‘ഞങ്ങളുടെ സഞ്ജു എവിടെ’യെന്ന് മലയാളി ആരാധകർ; ‘ഹൃദയ’ത്തിലെന്ന് സൂര്യകുമാർ – വിഡിയോ

sanju-love
SHARE

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവിനോട് തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു സാംസണിനെക്കുറിച്ച് ‘അന്വേഷിച്ച്’ മലയാളി ആരാധകർ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിനു സമീപം ഫീൽഡ് ചെയ്യുമ്പോഴാണ് ഗാലറിയിൽനിന്ന് ആരാധകർ സൂര്യകുമാറിനോട് സഞ്ജു എവിടെ എന്ന് അന്വേഷിച്ചത്. ആരാധകരുടെ ആവേശവും സഞ്ജുവിനോടുള്ള ഇഷ്ടവും തിരിച്ചറിഞ്ഞ് ‘ഹൃദയ’ ചിഹ്നം കാട്ടിയാണ് സൂര്യകുമാർ പ്രതികരിച്ചത്. സൂര്യയുടെ മറുപടി വൻ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴും സഞ്ജുവിനോടുള്ള ഇഷ്ടം സൂര്യ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അന്ന് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധത്തിലായിരുന്ന മലയാളി ആരാധകരെ, സഞ്ജു കൂപ്പുകയ്യുമായി നിൽക്കുന്ന ചിത്രം മൊബൈലിൽ കാണിച്ചാണ് സൂര്യകുമാർ കയ്യിലെടുത്തത്. ഇന്ത്യൻ ടീം വിമാനമിറങ്ങിയതിനു പിന്നാലെ ആരാധകർ സഞ്ജുവിനായി ആർപ്പു വിളിച്ചപ്പോഴാണ് സൂര്യ സഞ്ജുവിന്റെ ചിത്രം മൊബൈലിൽ കാണിച്ചത്.

ഇത്തവണ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും സ‍ഞ്ജു സാംസണിനെ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം, ട്വന്റി20 പരമ്പരയിൽ സഞ്ജുവും ഉൾപ്പെട്ടിരുന്നെങ്കിലും, ഇടയ്ക്ക് പരുക്കേറ്റതോടെ ടീമിനു പുറത്തായി. നിലവിൽ ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പരുക്കിനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് സഞ്ജു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ് ടീമിനു പുറത്തായ സഞ്ജുവിനെ, ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിലും ഉൾപ്പെടുത്തിയിരുന്നില്ല.

ശ്രീലങ്കക്കെതിരായ ട്വന്റി20 ടീമിൽ ഉൾപ്പെട്ടിരുന്ന സഞ്ജുവിന് ആദ്യ മത്സരത്തിൽ ഫീൽഡിങ്ങിനിടെ ഇടിച്ചു വീണാണ് കാൽമുട്ടിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെങ്കിലും ചതവും നീർക്കെട്ടും ഉണ്ടായതോടെ ടീമിൽ നിന്ന് ഒഴിവാക്കി ചികിത്സയും വിശ്രമവും നിർദേശിക്കുകയായിരുന്നു. എൻസിഎയിൽ ഫിസിയോ തെറപ്പിയും വ്യായാമങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാഴ്ചത്തെ വിശ്രമം വേണം. ഫിറ്റ്നസ് വീണ്ടെടുത്ത ശേഷമേ സഞ്ജു നാട്ടിലേക്കു മടങ്ങൂ.

MORE IN SPORTS
SHOW MORE