ഐ.സി.സി ക്രിക്കറ്റ് പുരസ്കാരത്തില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍

icc
SHARE

ഐ.സി.സി ക്രിക്കറ്റ് പുരസ്കാരത്തില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. പോയ വര്‍ഷത്തെ മികച്ച ട്വന്റി20 താരമായി സൂര്യകുമാര്‍ യാദവും, വനിതകളിലെ  ഉയര്‍ന്നുവരുന്ന താരമായി രേണുക സിങും തിരഞ്ഞെടുക്കപ്പെട്ടു.

2022 ല്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാര്‍ യാദവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ട്വന്റി 20 യില്‍ ഒരു കലണ്ടര്‍വര്‍ഷത്തില്‍ ആയിരത്തിനുമുകളില്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് സൂര്യ. 187.43 സ്ട്രൈക്ക് റേറ്റില്‍ 1164 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ചറികളും ഒമ്പത് അര്‍ധ സെഞ്ചറികളുമായി ട്വന്റി 20 റാങ്കിങില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് സൂര്യ. ഐസിസിയുടെ 2022ലെ ട്വന്റി20 ടീമില്‍ വിരാട് കോലിക്കും, ഹാര്‍ദിക് പാണ്ഡ്യയ്ക്കുമൊപ്പം ഇടം പിടിക്കാനും സൂര്യക്ക് സാധിച്ചു. വനിതകളിലെ വളര്‍ന്നുവരുന്ന താരമായാണ് രേണുക സിങിനെ തിരഞ്ഞെടുത്തത്. ഏകദിനത്തില്‍ 18 ഉം ട്വന്റി 20 യില്‍ 22 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

ഇന്ത്യന്‍ താരം യാസ്തിക ഭാട്ട്യ, ഒാസ്ട്രേലിയയുടെ ഡാര്‍സി ബ്രൗണ്‍, ഇംഗ്ലണ്ടിന്റെ ആലിസ് ക്യാപ്സി എന്നിവരെ പിന്തള്ളിയാണ് 26 വയസുള്ള താരത്തിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം 29 മല്‍സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് താരം ഏറിഞ്ഞിട്ടത്. ഓസ്ട്രേലിയയുടെ തഹ്ലിയ മഗ്രത്ത്  ട്വന്റി 20 യിലെ മികച്ച വനിതതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് തഹ്‌ലിയ. പോയ വര്‍ഷം 306 റണ്‍സും ആറ് വിക്കറ്റുകളുമാണ് താരം നേടിയത്. പുരുഷമാരിലെ ഉയര്‍ന്നുവരുന്ന താരമായി ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

Indian players shine at the ICC Cricket Awards

MORE IN SPORTS
SHOW MORE