയാക്കി. 

തലകുനിച്ചുമടങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രത്തിനു താഴെ ട്രോളുകളുടെ പെരുമഴയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരാണ് ഇതില്‍ വലിയൊരു ഭാഗം. 14 മല്‍സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറിയ അല്‍ നസറിനെ രണ്ട് കളികള്‍ കൊണ്ട് റൊണാള്‍ഡോ ചാംപ്യന്‍ഷിപ്പില്‍ നിന്നുതന്നെ പുറത്താക്കിയെന്നാണ് ചിലരുടെ കുറ്റപ്പെടുത്തല്‍. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റൊണാൾഡോയെ ഒഴിവാക്കിയ എറിക് ടെൻ ഹാഗിനെ കുറ്റം പറയാനാവില്ലെന്ന് യുണൈറ്റഡ് ഫാന്‍സ്. ലോകകപ്പ് നേടിയ ലയണല്‍ മെസ്സി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുമ്പോള്‍ റൊണാള്‍ഡോ സൗദിയില്‍ തോല്‍വികള്‍ ഏറ്റുവാങ്ങുന്നു, ഗോട്ട് (Greatest Of All Times) ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുന്നു തുടങ്ങിയ കുത്തുവാക്കുകളാണ് ട്വിറ്റര്‍ നിറയെ.

MORE IN SPORTS
SHOW MORE