‘എല്ലാം നുണ’ എന്ന് സോനം; സാറയുടെ പേര് സൂചിപ്പിച്ച് ശുഭ്മാൻ ഗില്ലിനെ ‘ട്രോളി’ നടി

sara-gill
SHARE

 ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി പ്രണയത്തിലാണെന്ന അഭ്യൂങ്ങൾ തള്ളി പഞ്ചാബി നടിയും മോഡലുമായി സോനം ബജ്‌വ. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചറി നേടിയതിനു പിന്നാലെ ഗില്ലിനെ അഭിനന്ദിച്ച് സോനം പോസ്റ്റിട്ടതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പരന്നത്. മുൻപൊരു ടിവി പരിപാടിയിൽ ഗില്ലിനു കൈകൊടുക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. ശുഭ്മാൻ ഗിൽ തുടർച്ചയായി സെഞ്ചറി അടിക്കുന്നത് സോനത്തോടുള്ള സ്നേഹം കൊണ്ടാണെന്നും ഇരുവരും മികച്ച ജോഡിയാണെന്ന തരത്തിലുമുള്ള കമന്റുകൾ നിറയുകയും ചെയ്തു.

ഇതോടെയാണ് മറുപടിയുമായി സോനം എത്തിയത്. ബോളിവുഡ് നടി സാറ അലി ഖാനുമായി ചേർത്തായിരുന്നു സോനത്തിന്റെ മറുപടിയെന്നതും ശ്രദ്ധേയമായി. ‘‘Ye sara ka sara jhoot hai’’ (അതെല്ലാം നുണയാണ്) എന്നാണ് സോനം ട്വിറ്ററിൽ കുറിച്ചത്. സാറയുടെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും ‘sara’എന്ന പരാമർശം മറ്റ് അഭ്യൂഹങ്ങൾക്ക് വഴിച്ചു. ഗില്ലും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്നു ഇതോടെ സ്ഥിരീകരിക്കാമെന്ന് ഒരുകൂട്ടം ആരാധകരുടെ കമന്റ്.

കഴിഞ്ഞവർഷം സോനം ബജ്‌വയ്‌ക്കൊപ്പം ശുഭ്‌മാൻ ഒരു ടോക്ക് ഷോയിൽ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, പ്രണയ ജീവിതത്തെക്കുറിച്ച് ഗില്ലിനോടു സോനം വളരെ രസകരമായ ചില ചോദ്യങ്ങൾ ചോദിച്ചു. ബോളിവുഡിലെ ഏറ്റവും മികച്ച നടിയെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ സാറ അലി ഖാന്റെ പേരാണ് ഗിൽ പറഞ്ഞത്. ബോളിവുഡ് താരവുമായി ഡേറ്റിങ് നടത്തുമോ എന്നു ചോദിച്ചപ്പോൾ ‘ഒരുപക്ഷേ’ എന്നായിരുന്നു ഗില്ലിന്റെ മറുപടി.

അന്നുമുതൽ ഗില്ലും സാറയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം ഉയർന്നിരുന്നു. ഇപ്പോൾ വീണ്ടും സോനം തന്നെ സാറയുടെ പേര് പരാമർശിച്ചതോടെ ‘അഭ്യൂഹം’ അങ്ങനെ പൂർണമായി തള്ളിക്കളയാനാകില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. നേരത്തെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ചേർത്തും ഗില്ലിന്റെ പേര് ഉയർന്നു വന്നിരുന്നു.

തിരുവനന്തപുരത്ത് നടന്ന ശ്രീലങ്കയ്ക്കെതിരായ അവസാനം ഏകദിനത്തിൽ സെഞ്ചറി നേടിയ ഗിൽ, ന്യൂസീലൻഡിനെതിരെ ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ചറിയുമായാണ് കളം നിറഞ്ഞത്. രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 40 റൺസ് നേടുകയും ചെയ്തു. നടിയും മോഡലുമായ സോനംപ്രീത് ബജ്‌വ എന്ന സോനം ബജ്‌വ, ഫെമിന മിസ് ഇന്ത്യ 2012 മത്സരത്തിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധ നേടിയത്. 2013 ൽ അഭിനയ ലോകത്തേക്ക് പ്രവേശിച്ച സോനം, നിരവധി പഞ്ചാബി സിനിമകളിലും ചില തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

MORE IN SPORTS
SHOW MORE