ആനുകൂല്യങ്ങള്‍ നല്‍കാ‍തെ വഞ്ചിച്ചു; കേരളത്തിൽ നിന്നുള്ള ദേശീയ താരങ്ങള്‍ ദുരിതത്തിൽ

weight-lift
SHARE

ദേശീയ ഭാരോദ്വാഹന മല്‍സരത്തില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് ടി.എ, ഡി.എ. ആനുകൂല്യങ്ങള്‍ നല്‍കാ‍തെ വഞ്ചിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ കുടിശികയാണ്. കടം വാങ്ങി മല്‍സരത്തില്‍ പങ്കെടുക്കാന്‍ പോയ കേരള ടീം അംഗങ്ങള്‍ ദുരിതത്തിലാണ്. നാഗര്‍കോവിലില്‍ നടന്ന ദേശീയ ഭാരോദ്വാഹന മല്‍സരത്തില്‍ പങ്കെടുത്ത താരങ്ങളാണ് ഇവര്‍. 

എഴുപത്തിയാറ് കിലോ വിഭാഗത്തില്‍ ദേശീയതലത്തില്‍ സ്വര്‍ണം നേടിയ അ‍ഞ്ജലി ശ്രീജിത്ത്, അറുപത്തിയേഴ് കിലോ വിഭാഗത്തിലെ സംസ്ഥാന ചാംപ്യന്‍ ജീവന്‍ എ റെജി തുടങ്ങി മുപ്പത് കായിക താരങ്ങള്‍. ഇവര്‍ക്കാര്‍ക്കും നാഗര്‍കോവിലില്‍ നിന്ന് മടങ്ങി എത്തി പത്തു ദിവസം കഴിഞ്ഞിട്ടും ടി.എ, ഡി.എ. ആനുകൂല്യങ്ങള്‍ കിട്ടിയില്ല. ഓരോരുത്തര്‍ക്കും ഓരോ വര്‍ഷം നല്‍കേണ്ടത് മൂവായിരം രൂപയാണ്. അതുപോലും നല്‍കാതെ വഞ്ചിക്കുകയാണ്. വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്‍ ഭാരവാഹികളോട് ചോദിച്ചാല്‍ സ്പോര്‍ട്സ് കൗണ്‍സിലിനെ കുറ്റംപ്പറയും. സ്പോര്‍ട്സ് കൗണ്‍സിലി‍ല്‍ അന്വേഷിച്ചാല്‍ നേരെ തിരിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ കണക്ക് തന്നില്ലെന്ന് പറയും. കായികമന്ത്രി ഈ വിഷയത്തില്‍ ഇടപ്പെട്ട് ടി.എയും ഡി.എയും അനുവദിക്കണമെന്ന് കേരള ടീം അംഗങ്ങളുടെ ആവശ്യം. 

2020ല്‍ കൊല്‍ക്കത്ത, 2021 ഭുവനേശ്വര്‍, പിന്നെ ഈ വര്‍ഷം നാഗര്‍കോവില്‍. ഇവിടങ്ങളില്‍ പോയി ഭാരോദ്വാഹന മല്‍സരത്തില്‍ പങ്കെടുത്ത് കേരളത്തിന്റെ യശസുയര്‍ത്തിയ താരങ്ങളോടാണ് ഈ അനീതി. യാത്രാദുരിതങ്ങള്‍ അനുഭവിച്ചും ഏറെ കഷ്ടപ്പെട്ടും ദേശീയ മല്‍സരത്തില്‍ പങ്കെടുത്ത കേരള താരങ്ങളെ ഇങ്ങനെ അവഗണിക്കരുതേയെന്നാണ് ഇവര്‍ പറയുന്നത്.

MORE IN SPORTS
SHOW MORE